
അക്കൗണ്ട് ലോക്ക് ചെയ്തു; ഫേസ്ബുക്കിനെതിരെ നിയമയുദ്ധം നടത്തിയ ജേസണ് 41 ലക്ഷം നഷ്ടപരിഹാരം
text_fieldsസോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിനെതിരായ നിയമപോരാട്ടത്തിൽ വിജയിച്ച വ്യക്തിക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 50,000 ഡോളർ (40.94 ലക്ഷം രൂപ). യുഎസിലെ ജോർജിയയിൽ നിന്നുള്ള ജേസൺ ക്രോഫോർഡാണ് ഫേസ്ബുക്കിനെതിരെ കേസ് ഫയൽ ചെയ്തത്. വ്യക്തമായ കാരണങ്ങളില്ലാതെ തന്റെ അക്കൗണ്ടിലേക്കുള്ള പ്രവേശനം ഫേസ്ബുക്ക്, നിഷേധിച്ചെന്ന് കാട്ടിയാണ് പരാതി നൽകിയത്. മാത്രമല്ല, പ്രശ്നം പരിഹരിക്കുന്നതിനായി ജേസണുമായി സഹകരിക്കാനും കമ്പനി വിസമ്മതിച്ചു.
"ഇത് മോശം ബിസിനസ്സ് സമ്പ്രദായമാണെന്ന് ഞാൻ കരുതുന്നു. ആളുകളോട് പെരുമാറാനുള്ള ഒരു മോശം മാർഗമാണിത്. കുറഞ്ഞത് ഞാൻ എന്താണ് തെറ്റ് ചെയ്തതെന്ന് എന്നോട് പറയുക." - ജേസൺ ക്രോഫോർഡ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുമായി (META) ബന്ധപ്പെടാൻ നിരന്തര ശ്രമങ്ങൾ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. അതോടെ കേസ് ഫയൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും ജേസൺ വ്യക്തമാക്കി.
മുമ്പ് രാഷ്ട്രീയ പരാമർശങ്ങളുടെ പേരിൽ ജേസണ് ഫേസ്ബുക്കിൽ നിന്ന് ഒരുതവണ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ, യാതൊരു വിശദീകരണങ്ങളുമില്ലാതെ ഫേസ്ബുക്ക് അക്കൗണ്ട് മുഴുവനായി ലോക്ക് ചെയ്യുകയായിരുന്നു. ‘ഒരു ഞായറാഴ്ച ദിവസം രാവിലെ എഴുന്നേറ്റ് ഫേസ്ബുക്ക് ആപ്പ് തുറക്കാൻ ശ്രമിച്ചപ്പോൾ, എനിക്ക് അതിന് കഴിഞ്ഞില്ല, അക്കൗണ്ട് ലോക്കായതായി മനസിലാക്കി. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിലെ അവരുടെ മാനദണ്ഡങ്ങൾ ഞാൻ ലംഘിച്ചുവെന്ന് പ്രസ്താവിക്കുന്ന ഹ്രസ്വവും നിഗൂഢവുമായ സന്ദേശമാണ് പ്ലാറ്റ്ഫോം എനിക്ക് നൽകിയത്. -ജേസൺ പറഞ്ഞു.
തന്റെ നിരപരാധിത്വം തെളിയിക്കാനായി മറ്റ് മാർഗങ്ങളില്ലാതായതോടെയാണ് നിയമത്തിന്റെ വഴി സ്വീകരിച്ചതെന്നും ജേസൺ വ്യക്തമാക്കി. അഭിഭാഷകൻ കൂടിയായ അദ്ദേഹം 2022 ആഗസ്റ്റിൽ ഫേസ്ബുക്കിനെതിരെ ഒരു പരാതി നൽകി. ഒരിക്കലും സംഭവിക്കാത്ത ലംഘനത്തിന്റെ അടിസ്ഥാനത്തിൽ തനിക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയാണ് കേസ്.
എന്നാൽ, കോടതിയലക്ഷ്യ നടപടിയുണ്ടായെങ്കിലും ഫെയ്‌സ്ബുക്കിന്റെ അഭിഭാഷക സംഘത്തിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. പ്രതികരിക്കാത്തതിന്റെ ഫലമായി ക്രോഫോർഡിന് 50,000 ഡോളർ നൽകാൻ ഒരു ജഡ്ജി മെറ്റയോട് ഉത്തരവിട്ടു. ടെക് ഭീമൻ ഒടുവിൽ അദ്ദേഹത്തെ സമീപിക്കുകയും ചെയ്തു.
തനിക്ക് നീതി ലഭിച്ചെന്നും അക്കൗണ്ട് തിരിച്ചുകിട്ടിയെന്നും കാട്ടി ജേസൺ ക്രോഫോർഡ് പിന്നീട് രംഗത്തുവന്നു. എന്നാൽ, നിയമനടപടി സ്വീകരിക്കാനുള്ള തന്റെ പ്രേരണ പണമായി ലഭിക്കുന്ന നഷ്ടപരിഹാരം കണ്ടല്ലെന്നാണ് അദ്ദേഹം പറയുന്നത്. പകരം സുതാര്യതയില്ലായ്മയ്ക്കും ഉത്തരം നൽകുന്നതിൽ പരാജയപ്പെട്ടതിനും ഫേസ്ബുക്കിനെ ഒരു പാഠം പാഠം പഠിപ്പിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
