'എല്ലാം വിഴുങ്ങുന്ന എ.ഐ മോഡലുകൾക്ക് മുന്നിൽ വ്യവസായങ്ങൾ കീഴടങ്ങരുത്'; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സി.ഇ.ഒ
text_fieldsന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ നിയന്ത്രണവും അതിന്റെ സാമ്പത്തിക ലാഭങ്ങളും ചുരുക്കം ചില വൻകിട കമ്പനികളിൽ മാത്രം ഒതുങ്ങിപ്പോകരുതെന്ന് മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ് സി.ഇ.ഓ സത്യ നദെല്ല. എ.ഐ വിപ്ലവത്തിന്റെ ഗുണങ്ങൾ ഏതാനും കമ്പനികൾ മാത്രം കൈയടക്കിയാൽ ലോകത്തെ മറ്റ് പ്രധാന വ്യവസായ മേഖലകളുടെയെല്ലാം മൂല്യവും വൈദഗ്ധ്യവും നഷ്ടപ്പെടുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് നദെല്ല തന്റെ മുന്നറിയിപ്പ് വ്യക്തമാക്കിയത്.
ലളിതമായി പറഞ്ഞാൽ, എല്ലാ വ്യവസായ മേഖലകളെയും വിഴുങ്ങുന്ന തരത്തിൽ ചുരുക്കം ചില എ.ഐ മോഡലുകൾക്ക് മുന്നിൽ കമ്പനികൾ സ്വന്തം അറിവും മൂല്യവും പണയപ്പെടുത്തുന്ന ഒരു ലോകം ആരും ആഗ്രഹിക്കുന്നില്ലെന്ന് നദെല്ല തുറന്നടിച്ചു. മുൻകാലങ്ങളിലെ സാങ്കേതിക വിപ്ലവങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എ.ഐ യുഗമെന്ന് നദെല്ല ചൂണ്ടിക്കാണിക്കുന്നു. ഇത് കേവലം ഉൽപാദനക്ഷമത കൂട്ടാനുള്ള ഒരു ഡിജിറ്റൽ ഉപകരണം മാത്രമല്ല. മനുഷ്യരും എ.ഐ സംവിധാനങ്ങളും പരസ്പരം നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു 'കോഗ്നിറ്റീവ് ലൂപ്പ്' ആണ് ഇവിടെ രൂപപ്പെടുന്നത്.
ഭാവിയിൽ കമ്പനികൾക്ക് രണ്ട് തരത്തിലുള്ള മൂലധനം ആവശ്യമായി വരും. ജീവനക്കാരുടെ അറിവ്, വിവേചനബുദ്ധി, സർഗാത്മകത തുടങ്ങിയവ അടങ്ങുന്ന ഹ്യൂമൻ ക്യാപിറ്റൽ, കമ്പനികൾ സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന എ.ഐ ശേഷി അഥവാ ടോക്കൺ ക്യാപിറ്റൽ എന്നിവയാണവ. എ.ഐ എന്നത് മനുഷ്യന് പകരക്കാരനല്ല. മറിച്ച് ലക്ഷ്യങ്ങൾ നിശ്ചയിക്കാനും ചിന്തകളെ ഏകോപിപ്പിക്കാനും മനുഷ്യന്റെ അറിവ് എക്കാലവും അത്യാവശ്യമാണെന്നും നദെല്ല വ്യക്തമാക്കി.
മുമ്പ് ആഗോളവത്കരണത്തിന്റെ തുടക്കകാലത്ത് വ്യവസായങ്ങളും നിർമാണ ജോലികളും കൂട്ടത്തോടെ അതിരുകൾ കടന്നപ്പോൾ, സാമ്പത്തിക വളർച്ച രേഖകളിൽ ഉണ്ടായെങ്കിലും പ്രാദേശിക ജനവിഭാഗങ്ങൾക്ക് വലിയ തൊഴിൽ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. ഇതേ അബദ്ധം എ.ഐ യുഗത്തിലും ആവർത്തിക്കരുത്. ചുരുക്കം ചില എ.ഐ കമ്പനികൾ മാത്രം എല്ലാ സാമ്പത്തിക ലാഭങ്ങളും കൊയ്യുകയും ബാക്കി വ്യവസായ മേഖലകൾ വെറും കാഴ്ചക്കാരായി മാറുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം. പകരം, ഓരോ രാജ്യത്തെയും ഓരോ മേഖലയിലെയും ബിസിനസ്സുകൾക്ക് സ്വന്തമായി എ.ഐ ശേഷി വികസിപ്പിക്കാൻ സഹായിക്കുന്ന ഒരു വികേന്ദ്രീകൃത ആവാസവ്യവസ്ഥയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.ഐ ഭാവിയിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ടെക് ലോകത്തെ പ്രമുഖർക്കിടയിൽ ഭിന്നത രൂക്ഷമാകുകയാണ്. 'എ.ഐ കാരണം ഭാവിയിൽ ലോകത്ത് സ്ഥിരമായ തൊഴിൽ നഷ്ടം ഉണ്ടാകാൻ വലിയ സാധ്യതയുണ്ട്. മനുഷ്യന്റെ ബുദ്ധിവൈഭവത്തെ എ.ഐ പൂർണമായി പകർത്തുന്നതോടെ വലിയൊരു വിഭാഗത്തിന് ജോലി ഇല്ലാതാകും. ഇതിനെ മറികടക്കാൻ വിദേശ രാജ്യങ്ങളിൽ ഗവൺമെന്റുകൾ ജീവനക്കാർക്ക് വേതന ഇൻഷുറൻസും ദീർഘകാല വരുമാന സഹായവും നൽകേണ്ടി വരും.' ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡി ഓർമിപ്പിക്കുന്നു.
'തൊഴിൽ വിപണിയിലെ പിരിച്ചുവിടലുകൾക്ക് കാരണം എ.ഐ ആണെന്ന് പറയുന്നത് ശരിയല്ല. ജനറേറ്റീവ് എ.ഐ രംഗത്ത് വരുന്നതിന് മുമ്പ് തന്നെ പല കമ്പനികളും ജീവനക്കാരെ കുറക്കാൻ തുടങ്ങിയിരുന്നു. ഇതിന് പിന്നിൽ മറ്റ് പല സാമ്പത്തിക കാരണങ്ങളുമുണ്ട് എന്നാണ് പ്രമുഖ അമേരിക്കൻ സാങ്കേതിക കമ്പനിയായ എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് പറയുന്നത്.
തൊഴിൽ നഷ്ടത്തേക്കാൾ എ.ഐ വഴി ഉണ്ടാകുന്ന വരുമാനവും അധികാരവും എങ്ങനെ വികേന്ദ്രീകരിക്കപ്പെടുന്നു എന്നതിലാണ് ആശങ്കപ്പെടേണ്ടതെന്നാണ് സത്യ നദെല്ലയുടെ പക്ഷം. എ.ഐ സാങ്കേതികവിദ്യ ഏതെങ്കിലും ചില ആഗോള കമ്പനികളുടെ മാത്രം കുത്തകയായി മാറുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിൽ നയപരമായ മാറ്റങ്ങൾ വേണമെന്ന ചർച്ചകൾക്കാണ് നദെല്ലയുടെ പ്രസ്താവന വഴിതുറന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

