ആയിരം കോടി മുടക്കി വർഷങ്ങളുടെ ഗവേഷണം; സാംസങ്ങിനെ ചതിച്ച് ‘ഡിസ്‍പ്ലേ’ ടെക്നോളജി ചൈനയിലേക്ക് ചോർത്തിയ ആൾക്ക് തടവുശിക്ഷ
text_fieldsImage - Engadget
ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങ് സ്മാർട്ട്ഫോൺ നിർമാണ രംഗത്ത് പല നൂതന സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ പോലും സാംസങ് നൽകുന്ന ഡിസ്‍പ്ലേ പാനലാണ് ഐഫോണുകളിൽ ഉപയോഗിക്കുന്നത്. സാംസങ് ഫോണുകളിലെ പല ഫീച്ചറുകളും പിന്നീട് ഐഫോണുകളിലെത്തിയിട്ടുണ്ട്. സാംസങ് ആയിരുന്നു ആദ്യമായി ഫോണുകളിൽ അരിക് വളഞ്ഞ ഡിസ്‍പ്ലേ അവതരിപ്പിച്ചത്.
സാംസങ്ങിന്റെ നോട്ട് സീരീസിലായിരുന്നു ആദ്യത്തെ ‘കർവ്ഡ് എഡ്ജ്’ സ്ക്രീൻ എത്തിയത്. 2014-ൽ പുറത്തുവന്ന ആദ്യ ജനറേഷൻ ‘ഗ്യാലക്സി നോട്ടി’ലെ അരിക് വളഞ്ഞ ഡിസ്‍പ്ലേ തരംഗം സൃഷ്ടിക്കുകയും ഫോൺ വലിയ രീതിയിൽ വിറ്റുപോവുകയും ചെയ്യുകയുണ്ടായി. അതോടെ, തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ കർവ്ഡ് സ്ക്രീൻ സാംസങ് സ്ഥിരമാക്കി. 2015-ൽ ഗ്യാലക്സി എസ് 6 എഡ്ജിലും പിന്നാലെ എസ് 7 എഡ്ജിലുമൊക്കെ അരിക് വളഞ്ഞ സ്ക്രീൻ കൊണ്ടുവന്നു.
ഇപ്പോൾ പല ചൈനീസ് കമ്പനികളും അവരുടെ സ്മാർട്ട്ഫോണുകളിൽ കർവ്ഡ് എഡ്ജ് സ്ക്രീൻ ഉൾപ്പെടുത്തുന്നുണ്ട്. സാംസങ് അവരുടെ എസ് സീരീസ് ഫ്ലാഗ്ഷിപ്പുകളിൽ നൽകിവരുന്ന അത്തരം ഡിസ്‍പ്ലേ ടെക്, 20000 രൂപയുടെ ഫോണുകളിൽ വരെ ഇപ്പോൾ കാണപ്പെടുന്നുണ്ട്. 3D ലാമിനേഷൻ ടെക്നോളജി എന്ന് അറിയപ്പെടുന്ന എഡ്ജ് പാനൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സാംസങ് സ്മാർട്ട്ഫോണുകൾക്ക് വളഞ്ഞ സ്ക്രീൻ അരികുകൾ നിർമ്മിക്കുന്നത്. സാംസങ്ങിന് മാത്രം വശമായിരുന്ന ‘എഡ്ജ് പാനൽ ടെക്നോളജി’ പക്ഷെ ചൈനയിലെത്തിയത്, നേരായ മാർഗത്തിലൂടെ ആയിരുന്നില്ല.
2018-ൽ സാംസങ് ഡിസ്പ്ലേയുടെ എഡ്ജ് പാനൽ സാങ്കേതികവിദ്യ ചൈനീസ് കമ്പനികൾക്ക് ചോർത്തി നൽകിയതിന് ടോപ്ടെക്.കോ എന്ന ടെക്‌നോളജി സ്ഥാപനത്തിന്റെ മുൻ സി.ഇ.ഒക്ക് ദക്ഷിണ കൊറിയയിൽ മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചിരിക്കുകയാണ്. പ്രതിയായ ഇയാളും ടോപ്‌ടെക്കിന്റെ മറ്റ് ചില ഉദ്യോഗസ്ഥരും സാംസങ്ങിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഉപകരണങ്ങൾ നിർമ്മിച്ചതായാണ് ആരോപണം. തുടർന്ന് അവർ സാങ്കേതികവിദ്യയുടെ രേഖകളുടെ ഒരു ഭാഗം രണ്ട് ചൈനീസ് കമ്പനികൾക്ക് വിറ്റു.
എഡ്ജ് പാനൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് സാംസങ്ങിന് ഏകദേശം 117.7 ദശലക്ഷം ഡോളർ നിക്ഷേപവും 38 എഞ്ചിനീയർമാരുടെ ആറ് വർഷത്തെ ഗവേഷണവും വേണ്ടിവന്നതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സാംസങ് നൽകിയ സാങ്കേതിക ഡ്രോയിംഗുകളെ അടിസ്ഥാനമാക്കി 24 യൂണിറ്റ് 3D ലാമിനേഷൻ പ്രൊഡക്ഷൻ ഉപകരണങ്ങൾ നിർമ്മിക്കുകയും അവയിൽ 16 എണ്ണം ചൈനീസ് കമ്പനികളിലേക്ക് കയറ്റുമതി ചെയ്യുകയും ബാക്കിയുള്ളവ വിൽക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

