ഒടുവിൽ ഇക്കാര്യത്തിൽ ടിക് ടോകിനെ മറികടന്ന് ഇൻസ്റ്റഗ്രാം..!
text_fieldsചൈനീസ് ഹൃസ്വ വിഡിയോ ആപ്പായ ടിക് ടോകിനെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഡൺലോഡ് ചെയ്യപ്പെട്ട ആപ്പായി മാറി മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റഗ്രാം. ടിക് ടോകിന്റെ വരവോടെ യുവാക്കൾക്കിടയിലെ സ്വീകാര്യതയിൽ ഇൻസ്റ്റക്ക് ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ, ടിക് ടോകിനെ കോപിയടിച്ച് ‘റീൽസ് വിഡിയോ’ ഫീച്ചർ അവതരിപ്പിച്ചാണ് ഇൻസ്റ്റഗ്രാം അതിനെ മറികടന്നത്.
2020 ലായിരുന്നു ഇന്‍സ്റ്റാഗ്രാമിൽ 'റീല്‍സ്' എന്ന പേരില്‍ ഹൃസ്വ വീഡിയോ ഫീച്ചർ ലോഞ്ച് ചെയ്തത്. യുഎസില്‍ ഇന്‍സ്റ്റാഗ്രാമിന് വലിയ സ്വീകാര്യത നേടിയെടുക്കാന്‍ ഈ ഫീച്ചർ സഹായിച്ചു. 2023 ല്‍ 76.7 കോടി തവണയാണ് ഇന്‍സ്റ്റാഗ്രാം ആഗോള തലത്തില്‍ ഡൗണ്‍ലോഡ് ചെയ്യപ്പട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ വളര്‍ച്ച.
അതേസമയം, ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് 73.3 കോടി തവണയായിരുന്നു. ടിക് ടോക്കിന്റെ വളര്‍ച്ച നാല് ശതമാനം മാത്രമാണ്. അതേസമയം 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ടിക് ടോക്കിനായിരുന്നു ഏറ്റവും ജനപ്രീതി.
ഹൃസ്വ വിഡിയോ ഷെയറിങ് ഫീച്ചറായ റീല്‍സ്, ഫോട്ടോഷെയറിങ്, സ്‌റ്റോറീസ് അടക്കമുള്ള സേവനങ്ങളിലൂടെയാണ് ഇന്‍സ്റ്റാഗ്രാം വീണ്ടും സ്വീകാര്യത നേടിയതെന്ന് വിപണി വിശകലന സ്ഥാപനമായ സെന്‍സര്‍ ടവറിന്റെ റിപ്പോർട്ടിൽ പറയുന്നു. യുഎസ് കമ്പനി ആയതും ഇന്‍സ്റ്റാഗ്രാമിന് നേട്ടമായി. സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്‍സ്റ്റാഗ്രാമിന് 150 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട്. ടിക് ടോക്കിന് 110 കോടിയോളമാണുള്ളത്. എന്നാൽ ഏറ്റവും സജീവമായ ഉപഭോക്താക്കളുള്ളത് ടിക് ടോക്കിനാണ്. ദിവസേന 95 മിനിറ്റ് നേരം ശരാശരി ടിക് ടോക്ക് ഉപഭോക്താക്കള്‍ ആപ്പില്‍ ചിലവഴിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 65 മിനിറ്റ് നേരം മാത്രമാണ് ശരാശരി ചിലവഴിക്കുന്നത്.
ടിക് ടോക്കിന് ഏറെ ജനപ്രീതിയുണ്ടായിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ചൈനീസ് വേരുകൾ കാരണം ആപ്പ് ഇന്ത്യയിൽ നിരോധിച്ചതോടെ വലിയൊരു യൂസർ ബേസാണ് ടിക് ടോകിന് നഷ്ടമായത്. അതേസമയം, യു.എസിലും ഇപ്പോൾ അവർ നിരോധന ഭീഷണി നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

