ഇലോൺ മസ്ക് ദയവായി ട്വിറ്റർ വിട്ടുപോകണം -ട്വീറ്റുമായി ഹൾക്
text_fieldsന്യൂയോർക്: ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്കിനെതിരെ ആഞ്ഞടിച്ച് ഹോളിവുഡ് താരം മാർക് റഫലോ. മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ വിശ്വാസ്യത നഷ്ടമായെന്നും അതിനാൽ എത്രയും പെട്ടെന്ന് ട്വിറ്റർ വിട്ടുപോകണമെന്നുമാണ് അവഞ്ചേഴ്സിലെ ഹൾക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാർക് റഫലോ ആവശ്യപ്പെട്ടു.
''മസ്ക്, താങ്കൾ ദയവായി ട്വിറ്റർ വിട്ടുപോകണം. ഇത് ഭംഗിയായി ചെയ്യാൻ അറിയുന്നവരെ ഏൽപിക്കണം. താങ്കൾ ടെസ്‍ലയും സ്‍പേസ് എക്സും നോക്കി നടത്തിക്കോളൂ. നിങ്ങൾ നിങ്ങളുടെ തന്നെ വിശ്വാസ്യതയാണ് തകർത്തിരിക്കുന്നത്. ഇത് നല്ലതല്ല'' -എന്നായിരുന്നു ഹോളിവുഡ് താരത്തിന്റെ ട്വീറ്റ്.
റഫലോയുടെ ട്വീറ്റ് യു.എസ് രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ ഒകാഷ്യോ കോർടെസും റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് മറുപടിയുമായി ഉടൻ തന്നെ മസ്ക് രംഗത്ത് വന്നിട്ടുണ്ട്. ഒകാഷ്യോ പറയുന്നത് എല്ലാം ശരിയല്ല എന്നായിരുന്നു മസ്കിന്റെ ട്വീറ്റ്.
ട്വിറ്ററിന്റെ നിയന്ത്രണം ലഭിച്ചതിന് പിന്നാലെ പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവരെ മസ്ക് പുറത്താക്കി. സി.ഇ.ഒ പരാഗ് അഗ്രവാൾ, ലീഗൽ തലവൻ വിജയ ഗാഡ, ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗൽ എന്നിവർ പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. സി.ഇ.ഒ ഉൾപ്പടെയുള്ളവർ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മസ്ക് ആരോപണം ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

