ഇന്ത്യക്കാർ ദിവസം അഞ്ച് മണിക്കൂർ ഫോണിൽ ചെലവഴിക്കുന്നു; മറ്റുള്ളവരെ സമ്പന്നരാക്കാൻ ഒറ്റ വർഷം സ്ക്രീൻ നോക്കി ഇരുന്നത് 1.1 ലക്ഷംകോടി മണിക്കൂർ!
text_fieldsലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ, 120 കോടിയിലേറെ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളും 950 ദശലക്ഷം ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുമുണ്ട് എന്നാണ് കണക്ക്. രാജ്യത്ത് ഒരു ജി.ബി ഇന്‍റര്‍നെറ്റിന് പരമാവധി 10 രൂപയാണ് സേവനദാദാക്കൾ ഈടാക്കുന്നത്. സമീപകാലത്ത് കുറഞ്ഞ വിലയിലുള്ള സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചതോടെ ഇന്‍റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം അതിവേഗം വർധിച്ചു. എന്നാൽ ഇത് പലരെയും ഫോണിന് അടിമകളാക്കുകയും മണിക്കൂറുകളോളം ഇന്‍റര്‍നെറ്റ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഗ്ലോബൽ മാനേജ്‌മെന്‍റ് സ്ഥാപനമായ ഇ.വൈ പുറത്തുവിട്ടത്.
2024ൽ ഇന്ത്യക്കാർ അവരുടെ ഫോണുകളിൽ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറാണെന്ന് ഇ.വൈയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും നെറ്റ്ഫ്ലിക്സ് പോലുള്ള വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലുമായി ഇന്ത്യയിലെ ഉപയോക്താക്കൾ ദിവസവും ശരാശരി അഞ്ച് മണിക്കൂറോളം സമയം ചിലവഴിക്കുന്നു. ഇതുവഴി ഡിജിറ്റൽ ക്രിയേറ്റർമാക്ക് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും കാണുന്നവർക്ക് സമയനഷ്ടം മാത്രമാണുണ്ടാകുന്നത്. സ്മാർട്ട് ഫോണിൽ ചെലവഴിക്കുന്ന സമയത്തിൽ 70 ശതമാവും സോഷ്യൽ മീഡിയ, ഗെയിമിങ്, വിഡിയോ എന്നിവക്കു വേണ്ടിയാണ് നീക്കിവെക്കുന്നതെന്നും ഇ.വൈ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർഷിക എന്‍റർടെയ്ൻമെന്‍റ് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ മാധ്യമ, വിനോദ ബിസിനസിന്‍റെ പ്രധാന മേഖലയായിരുന്ന ടെലിവിഷനെ മറികടന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം കൂടിവരികയാണ്. 2024-ൽ രാജ്യത്തെ ഡിജിറ്റല്‍ മാധ്യമങ്ങളുടെ മൂല്യം 2.5 ലക്ഷംകോടി രൂപയായി കണക്കാക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ദിവസേനയുള്ള മൊബൈൽ സ്ക്രീൻ ടൈമിന്റെ കാര്യത്തിൽ ബ്രസീലിനും ഇന്തോനേഷ്യക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആമസോൺ, മെറ്റ പോലുള്ള അന്താരാഷ്ട്ര ഐ.ടി ഭീമന്മാർ ഇന്ത്യയിലെ ഡിജിറ്റൽ വിപണിയിൽ കൂടുതല്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.