ഒറ്റ ദിവസംകൊണ്ട് ലോകശ്രദ്ധയിലേക്ക് ജോൺ ടേർണസ്
text_fieldsജോൺ ടേർണസ്
ലണ്ടൻ: ആപ്പിൾ കമ്പനിയുടെ ഹാർഡ് വെയർ വിഭാഗത്തിന്റെ ചുമതലയിൽ ഏറെക്കാലം അപ്രശസ്തനായി കഴിഞ്ഞ ജോൺ ടേർണസ് ലോക ശ്രദ്ധയിലേക്ക് ഉയർന്നത് ഒറ്റ ദിവസംകൊണ്ടാണ്. ആപ്പിളിന്റെ അടുത്ത സി.ഇ.ഒയായി ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു.
ആപ്പിളിനെ നാല് ലക്ഷം കോടി ഡോളർ മൂല്യമുള്ള കമ്പനിയായി മാറ്റിയെടുത്ത ടിം കുക്കിന് പകരക്കാരനായി സെപ്റ്റംബർ ഒന്നിനാണ് ജോൺ ടേർണസ് ചുമതലയേൽക്കുക. സഹസ്ഥാപകൻ സ്റ്റീവ് ജോബ്സിെന്റ മരണത്തെത്തുടർന്ന് സി.ഇ.ഒ പദവിയിൽ എത്തിയ ടിം കുക്ക് 15 വർഷത്തെ സേവനത്തിനുശേഷമാണ് സ്ഥാനമൊഴിയുന്നത്.
ഹാർഡ് വെയർ എൻജിനീയറിങ് എന്ന സുരക്ഷിത മേഖലയിൽനിന്ന് വെല്ലുവിളികൾ നിറഞ്ഞ പുതിയ ചുമതലയിലേക്കാണ് ജോൺ ടേർണസ് കാലെടുത്തുവെക്കുന്നത്. നിർമിത ബുദ്ധി രംഗത്തെ കടുത്ത മത്സരത്തിൽ ആപ്പിളിനെ മുന്നിൽനിന്ന് നയിക്കുന്നതിനൊപ്പം വിതരണ ശൃംഖല ശക്തിപ്പെടുത്തുക, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ നേതാക്കളുമായി ബന്ധം കാത്തുസൂക്ഷിക്കുക എന്നിവയും അദ്ദേഹത്തെ കാത്തിരിക്കുന്ന ദൗത്യങ്ങളാണ്.
കരിയറിലെ മുഴുവൻ സമയവും ആപ്പിളിനൊപ്പമാണ് 50കാരനായ ജോൺ ടേർണസ് ചെലവിട്ടത്. 25 വർഷം മുമ്പ് കമ്പനിയിലെത്തിയ ഇദ്ദേഹം ഐഫോൺ, ഐപാഡ്, മാക് എന്നിവക്ക് കരുത്ത് പകരുന്ന ഹാർഡ് വെയർ ഡിവിഷനെ കരുത്തുറ്റതാക്കി. നിലവിൽ ഈ വിഭാഗത്തിൽ സീനിയർ വൈസ് പ്രസിഡന്റാണ്. പുതിയ കാലത്തെ വെല്ലുവിളികൾക്ക് മുന്നിലേക്കാണ് ജോൺ ടേർണസ് എത്തുന്നത്. ഐ ഫോൺ കേന്ദ്രീകൃത കാലഘട്ടത്തിൽ ടിം കുക്ക് ആപ്പിളിനെ പുരോഗതിയിലേക്ക് നയിച്ചെങ്കിലും നിർമിത ബുദ്ധിയുടെ മേഖലയിൽ കമ്പനി പിന്നിലായി. എ.ഐ അധിഷ്ഠിതമായ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് രണ്ടുവർഷം മുമ്പ് കമ്പനി പ്രഖ്യാപിച്ചെങ്കിലും കാര്യമായ മുന്നേറ്റമുണ്ടായില്ല. ഈ മെല്ലെപ്പോക്ക് മറികടക്കുകയാണ് ജോൺ ടേർണസിെന്റ മുന്നിലെ പ്രധാന വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

