Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കം; അധികൃതരെ അറിയിക്കുമെന്ന് മെറ്റ

text_fields
bookmark_border
കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കം; അധികൃതരെ അറിയിക്കുമെന്ന് മെറ്റ
cancel

ന്യൂഡൽഹി: കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ബന്ധപ്പെട്ട നിയമനിർവഹണ ഏജൻസികളെ അറിയിക്കാൻ മെറ്റ സമ്മതിച്ചതായി കേന്ദ്ര സർക്കാർ. സാമൂഹിക മാധ്യമങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പ്ലാറ്റ്ഫോമുകൾക്കെതിരെ നിലപാട് ശക്തമാക്കുന്നതിനിടെയാണ് തീരുമാനം.

ഹാനികരമായ ഉള്ളടക്കവും കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സംബന്ധിച്ച് കേന്ദ്രവും സാമൂഹിക മാധ്യമ കമ്പനികളും തമ്മിൽ നടത്തിയ തുടർച്ചയായ ചർച്ചകൾക്കൊടുവിലാണ് മെറ്റയുടെ തീരുമാനം. ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച അനുവദിക്കാനാകില്ലെന്ന് സർക്കാർ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അധികൃതരെ അറിയിക്കുന്നത് ഈ മേഖലയിലെ നടപടികളുടെ തുടക്കമാണെന്നും കൂടുതൽ നടപടികൾ ആവശ്യമാണെന്നും സർക്കാർ പറഞ്ഞു.

കുട്ടികളുടെ സുരക്ഷക്കായി ആവശ്യമായ മുൻകരുതൽ സ്വീകരിക്കാത്ത പ്ലാറ്റ്ഫോമുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, മെസഞ്ചർ, ത്രെഡ്സ് എന്നിവയുടെ മാതൃകമ്പനിയാണ് മെറ്റ. ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കവും പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടെന്ന ആരോപണത്തെ തുടർന്നാണ് കമ്പനി പരിശോധന നേരിടുന്നത്.

സെപ്റ്റംബർ ഒമ്പതിന് മെറ്റ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥർ ദേശീയ ബാലാവകാശ സംരക്ഷണ കമീഷന് (എൻ.സി.പി.സി.ആർ) മുമ്പാകെ ഹാജരായിരുന്നു. ഇൻസ്റ്റഗ്രാമിലെ ഇത്തരം പരസ്യങ്ങളെക്കുറിച്ചുള്ള ആരോപണത്തിലാണ് കമീഷൻ അന്വേഷണം നടത്തുന്നത്. വിഷയത്തിൽ ബി.ബി.സി ഐ നടത്തിയ അന്വേഷണ റിപ്പോർട്ടും കമീഷൻ പരിഗണിച്ചിരുന്നു.

ജൂലൈയിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം പ്രചരിപ്പിക്കുകയോ അതിലേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ഉടൻ പ്രവർത്തനരഹിതമാക്കാൻ കേന്ദ്രം മെറ്റയോട് നിർദേശിച്ചിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പദങ്ങൾ ഉപയോഗിച്ചുള്ള പണമടച്ച പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടെന്നും ചിലത് ടെലിഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ എത്തിച്ചെന്നും ബി.ബി.സി ഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചില പരസ്യങ്ങൾ പ്ലാറ്റ്ഫോമിന്റെ ഉള്ളടക്ക നിയന്ത്രണ സംവിധാനങ്ങളെ മറികടന്നതായും റിപ്പോർട്ടിൽ പറയുന്നു.

തുടർന്ന് നിരവധി പരസ്യങ്ങൾ നീക്കം ചെയ്യുകയും അവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയും ചെയ്തതായി മെറ്റ അറിയിച്ചു. നയലംഘനങ്ങൾ കണ്ടെത്താൻ മുൻകൂട്ടിയുള്ള പരിശോധനാ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായും കമ്പനി വ്യക്തമാക്കി.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി സംശയിക്കുന്ന ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടാൽ യു.എസിലെ നാഷനൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ (എൻ.സി.എം.ഇ.സി)ന് റിപ്പോർട്ട് ചെയ്യുന്നതായി മെറ്റ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിൽ ഇത്തരം റിപ്പോർട്ടുകൾ എൻ.സി.എം.ഇ.സി വഴി ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലേക്ക് കൈമാറുന്നത് പോക്സോ നിയമവും ബാധകമായ ചട്ടങ്ങളും അനുസരിച്ചാണെന്നും കമ്പനി പറഞ്ഞു.

കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയിൽ കുട്ടികളുടെ ചൂഷണവുമായി ബന്ധപ്പെട്ട നയലംഘനങ്ങളുടെ പേരിൽ 1.60 ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തതായും മെറ്റ അവകാശപ്പെട്ടു.

കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന ഉള്ളടക്കം കണ്ടെത്തുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും പ്ലാറ്റ്ഫോമുകൾ കൂടുതൽ സജീവമായ ഇടപെടൽ നടത്തണമെന്ന നിലപാടാണ് കേന്ദ്രം ഇപ്പോൾ വ്യക്തമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meta Reports Child Exploitation
Next Story