ഫേസ്ബുക്കും വാട്‌സ്ആപ്പും ഇനി സുരക്ഷിതം; ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടിടാൻ മെറ്റ
text_fieldsഫേസ്ബുക്ക്, വാട്‌സ്ആപ്പ്, മെസഞ്ചർ എന്നീ പ്ലാറ്റ്‌ഫോമുകളിലെ ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി പുതിയ എ.ഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളുമായി മെറ്റ. മാർച്ച് 11നാണ് കമ്പനി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഓൺലൈൻ തട്ടിപ്പുകാർ പ്രമുഖ വ്യക്തികളെയും ബ്രാൻഡുകളെയും വ്യാജമായി അവതരിപ്പിച്ച് നടത്തുന്ന തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മെറ്റയുടെ പുതിയ നടപടി.
പ്രമുഖരെയും ബ്രാൻഡുകളെയും അനുകരിച്ചുകൊണ്ട് നടത്തുന്ന 'സെലിബ്-ബെയ്റ്റ്' (celeb-bait) തട്ടിപ്പുകൾ തിരിച്ചറിയാൻ പുതിയ എ.ഐ സംവിധാനം സഹായിക്കും. പോസ്റ്റുകളിലെ ടെക്സ്റ്റ്, ചിത്രങ്ങൾ, സന്ദർഭം എന്നിവ വിശകലനം ചെയ്ത് വ്യാജ അക്കൗണ്ടുകളെ കണ്ടെത്താൻ ഈ സംവിധാനത്തിന് കഴിയും. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ മോഷ്ടിക്കുന്നതിനായി വ്യാജ വെബ്സൈറ്റുകളിലേക്ക് നയിക്കുന്ന ലിങ്കുകളെ തത്സമയം കണ്ടെത്താൻ ഈ എ.ഐ ടൂളുകൾക്ക് സാധിക്കും.
സംശയാസ്പദമായ ഫ്രണ്ട് റിക്വസ്റ്റുകൾ വരുമ്പോൾ ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. സുഹൃത്തുക്കളുടെ കുറവ്, പ്രൊഫൈലിൽ കാണിക്കുന്ന ലൊക്കേഷനിലെ പൊരുത്തക്കേടുകൾ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ മുന്നറിയിപ്പുകൾ നൽകുക. വാട്‌സ്ആപ്പ് അക്കൗണ്ടുകൾ തട്ടിയെടുക്കുന്ന രീതിയിലുള്ള തട്ടിപ്പുകൾ തടയാൻ പുതിയ മുന്നറിയിപ്പ് സംവിധാനം വാട്‌സ്ആപ്പിൽ വരുന്നു. വ്യാജമായി ക്യു.ആർ കോഡ് സ്കാൻ ചെയ്യിപ്പിക്കാനോ കോഡ് നൽകാനോ ശ്രമിക്കുന്ന സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് ലഭിക്കും.
സംശയാസ്പദമായ തൊഴിൽ വാഗ്ദാനങ്ങൾ ഉൾപ്പെടെയുള്ള തട്ടിപ്പുകൾ മെസഞ്ചറിൽ തിരിച്ചറിയാൻ എ.ഐ ടൂളുകൾ വിപുലീകരിക്കുന്നു. ഇത്തരം സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യാനോ റിപ്പോർട്ട് ചെയ്യാനോ ഉപയോക്താക്കൾക്ക് സാധിക്കും. മെറ്റയിലെ പരസ്യങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനായി പരസ്യദാതാക്കളെ കൃത്യമായി പരിശോധിക്കുന്ന സംവിധാനം കൂടുതൽ കർശനമാക്കും. 2026 അവസാനത്തോടെ 90 ശതമാനം പരസ്യ വരുമാനവും പരിശോധിക്കപ്പെട്ട പരസ്യദാതാക്കളിൽ നിന്നാക്കുകയാണ് ലക്ഷ്യം.
2025ൽ മാത്രം മെറ്റ 159 ദശലക്ഷത്തിലധികം തട്ടിപ്പ് പരസ്യങ്ങളാണ് നീക്കം ചെയ്തത്. ഇതിൽ 92 ശതമാനവും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പേ മെറ്റയുടെ സംവിധാനങ്ങൾ വഴി കണ്ടെത്തിയവയാണ്. കൂടാതെ, തട്ടിപ്പുകളുമായി ബന്ധമുള്ള 10.9 ദശലക്ഷം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം അക്കൗണ്ടുകൾ പലപ്പോഴും 'സ്‌കാം സെന്ററുകൾ' എന്നറിയപ്പെടുന്ന സംഘടിത ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടവയാണ്. വ്യാജ വിവരങ്ങൾ നൽകിയും, പ്രമുഖ വ്യക്തികളെ ആൾമാറാട്ടം നടത്തിയും ആളുകളെ കബളിപ്പിക്കുകയായിരുന്നു ഇവരുടെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

