ഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വ്യാജ സന്ദേശവും ലിങ്കും തിരിച്ചറിയാൻ ചാറ്റ് ബോട്ടുമായി കേരള പൊലീസ്
text_fieldsവാട്സാപ്പിൽ ലഭിക്കുന്ന ലിങ്കുകളെല്ലാം തുറന്ന് പണി വാങ്ങി ഇനി ആപ്പിലാകണ്ട. വ്യാജന്മാരിൽനിന്നുള്ള മെസേജുകളും തട്ടിപ്പ് ലിങ്കുകളും ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ പുത്തൻ സുരക്ഷാ സംവിധാനവുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. ‘സൈബർ വാൾ ' എന്ന ചാറ്റ് ബോട്ട് സംവിധാനമാണ് തട്ടിപ്പുകൾക്കെതിരേ പൊലീസ് ഒരുക്കിയിരിക്കുന്നത്. കേരള പൊലിസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ വഴിയാണ് സംവിധാനം പ്രവർത്തിക്കുക.
സംശയാസ്പദമായ രീതിയിൽ ലഭിക്കുന്ന സന്ദേശങ്ങൾ എവിടെനിന്ന് ലഭിക്കുന്നു, അവ വ്യാജമാണോ എന്നുള്ളതെല്ലാം ഈ ചാറ്റ് ബോട്ടിനോട് ചോദിച്ച് വിശ്വാസ്യത കൈവരിക്കാമെന്നതാണ് ഇതിന്റെ സവിശേഷത. സൈബർ തട്ടിപ്പുകളിൽ അകപ്പെടുന്നതിനു മുന്നേ ചതി തിരിച്ചറിഞ്ഞ് കേസുകൾ കുറയ്ക്കുക എന്നതാണ് സംവിധാനത്തിന്റെ ലക്ഷ്യം.
സംശയകരമായ ഫോൺ നമ്പറുകൾ, ഇ-മെയിൽ വിലാസങ്ങൾ, വ്യാജ വെബ്‌സൈറ്റ് ലിങ്കുകൾ, അന്യരിൽനിന്ന് ലഭിക്കുന്ന ബാങ്ക് വിവരങ്ങൾ, എസ്.എം.എസ് തുടങ്ങിയവ ഏത് സ്വഭാവത്തിലുള്ളവയാണെന്ന് പരിശോധിക്കാൻ ചാറ്റ് ബോട്ട് വഴി സാധിക്കും. സംശയകരമായ ഐ.പി അഡ്രസുകളെക്കുറിച്ചും ഫോണിലെത്തുന്ന സുരക്ഷിതമല്ലാത്തതോ വ്യാജമായതോ ആയ മൊബൈൽ ആപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങളും ഇതിൽ ഉപഭോക്താവിന് ലഭിക്കുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.
എങ്ങനെ ഉപയോഗപ്പെടുത്താം?
9497964163 എന്ന കേരള പൊലിസിന്റെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറിലാണ് ചാറ്റ് ബോട്ട് സംവിധാനം ഉള്ളത്. അജ്ഞാതരിൽനിന്ന് സംശയകരമായ രീതിയിൽ സന്ദേശങ്ങൾ ലഭിച്ചാൽ ഈ വാട്സ്ആപ് നമ്പറിലേക്ക് വിവരങ്ങൾ കൈമാറാം. തുടർന്ന്, ഹിതകരമായ വല്ലതും സന്ദേശങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ തിരിച്ച് സന്ദേശമയച്ച് ചാറ്റ് ബോട്ട് ഉപഭോക്താവിന് മുന്നറിയിപ്പ് നൽകും. അതിനാൽതന്നെ തട്ടിപ്പിൽ അകപ്പെടുന്നതിന് മുമ്പ് തന്നെ നമുക്ക് ലഭിച്ച സന്ദേശങ്ങൾ എത്തരത്തിലുള്ളതാണെന്ന് തിരിച്ചറിയാൻ എളുപ്പാമാണ്. വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്ക് കുറയ്ക്കാനും പൊതുജനങ്ങൾക്ക് സ്വയം ജാഗരൂകരാകാനും ‘സൈബർ വാൾ’ സഹായകരമാകുമെന്ന് പൊലീസിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

