നിർമിത ബുദ്ധിയിൽ പ്രതീക്ഷ നഷ്ടപ്പെടുന്നുവോ? യുവാക്കൾക്കിടയിൽ എ.ഐയോടുള്ള ശുഭാപ്തിവിശ്വാസം കുറയുന്നുവെന്ന് പുതിയ സർവേ
text_fieldsനിർമിതബുദ്ധി സാങ്കേതികവിദ്യ ലോകത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കുമെന്ന് നാം ചർച്ച ചെയ്യുന്നുണ്ട്. പലതരത്തിലുള്ള ആശങ്കൾ പറയാറുണ്ടെങ്കിലും പൊതുവിൽ അതിന്റെ സാധ്യതകളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ലോകം. നമ്മുടെ ജീവിത വ്യവഹാരങ്ങളെത്തന്നെയും മാറ്റിമറിക്കാൻ പര്യാപ്തമായ എ.ഐയുടെ പുതിയ കുതിപ്പുകൾ എല്ലാവരും സസൂക്ഷ്മം വീക്ഷിക്കുന്നുമുണ്ട്. എന്നാൽ, പുതിയൊരു പഠനം പറയുന്നത് മറ്റൊരു കഥയാണ്. ഈ സാധ്യകൾക്കും പ്രതീക്ഷകൾക്കുമിടയിലും യുവാക്കൾക്കിടയിൽ എ.ഐയോടുള്ള ശുഭാപ്തിവിശ്വാസം കുറയുന്നുവെന്നതാണത്.
അമേരിക്കയിൽ പ്യൂ റിസേർച്ച് സെന്റർ നടത്തിയ പുതിയ സർവേയിൽ 30 വയസ്സിന് താഴെയുള്ളവരിൽ 55 ശതമാനം പേർ എ.ഐയെക്കുറിച്ച് ആവേശത്തേക്കാൾ കൂടുതൽ ആശങ്കയാണ് അനുഭവപ്പെടുന്നതെന്ന് വ്യക്തമാക്കി. രണ്ടുവർഷം മുമ്പ് ഈ വിഭാഗത്തിൽ ഇത്തരത്തിൽ പ്രതികരിച്ചവർ 39 ശതമാനമായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ യുവാക്കളുടെ സമീപനത്തിലുണ്ടായ വലിയ മാറ്റമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2026 ജൂൺ 22 മുതൽ 28 വരെ 3,488 അമേരിക്കൻ മുതിർന്നവരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. എല്ലാ പ്രായവിഭാഗങ്ങളും പരിഗണിക്കുമ്പോൾ 52 ശതമാനം അമേരിക്കക്കാരും എ.ഐയുടെ വ്യാപനം തങ്ങളെ ആവേശപ്പെടുത്തുന്നതിനേക്കാൾ ആശങ്കപ്പെടുത്തുന്നതായി പറയുന്നു. 2021ൽ ഇത് 37 ശതമാനമായിരുന്നു. പത്തിൽ ഒരാൾ മാത്രമാണ് എ.ഐ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകുന്നതിൽ ആശങ്കയേക്കാൾ ആവേശം പ്രകടിപ്പിക്കുന്നത്. ഏകദേശം മൂന്നിലൊന്ന് പേർക്ക് ആശങ്കയും ആവേശവും ഒരുപോലെയുണ്ട്.
എ.ഐയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഭയം തൊഴിൽ മേഖലയിലാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനിടെ എ.ഐയുടെ വളർച്ച തൊഴിൽ അവസരങ്ങൾ കുറയ്ക്കുമെന്ന് 71 ശതമാനം അമേരിക്കക്കാർ കരുതുന്നു. 2024ൽ ഇത് 64 ശതമാനമായിരുന്നു. യുവാക്കൾക്കിടയിലാണ് ഈ ആശങ്ക ഏറ്റവും വേഗത്തിൽ വർധിച്ചത്. 2024ൽ 30 വയസ്സിന് താഴെയുള്ളവരിൽ 61 ശതമാനമാണ് എ.ഐ തൊഴിൽ അവസരങ്ങൾ കുറയ്ക്കുമെന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ അത് 73 ശതമാനമായി ഉയർന്നു. അതേസമയം 65 വയസ്സിന് മുകളിലുള്ളവരിൽ 63 ശതമാനമാണ് സമാനമായ അഭിപ്രായം പ്രകടിപ്പിച്ചത്.
ഒരുകാലത്ത് ഭാവിയുടെ വലിയ വാഗ്ദാനമായി മാത്രം അവതരിപ്പിക്കപ്പെട്ട എ.ഐയെ പുതിയ തലമുറ ഇപ്പോൾ കൂടുതൽ സൂക്ഷ്മമായി വിലയിരുത്താൻ തുടങ്ങിയിരിക്കുന്നുവെന്നാണ് സർവേ നൽകുന്ന പ്രധാന സൂചന. എ.ഐ ഉപയോഗിക്കുന്നതിലും അതിന്റെ സാധ്യതകൾ തിരിച്ചറിയുന്നതിലും മുന്നിലുള്ള യുവാക്കൾ തന്നെയാണ് തൊഴിൽ, സർഗാത്മകത, സാമ്പത്തിക സുരക്ഷ എന്നിവയിൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

