മെമ്മറി ചിപ്പ് പ്രതിസന്ധി: പ്രീമിയം ഗാലക്സി ഫോണുകൾക്ക് വില കൂട്ടി സാംസങ്
text_fieldsന്യൂയോർക്ക്: ആഗോള വിപണിയിൽ മെമ്മറി ചിപ്പുകൾക്കുണ്ടായ കടുത്ത ക്ഷാമവും നിർമ്മാണ ചെലവിലെ വർധനയും മുൻനിർത്തി പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ വിവിധ മോഡലുകളുടെ വില വർധിപ്പിച്ചു. വരാനിരിക്കുന്ന ഗാലക്സി S26 സീരീസിന്റെ വില വർധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, നിലവിൽ വിപണിയിലുള്ള ഗാലക്സി Z ഫോൾഡ് 7 ഉൾപ്പെടെയുള്ള മോഡലുകൾക്കും സാംസങ് ഇപ്പോൾ നിശബ്ദമായി വില ഉയർത്തിയിരിക്കുകയാണ്.
അമേരിക്കൻ വിപണിയിൽ ഗാലക്സി Z ഫോൾഡ് 7ന്റെ വിവിധ മോഡലുകൾക്ക് 80 ഡോളർ വരെയാണ് വർധിച്ചത്. ഇന്ത്യയിലും സാംസങ് സ്മാർട്ട്ഫോണുകൾക്ക് സമാനമായ രീതിയിൽ വില വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്; ഈ വർഷം മാത്രം അഞ്ചാം തവണയാണ് ഇന്ത്യയിൽ 'എ' സീരീസ് ഉൾപ്പെടെയുള്ള ഫോണുകളുടെ വില പുതുക്കി നിശ്ചയിക്കുന്നത്. സാധാരണഗതിയിൽ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി മാസങ്ങൾ പിന്നിടുമ്പോൾ വില കുറയുന്ന പതിവ് രീതിക്ക് വിപരീതമായി, എട്ടു മാസങ്ങൾക്ക് ശേഷം വില വർധിപ്പിക്കുന്നത് ടെക് ലോകത്ത് അസാധാരണമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.
ചിപ്പ് ക്ഷാമം മൂലമുള്ള വിലക്കയറ്റം അനിവാര്യമാണെന്ന് സാംസങ് ഇലക്ട്രോണിക്സ് കോ-സി.ഇ.ഒ ടി.എം. രോഹ് നേരത്തെ സൂചിപ്പിച്ചിരുന്നു. ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ചില മോഡലുകൾ പഴയ വിലയിൽ ലഭ്യമാണെങ്കിലും സാംസങ് നേരിട്ട് നടത്തുന്ന വിൽപനയിൽ പുതിയ നിരക്കുകളാണ് നിലവിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

