Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ മുദ്രയും പി.എച്ച്.പിയും മാത്രമല്ല: ഇന്റർനെറ്റിൽ വൻ സൈബർ സുരക്ഷാ പ്രതിസന്ധി

text_fields
bookmark_border
ഇ മുദ്രയും പി.എച്ച്.പിയും മാത്രമല്ല: ഇന്റർനെറ്റിൽ വൻ സൈബർ സുരക്ഷാ പ്രതിസന്ധി
cancel

ലോക സൈബർ സുരക്ഷാ ബോധവൽക്കരണ മാസം നടന്നു കൊണ്ടിരിക്കെത്തന്നെ, സൈബർ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു കൂട്ടം സുരക്ഷാ വീഴ്ചകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സർക്കാറുകളുടെ വെബ്‌സൈറ്റുകൾ ഡൗൺ ആകാനും വിവരങ്ങൾ ചോരാനും പ്രധാന ആപ്ലിക്കേഷനുകൾ ആക്രമിക്കപ്പെടാനും ഈ സുരക്ഷാ വീഴ്ചകൾ കാരണമായി.

ദശലക്ഷക്കണക്കിന് വെബ്‌സൈറ്റുകളുടെ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന പി.എച്ച്.പി പ്രോഗ്രാമിങ് ലാംഗ്വേജിൽ "PHP2Shell" എന്ന് വിളിക്കപ്പെടുന്ന രണ്ട് അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി. W3Techന്‍റെ കണക്കുപ്രകാരം ഇന്റർനെറ്റിലെ 70 ശതമാനത്തോളം വെബ്‌സൈറ്റുകളും പി.എച്ച്.പി ആണ് ഉപയോഗിക്കുന്നത്. സുരക്ഷാ വീഴ്ചയുടെ തീവ്രത 10ൽ 9.2 ആയിട്ടാണ് പി.എച്ച്.പി ഫൗണ്ടേഷൻ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രഫഷണൽ ഹാക്കർമാർക്ക് യാതൊരുവിധ ലോഗിൻ വിവരങ്ങളും ഇല്ലാതെ തന്നെ വെബ് സെർവറുകളുടെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുക്കാൻ ഈ വീഴ്ച വഴിയൊരുക്കും. OpenAIയുടെ GPT-5.6 Sol എന്ന AI മോഡലാണ് കഴിഞ്ഞ 10 വർഷമായി ശ്രദ്ധയിൽപ്പെടാതെ കിടന്ന ഈ വീഴ്ച കണ്ടെത്തിയത്.

അടിയന്തരമായി സിസ്റ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ, അല്ലെങ്കിൽ താൽക്കാലികമായി ഓഫ് ലൈനാക്കാനോ യു.എസ് ഏജൻസികളായ എൻ.എസ്.എയും എഫ്.ബി.ഐയും നിർദ്ദേശം നൽകി. ഇതിനെത്തുടർന്ന് ഫിൻലൻഡ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലെ നിരവധി സർക്കാർ വെബ്‌സൈറ്റുകൾ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി സേവനം നിർത്തി വെച്ചു.

ഇന്ത്യയിലെ ഇ മുദ്രയുടെ ദുർബലമായ സെക്യൂരിറ്റി കീകൾ

ഇന്ത്യയിലെ പ്രമുഖ സർട്ടിഫിക്കറ്റ് അതോറിറ്റിയായ ഇ മുദ്ര, വെബ്‌സൈറ്റുകൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകാൻ ദുർബലമായ സെക്യൂരിറ്റി കീകൾ ഉപയോഗിച്ചതായി കണ്ടെത്തി. സാധാരണയായി 384 ബിറ്റുകളുള്ള സങ്കീർണ്ണമായ കോഡുകൾക്ക് പകരം 4, 56, 66, 115, 155, 156, 230, 237 എന്നീ സിംഗിൾ ബൈറ്റ് സംഖ്യകളാണ് ഇവർ ഉപയോഗിച്ചിരുന്നത്.

വേൻ (Wayne) എന്ന സുരക്ഷാ ഗവേഷകൻ ഒരു സെക്കൻഡിനുള്ളിൽ തന്നെ ഈ കീകൾ തിരിച്ചറിയുകയും, emudhra.we-have-a-problem.com എന്ന വ്യാജ ഡൊമെയ്ൻ നിർമിച്ച് ഇത് തെളിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ ഉടൻ തന്നെ Apple, Google, Mozilla തുടങ്ങിയ വമ്പന്മാർ Safari, Chrome, Firefox ബ്രൗസറുകളിൽ ഈ സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് ചെയ്തു.

