ജീവനക്കാർ വെറും രണ്ട്, വരുമാനം 15,000 കോടി! എ.ഐ കരുത്തിൽ വിസ്മയം തീർത്ത് രണ്ട് സഹോദരങ്ങൾ
text_fieldsലോസ് ആഞ്ചലസ്: വെറും രണ്ട് പേർ ചേർന്ന് കോടികൾ ലാഭമുണ്ടാക്കുന്ന ഒരു കമ്പനി നടത്തുക എന്നത് പണ്ട് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. എന്നാൽ, ഇവിടെ ഒരു കമ്പനി പ്രതിവർഷം 1.8 ബില്യൺ ഡോളർ (16,805.25 കോടി രൂപ) വരുമാനത്തിലേക്ക് കുതിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഒരു സാധാരണക്കാരനെ അതിസമ്പന്നനാക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് 41കാരനായ മാത്യു ഗല്ലഘറും അദ്ദേഹത്തിന്റെ കമ്പനിയായ 'മെഡ്‌വി'യും .
രണ്ട് മാസം സമയവും 20,000 ഡോളറും പത്തിലധികം എ.ഐ ടൂളുകളും ഉപയോഗിച്ചാണ് മാത്യു തന്റെ സ്റ്റാർട്ടപ്പ് ആരംഭിച്ചത്. വെയിറ്റ് ലോസ് മരുന്നുകൾ ഓൺലൈനായി ലഭ്യമാക്കുന്ന ടെലിഹെൽത്ത് സേവനമാണ് മെഡ്‌വി നൽകുന്നത്. വെബ്സൈറ്റ് നിർമാണം, കോഡിങ്, പരസ്യങ്ങൾക്കായുള്ള വിഡിയോകൾ, കസ്റ്റമർ സർവിസ് തുടങ്ങി എല്ലാ കാര്യങ്ങളും എ.ഐ ഉപയോഗിച്ചാണ് മാത്യു നിർവഹിച്ചത്. ആദ്യ മാസം 300 ഉപഭോക്താക്കൾ മാത്രമുണ്ടായിരുന്ന കമ്പനി, രണ്ടാം മാസം 1000 കടന്നു. 2025ൽ മാത്രം 401 ദശലക്ഷം ഡോളറിന്റെ വിറ്റുവരവാണ് കമ്പനി നടത്തിയത്.
തിരക്ക് വർധിച്ചതോടെ മാത്യു തന്റെ ഏക ജീവനക്കാരനായി സഹോദരൻ എലിയറ്റിനെ നിയമിച്ചു. ഇരുവരും ചേർന്നാണ് ഇപ്പോൾ ആയിരക്കണക്കിന് കോടികൾ വിറ്റുവരവുള്ള ഈ സ്ഥാപനം നിയന്ത്രിക്കുന്നത്. ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ പണ്ട് പ്രവചിച്ച ഒരാൾ മാത്രമുള്ള ശതകോടി ഡോളർ കമ്പനി എന്ന സ്വപ്നത്തോടാണ് മെഡ്‌വിയുടെ വളർച്ചയെ ലോകം ഉപമിക്കുന്നത്. സാം ആൾട്ട്മാൻ തന്നെ മാത്യുവിനെ നേരിട്ട് കാണാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
സാധാരണ കമ്പനികൾക്ക് ആയിരക്കണക്കിന് ജീവനക്കാർ വേണ്ടിവരുന്ന ജോലി മെഡ്‌വിയിൽ എ.ഐ ബോട്ടുകളാണ് ചെയ്യുന്നത്. കസ്റ്റമർ കെയർ വിഭാഗത്തിൽ പോലും എ.ഐ ക്ലോണുകൾ ഉപയോഗിക്കുന്നു. ഇതൊരു എ.ഐ കമ്പനിയല്ല, പക്ഷേ, എ.ഐ ഉപയോഗിച്ചാണ് ഞാൻ ഇത് നിർമിച്ചത്, -മാത്യു പറയുന്നു. നിലവിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായുള്ള ആരോഗ്യ പരിരക്ഷാ ഉൽപന്നങ്ങളിലേക്കും മെഡ്‌വി പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ബാല്യത്തിൽനിന്ന് എ.ഐയുടെ സഹായത്തോടെ മാത്യു കെട്ടിപ്പടുത്ത ഈ സാമ്രാജ്യം ആധുനിക ടെക് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

