വെറും മൂന്ന് വർഷം, മനുഷ്യരാശിയുടെ നിയന്ത്രണം സൂപ്പർ എ.ഐ ഏറ്റെടുക്കും!?; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗൂഗ്ൾ തലവൻ
text_fieldsലണ്ടൻ: മനുഷ്യന്റെ മസ്തിഷ്കത്തിന് തുല്യമായോ അതിലധികമായോ ചിന്താശേഷിയുള്ള ‘ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ്’ (എ.ജി.ഐ) സാങ്കേതികവിദ്യ ഏതാനും വർഷങ്ങൾക്കുള്ളിൽ യാഥാർഥ്യമാകുമെന്ന് ഗൂഗ്ൾ ഡീപ്മൈൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡെമിസ് ഹസാബിസ് മുന്നറിയിപ്പ് നൽകി.
മനുഷ്യചരിത്രത്തിലെ ഏറ്റവും നിർണായകമായ സന്ധിയിലാണ് നമ്മൾ ഇപ്പോൾ ഉള്ളതെന്നും, എ.ജി.ഐ മനുഷ്യരാശിയുടെ നന്മക്കായി ഉപയോഗപ്പെടുന്നു എന്ന് ഉറപ്പാക്കാൻ അടിയന്തര സുരക്ഷാ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം തന്റെ വ്യക്തിഗത ബ്ലോഗിൽ വ്യക്തമാക്കി.
കഴിഞ്ഞ ജൂണിൽ എ.ജി.ഐ യാഥാർഥ്യമാകാൻ മൂന്ന്, നാല് വർഷം മാത്രമേ എടുക്കൂ എന്ന് ഹസാബിസ് പ്രവചിച്ചിരുന്നു.
സാങ്കേതികവിദ്യയുടെ വളർച്ചക്കൊപ്പം ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികൾ നേരിടാൻ നിലവിൽ കൃത്യമായ സംവിധാനങ്ങളില്ലെന്ന് ഹസാബിസ് ചൂണ്ടിക്കാട്ടി. രാജ്യങ്ങളും കോർപ്പറേറ്റുകളും തമ്മിലുള്ള കടുത്ത എ.ഐ മത്സരത്തിലാണ് എല്ലാവരുടെയും ശ്രദ്ധ.
നിലവിലെ അത്യാധുനിക എ.ഐ മോഡലുകൾ സൈബർ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കൂടുതൽ വികാസം പ്രാപിക്കുന്നതോടെ ആണവ, ജൈവ ഭീഷണികൾ ഉൾപ്പെടെയുള്ളവ ഉയർന്നുവന്നേക്കാം.
മനുഷ്യന്റെ ഇടപെടലുകളില്ലാതെ എ.ഐ സ്വയം നവീകരിക്കാനും കൂടുതൽ ശക്തമായ പുതിയ പതിപ്പുകൾ വികസിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളുടെ മേൽ നിയന്ത്രണം നിലനിർത്താൻ കർശനമായ പ്രതിരോധ കവചങ്ങൾ ആവശ്യമാണ്.
മറ്റൊരു പ്രമുഖ എ.ഐ കമ്പനിയായ ആന്ത്രോപികും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തങ്ങൾ വികസിപ്പിക്കുന്ന മോഡലുകളുടെ ആന്തരിക പ്രവർത്തനം എങ്ങനെയാണെന്ന് തങ്ങൾക്ക് തന്നെ പൂർണമായി വ്യക്തമല്ലെന്നാണ് ആന്ത്രാപിക് മേധാവി ഡാരിയോ അമോദെ വെളിപ്പെടുത്തിയത്.
എ.ഐ വികസനത്തെ നിരീക്ഷിക്കാൻ യു.എസിന്റെ നേതൃത്വത്തിൽ അടിയന്തരമായി അന്താരാഷ്ട്ര തലത്തിൽ ഒരു റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കണമെന്നാണ് ഹസാബിസ് നിർദ്ദേശിക്കുന്നത്. അമേരിക്കൻ വാൾസ്ട്രീറ്റ് ബ്രോക്കറേജ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന ഫിനാൻഷ്യൽ ഇൻഡസ്ട്രി റെഗുലേറ്ററി അതോറിറ്റി മാതൃകയിലായിരിക്കണം ഇത് പ്രവർത്തിക്കേണ്ടത്.
