ഇൻസ്റ്റഗ്രാമിലുള്ള 18 വയസിന് താഴെയുള്ളവരുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വരുത്തിയതിെൻറ പേരിൽ മാതൃ കമ്പനിയായ ഫേസ്ബുക്കിനെതിരെ അയർലൻറിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) അന്വേഷണമാരംഭിച്ചു. യൂറോപ്യൻ യൂണിയനിലെ പ്രധാന ഡാറ്റാ പ്രൈവസി റെഗുലേറ്ററായ ഡിപിസിക്ക് വ്യക്തികളിൽ നിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള പരാതികൾ ലഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ എബ്രഹാം ഡോയ്ൽ പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കൻ ഡാറ്റാ ശാസ്ത്രജ്ഞനായ ഡേവിഡ് സ്റ്റയർ നൽകിയ പരാതിയിലാണ് െഎറിഷ് റെഗുലേറ്റർ അന്വേഷണം ആരംഭിച്ചത്. ടെലഗ്രാഫാണ് അന്വേഷണം ആരംഭിച്ചത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. 18 വയസിന് താഴെയുള്ള യൂസർമാരുടെ ഇ-മെയിൽ, ഫോൺ നമ്പർ എന്നിവ ഇൻസ്റ്റഗ്രാം പരസ്യപ്പെടുത്തിയെന്നാണ് പരാതി.
ഇൻസ്റ്റഗ്രാം, ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ അക്കൗണ്ടുകൾ ബിസിനസ്സ് അക്കൗണ്ടുകളാക്കി മാറ്റുന്നത് എളുപ്പമാക്കിയെന്നും, അതുമൂലം യൂസർമാരുടെ ഇമെയിൽ വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും എല്ലാവർക്കും കാണാൻ സാധിക്കുന്നുവെന്നുമാണ് റെഗുലേറ്ററിന് ലഭിച്ച പരാതികളിൽ പറയുന്നത്. അതേസമയം, ഫേസ്ബുക്ക് ഇതുവരെ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.