ചാറ്റ് ജി.പി.ടി സഹായിച്ചു; രണ്ടുലക്ഷത്തോളം രൂപ യാത്രാ റീഫണ്ട് ലഭിച്ചെന്ന അവകാശവാദവുമായി യുവാവ്
text_fieldsതിരിച്ചു കിട്ടാൻ സാധ്യതയില്ലാത്ത യാത്രാ റീഫണ്ട് ചാറ്റ് ജി.പി.ടി യുടെ സഹായത്തോടെ വാങ്ങിയെടുത്തെന്ന അവകാശവാദവുമായി യുവാവ്. സമൂഹ മാധ്യമമായ റെഡ്ഡിറ്റിലാണ് ഉപയോക്താവ് തന്റെ അനുഭവം പങ്കുവെച്ചത്. രണ്ടുലക്ഷത്തോളം രൂപ റീഫണ്ട് ലഭിച്ചെന്ന അവകാശവാദം ഇന്റർനെറ്റിൽ വൈറലാവുകയാണ്.
എക്സ്പെഡിയ വഴി കൊളംബിയയിലെ മെഡെലിനിലേക്ക് ഫ്ലൈറ്റ് പാക്കേജും ഹോട്ടൽ പാക്കേജും ബുക്ക് ചെയ്തതും എന്നാൽ ജെനറലൈസ്ഡ് ആങ്സൈറ്റി ഡിസോർഡർ എന്ന ആരോഗ്യസ്ഥിതി കാരണം അവസാന നിമിഷം അത് റദ്ദാക്കേണ്ടി വന്നതും പിന്നീട് യാത്രാ റീഫണ്ട് ലഭിച്ചത് എങ്ങനെയെന്നുമാണ് യുവാവ് പോസ്റ്റിൽ വിശദീകരിച്ചത്. 'വിമാനക്കമ്പനിയോ ഹോട്ടലോ റദ്ദാക്കലുകളോ റീഫണ്ടോ അനുവദിച്ചിരുന്നില്ല. ഞാൻ യാത്രാ ഇൻഷുറൻസും എടുത്തിരുന്നില്ല.' യുവാവ് പറയുന്നു.
വിമാന ടിക്കറ്റിനും ഹോട്ടൽ ബുക്കിങ്ങിനുമായി ചെലവഴിച്ച ലക്ഷക്കണക്കിനു രൂപയാണ് നഷ്ടപ്പെടാൻ പോകുന്നത്. അതിനാൽ ചാറ്റ് ജി.പി.ടി യുടെ സഹായം തേടി. പ്രശ്നവും സാഹചര്യത്തിനു കാരണമായ ആരോഗ്യാവസ്ഥയും വിശദീകരിച്ച് ഡോക്ടറുടെ കുറിപ്പും ജി.പി.ടിയെ കാണിച്ചു. പിന്നീട് ജി.പി.ടി യുടെ സഹായത്തോടെ തന്റെ അവസ്ഥ ബോധ്യപ്പെടുത്തുന്ന കത്ത് എക്സ്പെഡിയക്കും ഹോട്ടലിനും അയച്ചു. തുടക്കത്തിൽ എക്സ്പെഡിയ തങ്ങളുടെ ശക്തമായ റീഫണ്ട് നിയമത്തിൽ ഉറച്ചു നിന്നു. ഹോട്ടലും ആനുകൂല്യങ്ങളൊന്നും അനുവദിച്ചു തന്നില്ല. എന്നാൽ ചാറ്റ് ജി.പി.ടി സൃഷ്ടിച്ച കത്ത് കാര്യങ്ങൾ മാറ്റിമറിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു. തന്റെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ഹോട്ടൽ റീഫണ്ട് തരാൻ തയ്യാറായെങ്കിലും വിമാനക്കമ്പനിയുടെ നിയമങ്ങൾ ശക്തമായതിനാൽ ഒരു കത്തു കൂടി തയ്യാറാക്കേണ്ടി വന്നെന്നും യുവാവ് പറഞ്ഞു.
പോസ്റ്റിനു താഴെ പലവിധ പ്രതികരണങ്ങളാണ് വരുന്നത്. ഭാവിയിൽ നിങ്ങളുടെ സ്വകാര്യ അഭിഭാഷകനായി നിർമിതബുദ്ധിയെ വെച്ചോളൂ എന്നായിരുന്നു ഒരു കമന്റ്. എന്നാൽ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ വിശ്വാസയോഗ്യമാകണമെങ്കിൽ റീഫണ്ട് രേഖകൾ കാണിക്കണമെന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

