മെറ്റയിൽ വീണ്ടും പിരിച്ചുവിടൽ; മേയ് 20 മുതൽ എണ്ണായിരത്തോളം പേർക്ക് ജോലി നഷ്ടമാകും!
text_fieldsമെറ്റ
മെൻലോ പാർക്ക്: സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റ ഈ വർഷത്തെ ആദ്യഘട്ട പിരിച്ചുവിടൽ മെയ് 20ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ, ആഗോളതലത്തിലുള്ള തങ്ങളുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം പേരെ (ഏകദേശം 8,000 പേർ) ആദ്യഘട്ടത്തിൽ ഒഴിവാക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം പകുതിയോടെ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടായേക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ പുരോഗതി അനുസരിച്ച് ഇതിന്റെ തോത് മാറാൻ സാധ്യതയുണ്ട്.
സി.ഇ.ഒ മാർക്ക് സക്കർബർഗ് കമ്പനിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും എ.ഐ അധിഷ്ഠിതമാക്കാൻ ലക്ഷ്യമിടുന്നു. ഇതിനായി കോടിക്കണക്കിന് ഡോളറാണ് കമ്പനി നിക്ഷേപിക്കുന്നത്. കമ്പനിയിലെ എഞ്ചിനീയർമാരെ എ.ഐ ഏജന്റുകളെ വികസിപ്പിക്കുന്ന പുതിയ ടീമുകളിലേക്ക് മാറ്റുകയാണ്. 'മെറ്റ സ്മോൾ ബിസിനസ്' എന്ന പുതിയ വിഭാഗത്തിലേക്കും ജീവനക്കാരെ പുനർവിന്യസിക്കുന്നുണ്ട്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ കൂടുതൽ ബാധിക്കുന്നത് സോഫ്റ്റ്‌വെയർ ഡെവലപ്പർമാരെയും എഞ്ചിനീയർമാരെയുമാണ്. കോഡിങ് ജോലികൾ ചെയ്യാൻ കഴിയുംവിധം എ.ഐ വികസിച്ചതാണ് ഇതിന് കാരണം. മെറ്റാവേഴ്സ് വിഭാഗമായ റിയാലിറ്റി ലാബ്സിലും വലിയ തോതിലുള്ള പുനഃക്രമീകരണം നടക്കുന്നുണ്ട്.
മെറ്റയെ കൂടാതെ ആമസോൺ (30,000 പേർ), ഫിൻടെക് കമ്പനിയായ ബ്ലോക്ക് എന്നിവരും ഈ വർഷം വൻതോതിൽ പിരിച്ചുവിടൽ നടത്തിയിട്ടുണ്ട്. എ.ഐ സാങ്കേതികവിദ്യ ജോലികൾ എളുപ്പമാക്കുന്നതോടെ കുറഞ്ഞ ജീവനക്കാരെ മാത്രം ഉപയോഗിച്ച് കമ്പനി മുന്നോട്ട് കൊണ്ടുപോകാനാണ് പ്രമുഖ കമ്പനികളുടെ നീക്കം. കഴിഞ്ഞ വർഷം 60 ബില്യൺ ഡോളർ ലാഭമുണ്ടാക്കിയ മെറ്റ, സാമ്പത്തിക പ്രതിസന്ധി മൂലമല്ല മറിച്ച് പ്രവർത്തനക്ഷമത വർധിപ്പിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാണ്. 2022-23 കാലയളവിൽ 21,000 പേരെ മെറ്റ പിരിച്ചുവിട്ടിരുന്നു. നിലവിൽ 79,000 ജീവനക്കാരാണ് കമ്പനിയിലുള്ളത്.
ലോകത്തെമ്പാടുമുള്ള ടെക് കമ്പനികളിൽ നടക്കുന്ന പിരിച്ചുവിടലുകൾ കൃത്യമായി നിരീക്ഷിക്കുന്ന ഒരു സ്വതന്ത്ര വെബ്സൈറ്റാണ് Layoffs.fyi. ഐ.ടി മേഖലയിലെ തൊഴിൽ വിപണിയുടെ ഗതിവിഗതികൾ മനസ്സിലാക്കാൻ പ്രമുഖ സാമ്പത്തിക വിദഗ്ധരും മാധ്യമങ്ങളും പ്രധാനമായും ആശ്രയിക്കുന്നത് ഈ വെബ്സൈറ്റിനെയാണ്. Layoffs.fyi കണക്കുകൾ പ്രകാരം ഏപ്രിൽ പകുതി വരെ മാത്രം ഏകദേശം 73,212 ഐ.ടി ജീവനക്കാർക്കാണ് ആഗോളതലത്തിൽ ജോലി നഷ്ടമായത്. 2024ൽ ആകെ 1,53,000 പേർക്കായിരുന്നു ജോലി നഷ്ടപ്പെട്ടത്. എന്നാൽ 2026ന്റെ ആദ്യ നാല് മാസങ്ങളിൽ തന്നെ ഈ സംഖ്യ 73,000 കടന്നത് വലിയ പ്രതിസന്ധിയെ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

