ഹാപ്പി ന്യൂ ഇയർ 2.0 പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ; അൺലിമിറ്റഡ് 4ജിയും 5ജിയും മാത്രമല്ല സൗജന്യ സേവനങ്ങളും
text_fieldsപത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയൻസ് ജിയോ ഹാപ്പി ന്യൂ ഇയർ 2.0 റീചാർജ് പ്ലാനുകൾ പ്രഖ്യാപിച്ചു. 399 രൂപ മുതൽ 3,999 രൂപയുടെ വരെ അൺലിമിറ്റഡ് ഡാറ്റ പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. അൺലിമിറ്റഡ് 4ജി, 5ജി ഡേറ്റയും വോയിസ് കോളുകളും ഉൾപ്പെടുന്ന പുതിയ പ്ലാനുകൾക്കൊപ്പം കുറഞ്ഞ നിരക്കുകളുള്ള 5ജി ഡാറ്റ ആഡ് ഓൺ പ്ലാനുകളും രാത്രി ഉപയോഗത്തിനുള്ള പ്രത്യേക ഡാറ്റാ പാക്കും അവതരിപ്പിച്ചിട്ടുണ്ട്.
28 ദിവസത്തെ കാലാവധിയുള്ള 399 രൂപയുടെ പ്ലാനിലും 365 ദിവസത്തെ കാലാവധിയുള്ള 3,999 രൂപയുടെ വാർഷിക പ്ലാനിലും അൺലിമിറ്റഡ് 4G, 5G ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 എസ്.എം.എസ് എന്നിവ ലഭിക്കും. ഇതിനൊപ്പം വിവിധ ഡിജിറ്റൽ സേവനങ്ങളും സൗജന്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
399രൂപയുടെ പ്ലാനിൽ 4,000 രൂപ വിലമതിക്കുന്ന 12 മാസത്തെ കാൻവ പ്രോ സബ്സ്ക്രിപ്ഷൻ, ജിയോടിവി, ജിയോഹോട്ട്സ്റ്റാർ മൊബൈൽ, ഹോളിവുഡ് കണ്ടന്റ്, ഫാൻകോഡ്, ജിയോഗെയിംസ് മൊബൈൽ സബ്സ്ക്രിപ്ഷൻ, ജിയോഎഐക്ലൗഡിൽ 50GB സ്റ്റോറേജ്, ജസ്റ്റ്ഡയൽ ലൈറ്റ്, ഹൈപ്പർലോക്കൽ കൂപ്പണുകൾ, ഡിജിറ്റൽ ഡയറി എന്നിവ ലഭിക്കും.
3,999 രൂപയുടെ വാർഷിക പ്ലാൻ വർഷം മുഴുവൻ അൺലിമിറ്റഡ് 4G, 5G ഡാറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്.എം.എസ് എന്നിവ നൽകുന്നു. 1,590 രൂപ വിലമതിക്കുന്ന 12 മാസത്തെ കാൻവ പ്രോ ലൈറ്റ് സബ്സ്ക്രിപ്ഷനും 50GB ജിയോഎഐക്ലൗഡ് സ്റ്റോറേജും ഇതിലുണ്ട്. ജിയോഹോട്ട്സ്റ്റാർ മൊബൈൽ, ഹോളിവുഡ് കണ്ടന്റ്, ഫാൻകോഡ് ആക്സസ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഹ്രസ്വകാലത്തേക്ക് അൺലിമിറ്റഡ് 5G ഡാറ്റ ആവശ്യമുള്ള ഉപഭോക്താക്കൾക്കായി 15 രൂപയുടെയും 25 രൂപയുടെയും പാക്കുകൾ ജിയോ അവതരിപ്പിച്ചു. 15 രൂപയുടെ പാക്കിൽ ഒരു ദിവസത്തേക്കും 25 രൂപയുടെ പാക്കിൽ രണ്ട് ദിവസത്തേക്കും അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കും. ഡൗൺലോഡ് പരിധിയോ സ്പീഡ് നിയന്ത്രണമോ ഈ പാക്കുകൾക്കില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. രാത്രികാല ഉപയോഗത്തിനായി 50 രൂപയുടെ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ പാക്കും ജിയോ പുറത്തിറക്കി.
28 ദിവസത്തേക്ക് എല്ലാ ദിവസവും രാത്രി 12 മുതൽ പുലർച്ചെ 5 വരെ അൺലിമിറ്റഡ് 4G, 5G ഡാറ്റ ഈ പാക്കിലൂടെ ലഭിക്കും. ഈ സമയത്തെ ഉപയോഗം പ്രധാന പ്ലാനിന്റെ ഡാറ്റ ബാലൻസിനെ ബാധിക്കില്ല എന്നതിനാൽ വിദ്യാർത്ഥികൾക്കും രാത്രി ജോലി ചെയ്യുന്നവർക്കും വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നവർക്കും ഇത് പ്രയോജനകരമാകും. പുതിയ പ്ലാനുകൾ നവംബർ 24, 26 കിയതികളിലായി ലഭ്യമാകും.