എന്നാൽ, നിർമാണത്തിലുള്ള ഒരൊറ്റ സർട്ടിഫിക്കറ്റിനെ മാത്രമേ ഇത് ബാധിച്ചിട്ടുള്ളൂവെന്നും വ്യക്തിഗത വെബ്‌സൈറ്റുകൾക്ക് ഇത് നൽകിയിട്ടില്ലെന്നും ഇ മുദ്ര അറിയിച്ചു. CERT-In ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

NodeJS സുരക്ഷാ അപ്‌ഡേറ്റുകൾ

ബ്രൗസറുകൾക്ക് പുറത്ത് ജാവാസ്ക്രിപ്റ്റ് പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന NodeJS നാല് ഉയർന്ന സുരക്ഷാ വീഴ്ചകൾ പരിഹരിക്കുന്നതിനായി പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കി. ഹാക്കർമാർക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് കോഡുകൾ പ്രവർത്തിപ്പിക്കാനും സെർവറുകളുടെ ഐഡന്റിറ്റി പരിശോധന മറികടക്കാനും കഴിയും എന്നതായിരുന്നു ഇതിലെ പ്രധാന പ്രശ്നം. പുതിയ അപ്‌ഡേറ്റിൽ eMudhra-യുടെ ദുർബലമായ സർട്ടിഫിക്കറ്റുകളെ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും NodeJS ഉൾപ്പെടുത്തിയിട്ടുണ്ട്.

LiteLLM ഹാക്ക് ചെയ്യപ്പെട്ടു

വിവിധ AI മോഡലുകളെ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ സോഴ്‌സ് ടൂളായ LiteLLM-ൽ അജ്ഞാതരായ ഹാക്കർമാർ വ്യാജ/വിനാശകരമായ കോഡുകൾ കുത്തിവെച്ചു. സിസ്റ്റത്തിലെ വിവരങ്ങൾ, ബ്രൗസർ ഡാറ്റ, ഡെവലപ്പർ രഹസ്യങ്ങൾ, ക്ലൗഡ് ലോഗിൻ വിവരങ്ങൾ എന്നിവ ചോർത്താൻ ഈ മൽവെയറിന് (Malware) കഴിയും.

ആപ്ലിക്കേഷനുകൾ നേരിട്ട് തുറന്നില്ലെങ്കിൽ പോലും പൈത്തൺ സ്റ്റാർട്ടപ്പ് വഴി പ്ര പ്രവർത്തിക്കാൻ ശേഷിയുള്ളതായിരുന്നു ഈ മൽവെയർ. നിലവിൽ LiteLLM പ്രസ്തുത പ്രശ്നം പരിഹരിച്ചതായി അറിയിച്ചിട്ടുണ്ട്. ഈ വർഷം LiteLLM നേരിടുന്ന രണ്ടാമത്തെ ആക്രമണമാണിത്.

Railway ക്ലൗഡ് പ്ലാറ്റ്‌ഫോമിലെ വിവരങ്ങൾ ചോർന്നു

ഡെവലപ്പർമാർ ഉപയോഗിക്കുന്ന ക്ലൗഡ് പ്ലാറ്റ്‌ഫോമായ Railway, തങ്ങളുടെ യൂസർമാരുടെ 'എൻവയോൺമെന്റ് വേരിയബിളുകളിൽ' (Environment Variables) സംശയാസ്പദമായ കടന്നുകയറ്റം കണ്ടെത്തി. പാസ്‌വേഡുകൾ, API കീകൾ, കസ്റ്റമർ ഡാറ്റാബേസ് വിവരങ്ങൾ എന്നിവ അടങ്ങുന്ന അതീവ രഹസ്യ ഡാറ്റ ചോർന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

ക്ലൗഡ് അക്കൗണ്ടുകളിലെ മുഴുവൻ API കീകളും ഡാറ്റാബേസ് പാസ്‌വേഡുകളും ഉടൻ തന്നെ മാറ്റാൻ (Rotate ചെയ്യാൻ) തങ്ങളുടെ ഉപഭോക്താക്കളോട് Railway ആവശ്യപ്പെട്ടു.

AI ഉപയോഗിച്ച് Microsoft 365 അക്കൗണ്ടുകളിൽ ആക്രമണം

ചൈനീസ് ഹാക്കിങ് ഗ്രൂപ്പായ Storm-0940, ARTEX എന്ന എ.ഐ അധിഷ്ഠിത പെന്നിട്രേഷൻ ടൂൾ ഉപയോഗിച്ച് നൂറുകണക്കിന് പ്രമുഖ കമ്പനികളുടെ ക്ലൗഡ് നെറ്റ്‌വർക്കുകളിലേക്ക് കടന്നുകയറിയതായി Microsoft മുന്നറിയിപ്പ് നൽകി. കണക്റ്റ്‌വൈസ് എന്ന ഐ.ടി സർവീസ് കമ്പനിയുടെ ബാക്കപ്പ് സർവീസ് വഴിയാണ് ഇവർ കടന്നുകയറ്റം നടത്തിയത്.

മിനിറ്റിൽ 2,900 ലോഗിൻ ശ്രമങ്ങൾ വരെ നടത്തി, മൂന്ന് മണിക്കൂറിനുള്ളിൽ 2,250ലധികം സിസ്റ്റങ്ങളുടെ പൂർണ്ണ നിയന്ത്രണം ഇവർ സ്വന്തമാക്കി. പ്രതിരോധം, ബഹിരാകാശം, ധനകാര്യം, സർക്കാർ സ്ഥാപനങ്ങൾ എന്നിവയെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - internet cyber security issues
Next Story