ഐ.ഒ.എസ് 26 അപ്ഡേറ്റിന് ശേഷം ബാറ്ററി വേഗത്തിൽ തീരുന്നുവെന്ന പരാതിയുമായി ഐഫോൺ ഉപഭോക്താക്കൾ; മറുപടിയുമായി ആപ്പിൾ
text_fieldsഐ.ഒ.എസ് 26
തിങ്കളാഴ്ചയാണ് ആപ്പിൾ ഐ.ഒ.എസ് 26 പുറത്തിറക്കിയത്. പുതിയ ഒ.എസ് പുറത്ത് വന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട പരാതികളും ഉയരുകയാണ്. അപ്ഡേറ്റിന് ശേഷം ബാറ്ററി വേഗത്തിൽ തീർന്നുപോകുന്നുവെന്ന പരാതിയാണ് ഐഫോൺ ഉപഭോക്താക്കൾ ഉയർത്തുന്നത്. അപ്ഡേറ്റ് പുറത്ത് വന്നതിന് പിന്നാലെ ബാറ്ററി തീരുന്നത് സംബന്ധിച്ച പരാതികൾ എക്സ് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
100 ശതമാനം ബാറ്ററി ഒരു മണിക്കൂറിനുള്ളിൽ 79 ശതമാനത്തിലേക്ക് കാര്യമായ ഉപയോഗമില്ലാതെ താഴ്ന്നുവെന്നാണ് ഉപഭോക്താക്കളിൽ ഒരാളുടെ പരാതി. ബാറ്ററി ഹെൽത്ത് 80 ശതമാനത്തിന് താഴെപോയെന്നും ചിലർ പരാതിപ്പെട്ടിട്ടുണ്ട്. രാവിലത്തെ ഉപയോഗം കൊണ്ട് മാത്രം ബാറ്ററി 50 ശതമാനത്തിനും താഴെപ്പോയെന്നും ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്.
തീമുകൾ സെലക്ട് ചെയ്യുമ്പോഴെല്ലാം ചില ബഗ്ഗുകൾ ഉണ്ടായെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നുണ്ട്. അതേസമയം, ഇതുമായി ബന്ധപ്പെട്ട പരാതികൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ ഇക്കാര്യത്തിൽ പ്രതികരണവുമായി ആപ്പിൾ തന്നെ രംഗത്തെത്തി.
അപ്ഡേറ്റിന് ശേഷം ബാറ്ററി ശേഷി കുറയുന്നത് സ്വാഭാവികമാണെന്നായിരുന്നു ആപ്പിളിന്റെ മറുപടി. പുതിയ സിസ്റ്റത്തിന്റെ സെറ്റ്-അപ് പൂർത്തിയാകുന്നത് വരെ ഇത് തുടരുമെന്നുമാണ് ആപ്പിൾ നൽകുന്ന വിശദീകരണം. ആപുകളുടെ അപ്ഡേഷൻ ഉൾപ്പടെ പൂർത്തിയാകുന്ന മുറക്ക് പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് ആപ്പിൾ നൽകുന്ന വിശദീകരണം. ഐ.ഒ.എസിലെ പുതിയ ചില ഫീച്ചറുകൾ പ്രവർത്തിക്കണമെങ്കിൽ കൂടുതൽ ബാറ്ററി വേണ്ടി വരുമെന്ന സൂചനയും ആപ്പിൾ നൽകിയിട്ടുണ്ട്.
കഴിഞ്ഞാഴ്ചയാണ് ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഐഫോൺ സീരിസ് പുറത്തിറക്കിയത്. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നീ ഫോണുകളാണ് ആപ്പിൾ പുറത്തിറക്കിയത്. 82,900 രൂപയിലാണ് പുതിയ ഐഫോണുകളുടെ വില തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

