ഇമെയിൽ മുതൽ യാത്രാ ബുക്കിങ് വരെ സ്വയംചെയ്യും; ‘മ്യൂസ്’ എ.ഐ ഏജന്റുമായി മെറ്റ
text_fieldsന്യൂയോർക്ക്: ഉപയോക്താവിനുവേണ്ടി വിവിധ ഡിജിറ്റൽ ജോലികൾ സ്വയം നിർവഹിക്കാൻ കഴിയുന്ന എ.ഐ ഏജന്റ് അവതരിപ്പിച്ച് മെറ്റ. ‘മ്യൂസ്’ എന്ന പേരിലുള്ള സംവിധാനം ഇമെയിൽ അയക്കുക, യാത്ര ബുക്ക് ചെയ്യുക തുടങ്ങിയ ജോലികൾക്കായി ഉപയോക്താവിന്റെ മറ്റ് ആപ്പുകളുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കും. അമേരിക്കയിലാണ് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാക്കുന്നത്.
മെറ്റ മേധാവി മാർക്ക് സക്കർബർഗിന്റെ ‘പേഴ്സണൽ സൂപ്പർഇന്റലിജൻസ്’ പദ്ധതിയുടെ പ്രധാന ഭാഗമായാണ് മ്യൂസ് അവതരിപ്പിച്ചത്. പരസ്യവരുമാനത്തിന് പുറമെ എ.ഐ മേഖലയിലെ വൻ നിക്ഷേപങ്ങളിൽനിന്ന് പുതിയ വരുമാനസാധ്യതകൾ കണ്ടെത്താനുള്ള കമ്പനിയുടെ ശ്രമങ്ങൾക്കിടെയാണ് പുതിയ ഉൽപന്നത്തിന്റെ വരവ്. എ.ഐ ചിപ്പുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ ഈ വർഷം 130 ബില്യൺ ഡോളറിലേറെ ചെലവഴിക്കുമെന്നാണ് മെറ്റയുടെ കണക്ക്.
പ്രത്യേക മ്യൂസ് ആപ്പിലൂടെയും മെറ്റയുടെ വാട്സ്ആപ്പ് വഴിയും സേവനം ഉപയോഗിക്കാം. വൈകാതെ സ്മാർട്ട് ഗ്ലാസുകളിലും മ്യൂസ് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. അടിസ്ഥാന പതിപ്പ് സൗജന്യമാണ്. കൂടുതൽ ഉപയോഗത്തിനായി പ്രതിമാസം 20 ഡോളറും 100 ഡോളറും നിരക്കിലുള്ള സബ്സ്ക്രിപ്ഷൻ പദ്ധതികളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ഇ-മെയിൽ, കലണ്ടർ, പേയ്മെന്റ് സേവനങ്ങൾ, ആരോഗ്യവുമായി ബന്ധപ്പെട്ട ആപ്പുകൾ, ഷോപ്പിങ്, സ്മാർട്ട് ഹോം സംവിധാനങ്ങൾ തുടങ്ങിയവയുമായി മ്യൂസിനെ ബന്ധിപ്പിക്കാം. ഏതൊക്കെ ആപ്പുകളിലേക്കാണ് പ്രവേശനം നൽകേണ്ടതെന്ന് ഉപയോക്താവിന് തീരുമാനിക്കാം. നൽകിയ അനുമതി പിന്നീട് പിൻവലിക്കാനും കഴിയും.
ഓരോ മ്യൂസ് ഏജന്റും പ്രത്യേക വെർച്വൽ മെഷീനിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഉപയോക്താവ് സജീവമായി ആപ്പ് ഉപയോഗിക്കാത്തപ്പോഴും ഏൽപ്പിച്ച ജോലികൾ പശ്ചാത്തലത്തിൽ തുടരാൻ ഏജന്റിന് കഴിയും.
അതേസമയം വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനാൽ നൽകുന്ന എ.ഐ സംവിധാനമെന്ന നിലയിൽ മ്യൂസിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ഉയർന്നിട്ടുണ്ട്. ഏജന്റ് സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും മെറ്റ ഒരുക്കിയിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് മുമ്പ് ഉപയോക്താവിന്റെ അനുമതി തേടാൻ ഈ സംവിധാനം മ്യൂസിനോട് ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

