രാജ്യാന്തര ടെക് പ്രദർശനത്തിന് കോഴിക്കോടൊരുങ്ങുന്നു
text_fieldsകോഴിക്കോട്: ഐ.ടി മേഖലയിൽ മലബാറിന്റെ വിശാലമായ സാധ്യതകൾക്ക് വഴിതെളിച്ച് കേരള ടെക്നോളജി എക്സ്പോ (കെ.ടി.എക്സ് 2024) കോഴിക്കോട്ട്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ ടെക്നോളജി പ്രദർശനങ്ങൾ ഉൾപ്പെടുന്ന എക്സ്പോ സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ടുവരെയാണ് അരങ്ങേറുക.
രാജ്യത്തെ മുൻനിര ഐ.ടി കേന്ദ്രമായി കോഴിക്കോടിനെ ഉയർത്തിക്കൊണ്ടുവരികയും ആഗോള ബിസിനസ് ഭൂപടത്തിൽ തന്ത്രപരമായ സ്ഥാനം ഉറപ്പിക്കുകയുമാണ് കെ.ടി.എക്സ് എക്സ്പോയുടെ ലക്ഷ്യം.
പ്രമുഖ വ്യവസായ, അക്കാദമിക്, ഗവൺമെന്റ് സ്ഥാപനങ്ങൾ ഒന്നിച്ച് രൂപവത്കരിച്ച കാലിക്കറ്റ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവ് (CITI) സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ടെക്നോളജി എക്സ്പോ സംഘടിപ്പിക്കുന്നത്.
മലബാർ ചേംബർ ഓഫ് കോമേഴ്സ്, കാലിക്കറ്റ് ഫോറം ഫോർ ഐ.ടി, ഐ.ഐ.എം കോഴിക്കോട്, എൻ.ഐ.ടി കാലിക്കറ്റ്, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ്), കേരള, കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ, യു.എൽ സൈബർ പാർക്ക്, ഗവ. സൈബർ പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് CITI 2.0.
എ.ഐ, വി.ആർ സാങ്കേതിക വിദ്യകളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ച ടെക് കമ്പനികളെ പ്രതിനിധീകരിക്കുന്ന 200ൽ അധികം സ്റ്റാളുകൾ, ആഗോള കമ്പനികളിലെ മുൻനിര ടെക് വ്യവസായ പ്രമുഖർ ഉൾപ്പെടെ നൂറിലധികം ഇൻഫ്ലുവൻസർമാരുടെ സെഷനുകൾ, ടെക് വർക് ഷോപ്പുകൾ തുടങ്ങിയവ എക്സ്പോയുടെ ഭാഗമാവും. മിഡിൽ ഈസ്റ്റിൽനിന്നടക്കമുള്ള ആറായിരത്തിലധികം ഡെലിഗേറ്റുകളും പ്രഫഷനലുകളും എക്സ്പോയിൽ പങ്കെടുക്കും.
വ്യവസായ പ്രഫഷനലുകൾ, ഇൻഫ്ലുവൻസേഴ്സ്, വിദ്യാർഥികൾ, ഇന്നവേറ്റിവ് തിങ്കേഴ്സ്, സ്റ്റാർട്ടപ്പുകൾ, ടെക് എന്റർപ്രണേഴ്സ്, ഗവേഷകർ, അക്കാദമിക സ്ഥാപനങ്ങൾ തുടങ്ങി സാങ്കേതിക മേഖലയുടെ ഭാഗമാകുന്നവർക്ക് വലിയ അവസരമാണ് കെ.ടി.എക്സ് എക്സ്പോ തുറന്നിടുന്നത്.
മിഡിൽ ഈസ്റ്റിലുള്ളവർക്ക് സുവർണാവസരം
മിഡിൽ ഈസ്റ്റിലെ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സുവർണാവസരമാണ് കെ.ടി.എക്സ് എക്സ്പോ ഒരുക്കുന്നത്. ടെക്നോളജി മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രദർശനത്തിനും വർക് ഷോപ്പുകൾക്കും ഇവിടെ പ്രത്യേക അവസരമുണ്ടാകും. മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് നടത്തുന്ന ടെക് പ്രവത്തനങ്ങൾക്ക് കേരളത്തിൽ ചുവടുറപ്പിക്കാനുള്ള അവസരംകൂടിയാണ് ഇവിടെ ഒരുങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

