മെറ്റ ചതിച്ചാശാനേ... ; തൊഴിലിടങ്ങളിൽ ജീവനക്കാരെ നിരീക്ഷിക്കാൻ ‘ടോക്കൺ’ പുറത്തിറക്കി മെറ്റ
text_fieldsഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞപോലെയാണ് ഫേസ്ബുക്ക് ഉടമയായ മെറ്റയിലെ ജീവനക്കാരുടെ അവസ്ഥ. എ.ഐ നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തൊഴിലിടങ്ങളിൽ ജീവനക്കാരെ നിരീക്ഷിക്കാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. കഴിഞ്ഞ മാസമാണ് കമ്പനി ഇങ്ങനെ ഒരു മുന്നറിയിപ്പ് നൽകിയത്. ജീവനക്കാർ കമ്പ്യൂട്ടറിൽ എന്ത് ടൈപ് ചെയ്യുന്നു, എവിടെ ക്ലിക്ക് ചെയ്യുന്നു, എന്ത് കാണുന്നു തുടങ്ങിയ സകല കാര്യങ്ങളും നിരീക്ഷിക്കും. ജീവനക്കാരുടെ എ.ഐ ഉപയോഗം നിരീക്ഷിക്കാനായി ‘ടോക്കൺ’ എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു വാക്കിലെ നാല് അക്ഷരങ്ങൾക്ക് തുല്യമാണ് ഒരു ടോക്കൺ. എ.ഐ ഉപയോഗത്തിന്റെ ഒരു യൂനിറ്റായാണ് ടോക്കൺ കണക്കാക്കപ്പെടുന്നത്. ഒരു ജീവനക്കാരൻ എത്ര ടോക്കൺ ഉപയോഗിക്കുന്നുവെന്നാണ് നിരീക്ഷിക്കുക.
കമ്പനിയുടെ എ.ഐ മോഡലുകൾ പരിശീലിപ്പിക്കുക എന്നതാണ് ജീവനക്കാരെ നിരീക്ഷിക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് മെറ്റ വക്താവ് ട്രേസി ക്ലേട്ടൺ നൽകുന്ന വിശദീകരണം. പിന്നാലെ, ഇരുട്ടടിയായി കോർപറേറ്റ് ലാപ്ടോപ് ഒഴിവാക്കി ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന മെറ്റയുടെ ചീഫ് ടെക്നോളജി ഓഫിസർ ആൻഡ്രൂ ബോസ്വേർതിന്റെ പ്രഖ്യാപനം വന്നു. പക്ഷേ, സ്വകാര്യതയുടെ ലംഘനമായാണ് ഈ നീക്കത്തെ ജീവനക്കാർ കണ്ടത്. പ്രതിഷേധവും പ്രതികരണവുമായി അവർ സമൂഹ മാധ്യമങ്ങളിൽ ആളിക്കത്തി. അങ്ങേയറ്റം അസ്വസ്ഥനാക്കുന്നുവെന്നാണ് മെറ്റയുടെ പ്രഖ്യാപനത്തോട് ഒരു എൻജിനീയറിങ് മാനേജർ പ്രതികരിച്ചത്.
കോടിക്കണക്കിന് ഡോളർ മുടക്കി എ.ഐ സാങ്കേതിക വിദ്യ പൂർണമായും നടപ്പാക്കാനാണ് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി എ.ഐ ടൂളുകൾ ഉപയോഗിക്കാൻ 78,000 ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി. 2022ൽ ഓപൺഎ.െഎ ചാറ്റ്‌ജിപിടി ചാറ്റ്‌ബോട്ട് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് വൻ അഴിച്ചുപണിക്ക് മെറ്റ പദ്ധതിയിട്ടത്. 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം മേയ് 20ന് നടപ്പാക്കുമെന്നാണ് ജീവനക്കാർ പറയുന്നത്. ആരൊക്കെ കമ്പനി വിട്ടുപോകേണ്ടിവരുമെന്ന ആശങ്കയിലും ഉത്കണ്ഠയിലുമാണ് അവർ കഴിയുന്നത്. എന്തായാലും ഒരു ദീർഘകാല കരിയർ കെട്ടിപ്പടുക്കാൻ പറ്റിയ ഇടമല്ല മെറ്റ എന്ന് ബോധ്യമായി. പലരും പുതിയ തൊഴിലവസരങ്ങൾ അന്വേഷിച്ചുതുടങ്ങിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

