ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം പരാജയപ്പെട്ടു
text_fieldsന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം പരാജയപ്പെട്ടു. ദൗത്യം പരാജയപ്പെട്ടുവെന്ന് ഐ.എസ്.ആർ.ഒ ഔദ്യോഗികമായി തന്നെ അറിയിച്ചു. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണൻ പറഞ്ഞു. ദൗത്യത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും വിജയമായിരുന്നു.എന്നാൽ, മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ കാണുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
വിക്ഷേപണം നടത്തി 17 മിനിറ്റിനകം ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് എത്തിക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ കണ്ടെത്തുകയായിരുന്നു. അത്യപുർവമായാണ് പി.എസ്.എൽ.വി ദൗത്യം പരാജയപ്പെടുന്നത്.
ഏകദേശം 1,696 കിലോഗ്രാം ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09 (റിസാറ്റ്-1ബി). കൃഷി, വനം, ദുരന്തനിവാരണം, നഗര ആസൂത്രണം, ദേശ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്ക് ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ നിർണായകമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ ഉയർന്ന റെസല്യൂഷനുള്ള കാലാവസ്ഥാ ഇമേജിങ് നൽകുന്നതിനും ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സഹായകരമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ റിസോഴ്‌സാറ്റ്, കാർട്ടോസാറ്റ്, റിസാറ്റ്-2ബി തുടങ്ങിയവയുടെ പട്ടികയിലേക്കാണ് ഇഒഎസ്-09 കൂടി ചേർക്കപ്പെടുന്നത്. 5 വർഷമാണ് ഇഒഎസ്-09ന്റെ ആയുസാണ് പ്രതീക്ഷിച്ചിരുന്നത്. ഐ.എസ്.ആർ.ഒയുടെ 101ാമത്തെ വിക്ഷേപണമായിരുന്നു സി61ന്റേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

