
ആരാണ് മിറ മുറാട്ടി..? ‘ഓപൺഎ.ഐ-യുടെ ഇടക്കാല സി.ഇ.ഒ ആള് ചില്ലറക്കാരിയല്ല’...!
text_fieldsവാഷിങ്ടൺ: നാടകീയമായി സി.ഇ.ഒ സാം ആൾട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ ഇടക്കാല സി.ഇ.ഒ-യെ പ്രഖ്യാപിച്ചിരിക്കുകയാണ് ചാറ്റ്ജിപിടി സൃഷ്ടാക്കളായ ഓപൺഎ.ഐ. മിറ മുറാട്ടി എന്ന 34 കാരിക്കാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. കമ്പനി ബോർഡിന് വിശ്വാസം നഷ്ടമായതിനെ തുടർന്നാണ് സാം ആൾട്ട്മാനെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ബോർഡ് അംഗങ്ങൾ വിശദീകരിക്കുന്നത്. അതേസമയം, സി.ഇ.ഒയെ പുറത്താക്കിയതിന് പിന്നാലെ സഹസ്ഥാപകനായ ഗ്രേക് ബ്രോക്മാൻ കമ്പനി വിട്ടിരുന്നു.
ആരാണ് മിറ മുറാട്ടി..?
പുതിയ ഇടക്കാല സി.ഇ.ഒ ആയി ചുമതലയേറ്റെടുത്ത മിറ മുറാട്ടിക്ക് തന്നെ ഓപൺഎ.ഐ ബോർഡ്, സി.ഇ.ഒ സ്ഥാനം നൽകാനിടയുണ്ട്. കാരണം, മിറ ആള് ചില്ലറക്കാരിയല്ല.
ഓപ്പൺഎഐയുടെ മുൻ സി.ടി.ഒയാണ് മിറാ മുറാട്ടി. ഓപൺഎ.ഐയുടെ വിപ്ലവകരമായ ഉൽപ്പന്നങ്ങളായ ചാറ്റ്ജിപിടി (ChatGPT) ഡാൽ-ഇ (DALL-E) എന്നിവയുടെ വികസിപ്പിക്കലിന് പിന്നിലെ ബുദ്ധികേന്ദ്രം എന്നാണ് അവരെ വിശേഷിപ്പിക്കുന്നത്. അൽബേനിയയിലാണ് മിറ ജനിച്ചതും വളർന്നതുമൊക്കെ. എന്നാൽ, 16 വയസ്സുള്ളപ്പോൾ പിയേഴ്സൺ കോളേജ് യു.ഡബ്ല്യൂ.സിയിൽ ചേരാനായി അവൾ കാനഡയിലേക്ക് മാറുകയായിരുന്നു.
തുടർന്ന് യുഎസിലെ ഐ.വി ലീഗ് ഡാർട്ട്മൗത്ത് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിക്കാൻ പോയി. ബിരുദ വിദ്യാർത്ഥിയായിരിക്കെ സീനിയർ പ്രോജക്റ്റിനായി മിറ ഒരു ഹൈബ്രിഡ് റേസ് കാർ നിർമ്മിച്ചിരുന്നു.
ഗോൾഡ്‌മാൻ സാക്‌സിലും പിന്നീട് സോഡിയാക് എയ്‌റോസ്‌പേസിലും ഇന്റേൺ ആയാണ് അവർ കരിയർ ആരംഭിച്ചത്. അതിനുശേഷം ടെസ്‌ലയിൽ മൂന്ന് വർഷം മോഡൽ എക്‌സിന് വേണ്ടി ജോലി ചെയ്തു. ടെക് ക്രൻചിന്റെ റിപ്പോർട്ട് പ്രകാരം മിറ 2016-ൽ സെൻസർ-നിർമാണ സ്റ്റാർട്ടപ്പായ ലീപ് മോഷനിൽ പ്രൊഡക്ട് ആൻഡ് എൻജിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റായി ജോയിൻ ചെയ്തു. എന്നാൽ, രണ്ട് വർഷത്തിന് ശേഷം ലീപ് മോഷൻ വിട്ട് അവർ ഓപ്പൺഎ.ഐയിൽ ചേരുകയായിരുന്നു. അപ്ലൈഡ് ആൻഡ് എ.ഐ പാർട്ണർഷിപ്സിന്റെ വി.പി ആയിട്ടായിരുന്നു നിയമനം.
‘ടെസ്‌ലയിലും വി.ആർ കമ്പനിയായ ലീപ് മോഷനിലും ഞാൻ യഥാർത്ഥ ലോകത്ത് എ.ഐ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ജോലികളിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. ഞങ്ങൾ നിർമ്മിച്ച അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ പ്രധാന സാങ്കേതികവിദ്യ എജിഐ (AGI ) ആയിരിക്കുമെന്ന് ഞാൻ വളരെ വേഗം മനസിലാക്കി, അതിന്റെ ഏറ്റവും പ്രധാനപ്പെട്ടയാളാകാൻ ഞാൻ ആഗ്രഹിച്ചു. - മിറ മുറാട്ടി 2023 ജൂലൈയിലെ ഒരു അഭിമുഖത്തിൽ വയർഡിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
2018-ൽ ഓപ്പൺഎഐയിൽ ചേർന്ന് അവർ സൂപ്പർകമ്പ്യൂട്ടിംഗിലായിരുന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. 2022-ൽ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനക്കയറ്റവും ലഭിച്ചു.
‘‘സാങ്കേതിക വൈദഗ്ധ്യമുള്ളവരെ സംഘടിപ്പിക്കാനുള്ള കഴിവ്, വാണിജ്യ മിടുക്ക്, ദൗത്യത്തിന്റെ പ്രാധാന്യത്തോടുള്ള ആഴമായ വിലമതിപ്പ് തുടങ്ങിയ കഴിവ് മിറാ മുറാട്ടിക്കുണ്ട്. തൽഫലമായി, ഞങ്ങൾ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഗംഭീരമായ എ.ഐ സാങ്കേതികവിദ്യകൾ നിർമ്മിക്കാൻ മിറക്ക് കഴിഞ്ഞു’’. - മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അവരെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.