അടുത്ത പണി ഗൂഗ്ൾ മാപ്പിന്; സ്വദേശി ആപ് ‘മാപ്പിൾസ്’ വമ്പൻ ഹിറ്റ്
text_fieldsനിലവിൽ ഇന്ത്യയിൽ സ്വദേശി ആപ്പുകളുടെ കാലമാണെന്ന് പറയാം. അറാട്ടൈക്കും സോഹോക്കും ശേഷം ഇപ്പോൾ തരംഗമായിരിക്കുന്നത് പുതിയ സ്വദേശി ആപ്പായ മാപ്പിൾസ് ആണ്. നമ്മളിൽ പലരും എവിടെ പോകാനും ആശ്രയിക്കുന്നത് ഗൂഗ്ൾ മാപ്പിനെയാണ്. ഗൂഗ്ൾ മാപ്പ് ഉണ്ടെങ്കിൽ എവിടെ കുടുങ്ങിയാലും പ്രശ്നമില്ല എന്ന ചിന്ത നമ്മളിൽ പലർക്കും ഉണ്ട്. ആ ധൈര്യത്തിലാണ് നമ്മൾ യാത്രക്കായി ഇറങ്ങിതിരിക്കുന്നത് പോലും. എന്നാൽ ഗൂഗ്ൾ മാപ്പും സൈഡാകുമോ എന്നാണ് ഇപ്പോൾ ഉപയോക്താക്കൾ നോക്കുന്നത്. കാരണം ഗൂഗ്ൾ മാപ്പിന് നല്ല മുട്ടൻ പണിയുമായാണ് മാപ്പിൾസിന്‍റെ വരവ്. സ്വദേശി നാവിഗേഷൻ ആപ്പായ മാപ്പിൾസ് നല്ല കട്ടക്ക് നിക്കുന്ന എതിരാളിയാണെന്നാണ് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ മനസ്സിലാകുന്നത്. മാപ് മൈ ഇന്ത്യയാണ് ഈ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്പ് നിർമിച്ചിരിക്കുന്നത്. ആപ്പ് കൂടുതല്‍ സുരക്ഷിതവും പ്രദേശവത്കരിച്ചതുമാണ്. നിലവിൽ ബംഗളൂരുവിലാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ട്രാഫിക് സിഗ്നലുകളും അവയുടെ കൗണ്ട്ഡൗണുകളും ഉള്‍പ്പടെ അറിയാന്‍ സാധിക്കുന്നു എന്നത് മാപ്പിൾസിനെ മറ്റ് നാവിഗേഷൻ ആപ്പുകളിൽ നിന്ന് വേറിട്ടതാക്കുന്നു.
ജംഗ്ഷനുകൾ, ഫ്ലൈഓവറുകൾ, അണ്ടർപാസുകൾ, ഓവർപാസുകൾ എന്നിവയുടെ ത്രീഡി ദൃശ്യവൽക്കരണം മാപ്പ്ൾസ് വാഗ്ദാനം ചെയ്യുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ഇന്ത്യയിലുടനീളമുള്ള ട്രെയിനുകളിലും നാവിഗേഷന്‍ എളുപ്പമാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയുമായി ഒരു ധാരണാപത്രം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്തായാലും ഉപയോഗിച്ച് നോക്കേണ്ട ആപ്പാണ് ഇതെന്ന് കുറിച്ചുകൊണ്ടുള്ള വിഡിയോ തന്‍റെ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആപ്പ് സ്റ്റോര്‍, പ്ലേ സ്റ്റോര്‍ എന്നിവയില്‍ മാപ്പിൾസ് ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

