പ്രായം മറച്ചുവെച്ചാലും എഐ പിടികൂടും; കൗമാരക്കാർക്ക് സുരക്ഷ ശക്തമാക്കാൻ ഇൻസ്റ്റഗ്രാം
text_fieldsസമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ സുരക്ഷയും സ്വകാര്യതയും ഏറെ ചർച്ചയാകുന്ന വിഷയങ്ങളാണ്. ഇപ്പോളിതാ കൗമാരക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എഐ ഉപയോഗിച്ചുള്ള പ്രായ പരിശോധന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഇത് ലോകമെമ്പാടുമായി നടപ്പിലാക്കാനും കമ്പനി ലക്ഷ്യമിടുന്നു. പ്രായപൂർത്തിയാകാത്ത ലക്ഷക്കണക്കിന് ഉപയോക്താക്കളെ ടീൻ അക്കൗണ്ടിന്‍റെ സുരക്ഷാ സംവിധാനങ്ങളുടെ പരിധിയില്‍ കൊണ്ടുവരാനാണ് കമ്പനിയുടെ പുതിയ തീരുമാനം.
ഉപയോക്താക്കള്‍ നല്‍കുന്ന ജനനത്തീയതിയെ മാത്രം ആശ്രയിക്കാതെ, പ്രൊഫൈലിലെ വിവിധ സിഗ്നലുകളും വിവരങ്ങളും വിശകലനം ചെയ്താണ് 13നും 17നും ഇടയില്‍ പ്രായമുള്ളവരെ എഐ കണ്ടെത്തുന്നത്. പ്രായം തെറ്റായി രേഖപ്പെടുത്തുന്ന അക്കൗണ്ടുകളെ കണ്ടെത്താനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും. ഇത്തരത്തില്‍ തിരിച്ചറിയപ്പെടുന്ന അക്കൗണ്ടുകള്‍ സ്വയമേവ ടീന്‍ അക്കൗണ്ട് പരിരക്ഷകളിലേക്ക് മാറ്റപ്പെടും. ഈ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം,
- കൗമാരക്കാരെ അപരിചിതര്‍ ബന്ധപ്പെടുന്നത് സ്വയമേവ പരിമിതപ്പെടുത്തും
- അവര്‍ക്ക് കാണാന്‍ കഴിയുന്ന ഉള്ളടക്കങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങളുണ്ടാകും
- പ്ലാറ്റ്‌ഫോമില്‍ ചെലവഴിക്കുന്ന സമയം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു
- ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, മെസ്സഞ്ചർ എന്നീ പ്ലാറ്റ്‌ഫോമുകളിലുടനീളം ഈ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്
ഇതുവരെയുള്ള പ്രവര്‍ത്തന ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് മെറ്റ ഈ സുരക്ഷാ സംവിധാനം ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ഫേസ്ബുക്കിലും ഇതിന്റെ റോളിംഗ് നടന്നു വരുന്നുണ്ട്. കൂടാതെ, ഈ വര്‍ഷം അവസാനത്തോടെ ത്രെഡ്‌സ് ആപ്പിലും സമാനമായ പ്രായ പരിശോധന സംവിധാനം അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
യുഎസിലെ മാതാപിതാക്കള്‍ക്ക് ഈ മാസം മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യേക ഇന്‍ ഫീഡ് വീഡിയോ സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങും. പ്ലാറ്റ്‌ഫോം എങ്ങനെയാണ് കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതെന്നും, കുട്ടികളുടെ പ്രായം കൃത്യമാണെന്ന് ഉറപ്പുവരുത്താന്‍ മാതാപിതാക്കള്‍ക്ക് എങ്ങനെ ഇടപെടാമെന്നും ഈ വീഡിയോയിലൂടെ വിശദീകരിക്കും.
ഓസ്‌ട്രേലിയയില്‍ ഉപയോക്താക്കളുടെ പ്രായം കൃത്യമായി നിര്‍ണ്ണയിക്കുന്നതിനായി ആപ്പിളിന്റെ പ്രായപരിധി സിഗ്നലുകള്‍ മെറ്റ ഉപയോഗിച്ച് തുടങ്ങി. കൗമാരക്കാര്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ സജ്ജീകരിക്കുമ്പോള്‍ ആപ്പ്‌സ്റ്റോര്‍ വഴി പ്രായം സ്ഥിരീകരിക്കാന്‍ ഇത് മാതാപിതാക്കളെ സഹായിക്കുന്നു. ആപ്പുകളുടെ പ്രായപരിധി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഈ സിഗ്നലുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആപ്പ്‌സ്റ്റോര്‍ തലത്തില്‍ തന്നെ പ്രായപരിശോധനയും മാതാപിതാക്കളുടെ സമ്മതവും നിര്‍ബന്ധമാക്കുന്ന നിയമനിര്‍മ്മാണങ്ങളെയും മെറ്റ പിന്തുണക്കുന്നുണ്ട്.

