വാട്സ്ആപ് സന്ദേശങ്ങൾ മൂന്നാമതൊരാൾ കാണുന്നുണ്ടോ? ഹാക്കർമാരെ തുരത്താനും സുരക്ഷ ഉറപ്പാക്കാനും സെറ്റിംഗ്സിൽ ഈ മാറ്റങ്ങൾ വരുത്താം
text_fieldsന്യൂഡൽഹി: ഉപയോക്താക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത ജനപ്രിയ ഇൻസ്റ്റന്‍റ് മെസ്സേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്. സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങൾ, ജോലിസ്ഥലത്തെ കാര്യങ്ങൾ പങ്കുവെക്കൽ, വീഡിയോ, ഓഡിയോ ഷെയറിങ്ങ്, തുടങ്ങി മിക്കവാറും എല്ലാത്തിനും വാട്സ്ആപ്പിനെ ആളുകൾ ആശ്രയിക്കുന്നുണ്ട്. ഒരുപക്ഷേ നിങ്ങളുടെ ചാറ്റുകൾ മൂന്നാമതൊരാൾ കൂടി കണുന്നുണ്ടെങ്കിലോ? നിങ്ങളുടെ സന്ദേശങ്ങൾ ഹാക്ക് ചെയ്യപ്പെടുന്നുണ്ടെങ്കിലോ? എന്‍റ് ടു എന്‍റ് എൻക്രിപ്റ്റഡ് വഴി സന്ദേശങ്ങൾ സുരക്ഷിതമാക്കി വെക്കാമെങ്കിലും ഇത്തരത്തിൽ ബാക്കപ്പ് ചെയ്യുന്ന സന്ദേശങ്ങൾക്ക് കൂടുതൽ സുരക്ഷ ആവശ്യമാണ്.
വാട്സാപ്പിലെ സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയതിനാൽ അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും മാത്രമേ അവ വായിക്കാൻ സാധിക്കൂ. എന്നാൽ, ഈ ചാറ്റുകൾ ബാക്കപ്പ് ചെയ്ത് ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ സൂക്ഷിക്കുമ്പോൾ, അവയുടെ സുരക്ഷ ആ ക്ലൗഡ് സേവനങ്ങളുടെ കൈകളിലാണ്. ഈ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടാൽ, വർഷങ്ങളായി സൂക്ഷിച്ചുവെച്ച നിങ്ങളുടെ സ്വകാര്യ സന്ദേശങ്ങളും ഫയലുകളും മറ്റുള്ളവർക്ക് എളുപ്പത്തിൽ ഹാക്ക് ചെയ്യാൻ കഴിയും.
എന്താണ് എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ്?
നിങ്ങളുടെ ഫോണിൽ നിന്ന് ബാക്കപ്പ് ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് തന്നെ അത് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. നിങ്ങൾ നിശ്ചയിക്കുന്ന പാസ്‌വേഡോ അല്ലെങ്കിൽ പ്രത്യേക എൻക്രിപ്ഷൻ കീയോ ഉപയോഗിച്ചാൽ മാത്രമേ ഈ ബാക്കപ്പ് ഫയലുകൾ തുറക്കാൻ കഴിയൂ. വാട്സാപ്പിനോ ഗൂഗിളിനോ ആപ്പിളിനോ പോലും നിങ്ങളുടെ ഈ ബാക്കപ്പുകൾ കാണാൻ കഴിയില്ല. ഇത് ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ ഡാറ്റയെ പൂർണ്ണമായും സംരക്ഷിക്കുന്നു.
ഈ സൗകര്യം എങ്ങനെ സജ്ജമാക്കാം?
- വാട്സാപ്പ് സെറ്റിംഗ്സ് എടുക്കുക.
- ചാറ്റ്സ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ചാറ്റ് ബാക്കപ്പ് എന്നതിൽ ടാപ്പ് ചെയ്യുക.
- അവിടെ കാണുന്ന എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ബാക്കപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- തുടർന്ന് സ്ക്രീനിൽ വരുന്ന നിർദ്ദേശങ്ങൾ പാലിച്ച് ശക്തമായ ഒരു പാസ്‌വേഡ് നൽകുകയോ, എൻക്രിപ്ഷൻ കീ സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യുക.
സൈബർ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, നിങ്ങളുടെ ഡിജിറ്റൽ ജീവിതത്തിന്റെ സുരക്ഷയ്ക്ക് ഈ മുൻകരുതൽ വളരെ പ്രധാനമാണ്. ഫോൺ മാറുന്ന സമയത്തോ ഡാറ്റ റിസ്റ്റോർ ചെയ്യുന്ന ഘട്ടത്തിലോ നിങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടാതിരിക്കാൻ ഈ സംവിധാനം സഹായിക്കും. ഇനിയും ഈ ഫീച്ചർ ഓൺ ചെയ്തിട്ടില്ലെങ്കിൽ, ഉടൻ തന്നെ അത് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

