ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ചിത്രങ്ങൾ എ.ഐ മോഡൽ പരിശീലിപ്പിക്കാൻ ഉപയോഗിച്ചെന്ന് ആരോപണം; മെറ്റക്കെതിരെ കേസ്
text_fieldsചിക്കാഗോ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപുയാക്താക്കളുടെ ചിത്രങ്ങൾ മുഖം തിരിച്ചറിയൽ സംവിധാനത്തിനും ജനറേറ്റിവ് എ.ഐ മോഡലുകളുടെ പരിശീലനത്തിനും വേണ്ടി ഉപയോഗിച്ചെന്ന പരാതിയിൽ മെറ്റക്കെതിരെ യു.എസ് കോടതിയിൽ കേസ്. വ്യക്തികളുടെ സമ്മതമില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ചതിനാണ് കേസ്. ഇല്ലിനോയിസിലെയും കാലിഫോർണിയയിലെയും മാതാപിതാക്കളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് കേസ് നൽകിയത്.
മെറ്റയുടെ എ.ഐ സ്മാർട്ട് ഗ്ലാസുകൾക്കായി വികസിപ്പിച്ചുകൊണ്ടിരുന്ന ‘നെയിം ടാഗ്’ എന്ന മുഖം തിരിച്ചറിയൽ സംവിധാനമാണ് പരാതിയിലെ പ്രധാന വിഷയം. ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ചിത്രങ്ങൾ നെയിം ടാഗിനായി ഉപയോഗിച്ചിരിക്കാമെന്നും എമു, മ്യൂസ് ഇമേജ് തുടങ്ങിയ ജനറേറ്റിവ് എ.ഐ മോഡലുകൾ പരിശീലിപ്പിക്കാൻ ചിത്രങ്ങളിലെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചെന്നുമാണ് പരാതി.
66 പേജുള്ള പരാതി കഴിഞ്ഞയാഴ്ച യു.എസിലെ ഇല്ലിനോയിസ് നോർതേൺ ഡിസ്ട്രിക്റ്റ് കോടതിയിലാണ് സമർപ്പിച്ചത്. മെറ്റയുടെ റേ-ബാൻ, ഓക്ലി സ്മാർട്ട് ഗ്ലാസുകളുമായി ബന്ധപ്പെട്ടതാണ് നെയിം ടാഗ്. ഗ്ലാസുകൾ പകർത്തുന്ന മുഖങ്ങളെ ബയോമെട്രിക് സിഗ്നേച്ചറുകളാക്കി മാറ്റി ഉപയോക്താവിന്റെ ഫോണിലെ മറ്റ് ഫേസ് പ്രിന്റുകളുമായി താരതമ്യം ചെയ്യുന്നതിനാണ് ഇത് രൂപകൽപന ചെയ്തതെന്നാണ് നേരത്തെയുള്ള റിപ്പോർട്ടുകൾ.
നെയിം ടാഗ് സംബന്ധിച്ച വിവരങ്ങൾ ജൂണിൽ വയേർഡ് പുറത്തുവിട്ട റിപ്പോർട്ടിലൂടെയാണ് പുറത്തുവന്നത്. മെറ്റ എ.ഐ ആപ്പിലെ സജീവമല്ലാത്ത കോഡിൽ സംവിധാനത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. പൊതുവായി ലഭ്യമായ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയോ അവയുമായുള്ള ബന്ധങ്ങളിലൂടെയോ ആളുകളെ തിരിച്ചറിയാൻ നെയിം ടാഗിന് കഴിയുമെന്ന രണ്ട് മെറ്റ ജീവനക്കാരുടെ അവകാശവാദങ്ങളും പരാതിയിൽ പറയുന്നുണ്ട്.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ചു മെറ്റ കേസ് കമ്പനിയുടെ പ്രവർത്തനങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണെന്ന് വയേർഡിനോട് പറഞ്ഞു. നെയിം ടാഗ് ഇതുവരെ ഉപഭോക്താക്കൾക്കായി പുറത്തിറക്കിയിട്ടില്ലെന്നും സംവിധാനം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2021 സെപ്റ്റംബർ മുതൽ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തവരെയും മെറ്റയുടെ ജനറേറ്റിവ് എ.ഐ സംവിധാനങ്ങളിലേക്ക് ഡാറ്റ നൽകിയവരെയും ഉൾപ്പെടുത്തി കേസ് പരിഗണിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