എ.ഐ രംഗത്തെ മികച്ച സാങ്കേതിക വിദഗ്ധർ അടങ്ങുന്നതായിരിക്കും സമിതി. ഇതിനാവശ്യമായ ഫണ്ട് എ.ഐ വ്യവസായ മേഖലയിൽ നിന്ന് തന്നെ കണ്ടെത്തണം.പുതിയ എ.ഐ മോഡലുകൾ വിപണിയിൽ ഇറക്കുന്നതിന് മുമ്പ് അവ പാസാകേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ സമിതി നിശ്ചയിക്കും. എ.ഐ വികസിപ്പിക്കുന്ന കമ്പനികൾ പുതിയ മോഡലുകൾ പുറത്തിറക്കുന്നതിന് 30 ദിവസങ്ങൾക്ക് മുമ്പ് സ്വമേധയാ പരിശോധനക്ക് വിധേയമാക്കണം. ഇത് പിന്നീട് നിർബന്ധിത നിയമമാക്കണം.
കൂടുതൽ സാങ്കേതിക-സാമ്പത്തിക ശേഷിയുള്ള അമേരിക്കക്ക് ഇത്തരം ഒരു കൂട്ടായ്മക്ക് തുടക്കം കുറിക്കാൻ സാധിക്കുമെന്നും ഇത് പിന്നീട് അന്താരാഷ്ട്ര തലത്തിലുള്ള സുരക്ഷാ മാനദണ്ഡമായി മാറ്റാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എ.ജി.ഐയുടെ വരവിനെ മുൻകാല സാങ്കേതിക കണ്ടുപിടിത്തങ്ങളായ ഇന്റർനെറ്റുമായോ മൊബൈലുമായോ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും, അത് തീയുടെയും വൈദ്യുതിയുടെയും കണ്ടുപിടിത്തത്തിന് സമാനമാണെന്നും ഹസാബിസ് പറഞ്ഞു.
‘സെമികണ്ടക്ടർ കമ്പ്യൂട്ടർ ചിപ്പുകൾ നിർമിക്കുന്നത് മണലിൽനിന്ന് വേർതിരിച്ചെടുക്കുന്ന സിലിക്കൺ ഉപയോഗിച്ചാണ്. ശാസ്ത്രീയമായി ചിന്തിച്ചാൽ, മണലിനെക്കൊണ്ട് ചിന്തിപ്പിക്കാനുള്ള വഴി നമ്മൾ കണ്ടെത്തിയിരിക്കുകയാണ്. ഇത് അതിശയകരമാണ്’- ഹസാബിസ് എഴുതി.
വ്യാവസായിക വിപ്ലവത്തേക്കാൾ പത്തിരട്ടി വേഗതയിലും വലിയ തോതിലുമായിരിക്കും ഈ സാങ്കേതികവിദ്യ ലോകത്തെ മാറ്റിമറിക്കുക. എ.ജി.ഐയെ സുരക്ഷിതമായി നയിക്കാൻ കഴിഞ്ഞാൽ ശാസ്ത്രസാങ്കേതിക രംഗത്ത് വലിയ പുരോഗതിയുണ്ടാകും. രോഗങ്ങൾക്കുള്ള മരുന്ന് കണ്ടെത്തൽ വേഗത്തിലാക്കാനും, പരിസ്ഥിതി സൗഹൃദ ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കാനും ഇത് സഹായിക്കും. വിഭവങ്ങളുടെ പരിമിതി ഇല്ലാതാകുന്നതോടെ സമ്പൽസമൃദ്ധിയുടെ പുതിയൊരു യുഗം പിറക്കുമെന്നും ഹസാബിസ് പ്രത്യാശ പ്രകടിപ്പിച്ചു. സമാനമായ അഭിപ്രായം മുമ്പ് ഇലോൺ മസ്കും പങ്കുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

