Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോകൾ ശേഖരിച്ചു: മെറ്റക്ക് റെക്കോഡ് പിഴ ചുമത്തി ഇറ്റലി

text_fields
bookmark_border
https://www.madhyamam.com/tags/meta
cancel

ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ഫോണിലെ ചിത്രങ്ങളും വീഡിയോകളും ശേഖരിച്ചതിന് മെറ്റക്ക് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ ഏജൻസി 805 ദശലക്ഷം യൂറോ പിഴ ചുമത്തി. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ഫേസ്ബുക്ക് ആപ്ലിക്കേഷൻ വഴി ഇറ്റലിയിലെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ അനധികൃതമായി ആക്സസ് ചെയ്തതിനാണ് ഈ കടുത്ത നടപടി.

2023 മുതൽ ഫേസ്ബുക്കിൽ ലഭ്യമായ ഗാലറി സജഷൻസ് എന്ന ഫീച്ചറുമായി ബന്ധപ്പെട്ടാണ് ഈ പിഴ. ഉപയോക്താക്കൾ ഫേസ്ബുക്ക് ഉപയോഗിക്കുമ്പോൾ അവരുടെ ഫോൺ ഗാലറിയിലുള്ള ഫോട്ടോകളും വീഡിയോകളും പോസ്റ്റുകളായി ഇടാൻ നിർദ്ദേശിക്കുന്ന ഫീച്ചറാണിത്.

ഇതിനായി ഫേസ്ബുക്ക് ഉപയോക്താക്കളിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരുന്നില്ലെന്ന് ഇറ്റാലിയൻ അതോറിറ്റി കണ്ടെത്തി. മറ്റ് ഫീച്ചറുകൾ ഉപയോഗിക്കുന്നതിനായി ആപ്പിന് പൊതുവായ അനുമതി നൽകുമ്പോൾ, അതോടൊപ്പം ഗാലറി പരിശോധിക്കാനുള്ള അനുവാദവും ഉപയോക്താക്കൾ അറിയാതെ നൽകപ്പെടുകയായിരുന്നു. ഇത്തരത്തിൽ കൃത്യമായ വിവരങ്ങൾ നൽകാതെയും പ്രത്യേക സമ്മതം വാങ്ങാതെയും ഏകദേശം രണ്ട് കോടി ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ഫോട്ടോകളും വീഡിയോകളും മെറ്റ ശേഖരിച്ചുവെന്ന് റെഗുലേറ്റർമാർ വ്യക്തമാക്കി.

ഈ ഫീച്ചറിനായി ഉപയോക്താക്കളിൽ നിന്ന് പ്രത്യേകം അനുമതി തേടണമെന്നും, ഫോൺ ഗാലറി ആക്സസ് ചെയ്യുന്നത് എന്തിനാണെന്നും അത് എങ്ങനെ പ്രവർത്തനരഹിതമാക്കാമെന്നും വ്യക്തമായി അറിയിക്കണമെന്നും അതോറിറ്റി മെറ്റയോട് നിർദ്ദേശിച്ചു.

നിയമലംഘനം ബാധിച്ച ഉപയോക്താക്കളുടെ ഉയർന്ന എണ്ണവും, അന്വേഷണത്തോടുള്ള മെറ്റയുടെ നിസ്സഹകരണവും കണക്കിലെടുത്താണ് ഇത്രയും വലിയ തുക പിഴയായി നിശ്ചയിച്ചത്. ആപ്പ് അപ്ഡേറ്റ് ചെയ്യാത്തവരിലും നേരത്തെ അനുമതി നൽകിയവരിലും ഈ ഡാറ്റാ ശേഖരണം ഇപ്പോഴും തുടരുന്നുണ്ടെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. 2025ൽ 201 ബില്യൺ ഡോളർ വാർഷിക വിറ്റുവരവും 60.5 ബില്യൺ ഡോളർ അറ്റാദായവും നേടിയ മെറ്റയുടെ ആകെ വരുമാനത്തിന്റെ ഏകദേശം 0.4 ശതമാനമാണ് ഈ പിഴത്തുക.

അതേസമയം, ഇറ്റാലിയൻ ഏജൻസിയുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചു. റെഗുലേറ്റർമാരുടെ വിലയിരുത്തലിനോടും പിഴത്തുകയോടും ശക്തമായി വിയോജിക്കുന്നതായി കമ്പനി വക്താവ് വ്യക്തമാക്കി. ഇറ്റലിയിൽ ഒരു ടെക് കമ്പനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പിഴകളിലൊന്നാണിത്. നേരത്തെ 2021-ൽ മത്സരനിയമങ്ങൾ ലംഘിച്ചതിന് ആമസോണിന് 1.1 ബില്യൺ യൂറോയിലധികം പിഴ ചുമത്തിയിരുന്നെങ്കിലും അപ്പീലിൽ അത് 752 ദശലക്ഷം യൂറോയായി കുറച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Italy imposes fine on Meta
Next Story