കഥ മെനയാൻ ഇനി ഭാവന വേണ്ട എഐ മതി; മാതാപിതാക്കൾക്കായി സ്റ്റോറികിറ്റ് എഐ ആപ്പ് അവതരിപ്പിച്ച് മെറ്റ
text_fieldsകുട്ടികൾ ഉറങ്ങുമ്പോൾ കഥകൾ പറഞ്ഞു കൊടുക്കാൻ ഇനി സ്വന്തമായി ഭാവനയോ ആശയങ്ങളോ വേണമെന്നില്ല. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന പുതിയ ആപ്പുമായി എത്തിയിരിക്കുകയാണ് മെറ്റ.
സ്റ്റോറീകിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് വഴി എഐ ഉപയോഗിച്ച് കുട്ടികൾക്കായി കഥകളും കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും പശ്ചാത്തല സംഗീതവും വരെ നിർമ്മിച്ചെടുക്കാൻ കഴിയും. നിങ്ങൾ ഒരു വാക്ക് പോലും എഴുതേണ്ടതില്ല എന്നാണ് ആപ്പ് സ്റ്റോറിലെ ഇതിന്റെ വിവരണത്തിൽ പറയുന്നത്. ചില രാജ്യങ്ങളിൽ ഈ ആപ്പിന്റെ പരീക്ഷണം നടന്നു വരികയാണെന്ന് മെറ്റ സ്ഥിരീകരിച്ചു.
18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായി ലഭ്യമാകുന്ന ഈ ആപ്പിൽ കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങളുടെയോ ആളുകളുടെയോ ചിത്രങ്ങൾ എടുത്തുകൊണ്ട് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ സാധിക്കും. കഥ നടക്കുന്ന ലോകത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയ ശേഷം കുട്ടികൾക്ക് പഠിക്കേണ്ട മൂല്യങ്ങളും ഉപദേശങ്ങളുടെ രൂപത്തിലല്ലാതെ കഥയിൽ ഉൾപ്പെടുത്താം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന എഐ ഫിൽട്ടറുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സോഷ്യൽ മീഡിയ ഫീച്ചറുകൾ ഇതിൽ ലഭ്യമല്ലെന്നും മെറ്റ വക്താവ് വ്യക്തമാക്കി.
മനുഷ്യന്‍റെ സ്വാഭാവികമായ കഴിവായ ഭാവനയെപ്പോലും ടെക് കമ്പനികൾ യന്ത്രങ്ങൾക്ക് കൈമാറുകയാണെന്ന തരത്തിലുള്ള വിമർശനങ്ങളും ആപ്പിനെതിരെ ഉയരുന്നുണ്ട്. തിരക്കുപിടിച്ച ജീവിതത്തിൽ മാതാപിതാക്കൾക്ക് ഇതൊരു ആശ്വാസമായേക്കാമെങ്കിലും, കേവലം പ്രവചനീയമായ ഉത്തരങ്ങൾ മാത്രം നൽകുന്ന എഐ മോഡലുകൾ ഉപയോഗിച്ച് കുട്ടികൾക്ക് കഥകൾ നിർമ്മിച്ചു നൽകുന്നത് അവരുടെ സർഗ്ഗാത്മകതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഡിജിറ്റൽ ലോകത്തെ പുതിയ മാറ്റങ്ങളിലൊന്നായി ഇതിനെ കാണാമെങ്കിലും മാതാപിതാക്കൾ വഴി കുട്ടികളിലേക്കെത്തുന്ന മുത്തശ്ശിക്കഥകളും സർഗാത്മകതയും കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധവും ഇതുവഴി ഇല്ലാതാവുമെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

