ചൂട് കൂടുമ്പോൾ ഇനി ഫ്രിഡ്ജിൽ കയറിയിരിക്കാം!; ജപ്പാന്റെ പുതിയ കണ്ടുപിടുത്തം ശ്രദ്ധനേടുന്നു
text_fieldsടോക്യോ: കയറിയിരുന്നാൽ പിന്നെ തണുപ്പാണ്... കൊടുംചൂട് ലോകമെമ്പാടും വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിൽ ഇത് നേരിടാൻ ജപ്പാൻ പുതിയ കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്താണെന്നല്ലെ...മനുഷ്യർക്കായി പ്രത്യേക ഫ്രിഡ്ജ്.. ആളുകൾ കയറിയിരുന്ന് വാതിലടഞ്ഞാൽ പിന്നെ തണുത്ത കാറ്റായിരിക്കും. നിമിഷങ്ങൾക്കുള്ളിൽ ചൂട് കുറയുകയും ചെയ്യും..
‘ഡു ഹീമോൺ ബോക്സ്’ എന്ന പേരിൽ വികസിപ്പിച്ച ഈ പുതിയ സാങ്കേതികവിദ്യ കടുത്ത വേനലിൽ ജോലി ചെയ്യുന്നവർക്കും ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനുമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരാൾക്ക് അകത്ത് ഇരിക്കാനാകുന്ന രീതിയിൽ നിർമ്മിച്ച ഇത് വലിയ സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രിഡ്ജ് പോലെയാണ്. കയറിയിരുന്ന് വാതിലടച്ചാൽ തല, കഴുത്ത്, തോൾ എന്നിവിടങ്ങളിലേക്ക് തണുത്ത വായു വീശും. ഇതിലൂടെ നിമിഷങ്ങൾക്കക്കം ചൂട് കുറയും.
ഇത് 15 ഡിഗ്രി സെൽഷ്യസ് താപനില നിലനിർത്തുകയും അകത്ത് ഇരിക്കുന്നയാളിലേക്ക് 5 ഡിഗ്രി സെൽഷ്യസ് തണുത്ത വായു ശക്തമായി വീശുകയും ചെയ്യും. വിശ്രമിക്കുന്നതിലുപരി ഹീറ്റ് എക്സോഷൻ, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ ചൂട് മൂലമുള്ള അപകടസാധ്യതകൾ കുറക്കാനാണ് ഇത് പ്രധാനമായും രൂപകൽപന ചെയ്തിരിക്കുന്നത്.
ജപ്പാനിലെ ട്രസ്കോ നകയാമ കോർപറേഷൻ വികസിപ്പിച്ച ഈ ഫ്രിഡ്ജിന്‍റെ വില ഏകദേശം 15 ലക്ഷം യെൻ (ഇന്ത്യൻ രൂപ 9,04,785 ലക്ഷത്തോളം) ആണ്. ഈ വർഷം വിപണിയിലെത്തിയത് മുതൽ ഏകദേശം 200 യൂണിറ്റുകൾ സ്റ്റീൽ ഫാക്ടറികൾ, നിർമാണ കേന്ദ്രങ്ങൾ, ഗോൾഫ് കോഴ്സുകൾ, സർവകലാശാലകൾ, വിനോദകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് വിറ്റിട്ടുണ്ട്.
അടുത്തിടെ ജപ്പാനിലെ കുമമോട്ടോ മേഖലയിൽ ഉണ്ടായ ഭൂചലനത്തിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഈ ഉപകരണം കമ്പനി എത്തിച്ചിരുന്നു. എയർ കണ്ടീഷനിങ് സൗകര്യമില്ലാത്ത ഇടങ്ങളിൽ ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജപ്പാനിൽ വേനൽക്കാലത്ത് 35 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില രേഖപ്പെടുത്തുകയാണ്. കടുത്ത ചൂടിനെ തുടർന്ന് സർക്കാർ പതിവായി ഹീറ്റ് സ്ട്രോക്ക് മുന്നറിയിപ്പുകളും നൽകാറുള്ള സാഹചര്യത്തിലാണ് ഇത്തരം പുതിയ സാങ്കേതികവിദ്യകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാകുന്നത് തടയാൻ സഹായിക്കുന്ന സുരക്ഷാ ഉപകരണമാണ് ഇതെന്നും വിശ്രമിക്കാനുള്ളതല്ലെന്നും ട്രസ്‌കോയുടെ പ്രൊഡക്റ്റ് വിഭാഗം ജനറൽ മാനേജർ ഫ്യൂമിയാക്കി മാറ്റ്‌സുബാര പറഞ്ഞു.
കൊടുംചൂട് ലോകമെമ്പാടും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഷോപ്പിങ് മാളുകളിലും വേനലാഘോഷങ്ങളിലും വലിയ പൊതുപരിപാടികളിലും ഇതിന് ആവശ്യകത വർധിക്കുമെന്നാണ് പ്രതീക്ഷ. ജർമനി, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇതിനകം അന്വേഷണങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

