Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഅമേരിക്കയുടെ എ.ഐ...

അമേരിക്കയുടെ എ.ഐ വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്നത് ഇന്ത്യക്കാർ; എച്ച്-1ബി വിസയിൽ 73 ശതമാനവും നമ്മൾ

text_fields
bookmark_border
അമേരിക്കയുടെ എ.ഐ വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്നത് ഇന്ത്യക്കാർ; എച്ച്-1ബി വിസയിൽ 73 ശതമാനവും നമ്മൾ
cancel
camera_altപ്രതീകാത്മക ചിത്രം

ന്യൂയോർക്ക്: അമേരിക്ക 250-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, യു.എസിന്റെ അത്ഭുതപ്പെടുത്തുന്ന വളർച്ചക്ക് പിന്നിൽ കുടിയേറ്റക്കാരുടെ, പ്രത്യേകിച്ച് ഇന്ത്യൻ പ്രഫഷനലുകളുടെ വലിയൊരു പങ്കുണ്ട്. ഇന്ന് അമേരിക്ക നൽകുന്ന ആകെ എച്ച്-1ബി തൊഴിൽ വിസകളിൽ നാലിൽ മൂന്നും അതായത് 73 ശതമാനവും സ്വന്തമാക്കുന്നത് ഇന്ത്യക്കാരാണ്. ഗൂഗ്ളും മൈക്രോസോഫ്റ്റും പോലുള്ള വമ്പൻ കമ്പനികൾ മുതൽ ലോകത്തെ നിയന്ത്രിക്കുന്ന എ.ഐ വിപ്ലവത്തിന്റെ വരെ നട്ടെല്ലായി ഇന്ന് ഇന്ത്യക്കാർ മാറിക്കഴിഞ്ഞു.

അമേരിക്കയിലെ കമ്പനികൾക്ക് വിദേശങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ആളുകളെ തങ്ങളുടെ രാജ്യത്ത് കൊണ്ടുവന്ന് ജോലിക്ക് നിയമിക്കാൻ അനുവാദം നൽകുന്ന ഒരു താത്കാലിക എച്ച്-1ബി വിസ. 1990ൽ ഇമിഗ്രേഷൻ നിയമപ്രകാരമാണ് ഇത് ആരംഭിച്ചത്. സോഫ്റ്റ്‌വെയർ എൻജിനീയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ സാങ്കേതിക മേഖലകളിൽ കുറഞ്ഞത് ബിരുദമോ അതല്ലെങ്കിൽ തുല്യമായ പ്രവൃത്തിപരിചയമോ ഉള്ളവർക്കാണ് ഈ വിസ നൽകുന്നത്.

ആദ്യ ഘട്ടത്തിൽ 3 വർഷത്തേക്കാണ് ഈ വിസ ലഭിക്കുക. ഇത് പിന്നീട് പരമാവധി 6 വർഷം വരെ നീട്ടിയെടുക്കാം. ഈ സമയത്തിനുള്ളിൽ ജോലി ചെയ്യുന്ന കമ്പനി നിങ്ങൾക്ക് സ്ഥിരതാമസത്തിനുള്ള അപേക്ഷ നൽകിയാൽ വിസ കാലാവധി കഴിഞ്ഞാലും യു.എസിൽ തുടരാൻ സാധിക്കും.

അമേരിക്കൻ പാർലമെന്റ് പ്രതിവർഷം പുതിയ എച്ച്-1ബി വിസകളുടെ എണ്ണം 65,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അമേരിക്കൻ സർവകലാശാലകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയവർക്കായി 20,000 വിസകൾ വേറെയും മാറ്റിവെച്ചിരിക്കുന്നു. അപേക്ഷകരുടെ എണ്ണം ഇതിലും കൂടുമ്പോൾ ഒടുവിൽ 'ലോട്ടറി' വഴിയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നത്.

അമേരിക്കൻ വിസ ലഭിക്കുന്നവരിൽ കൂടുതലും ഇന്ത്യക്കാരാണ്. പ്രമുഖ ഗവേഷണ ഏജൻസിയായ പ്യൂ റിസർച്ച് സെന്ററിന്റെ കണക്കുകൾ പ്രകാരം, 2023ൽ അനുവദിച്ച എച്ച്-1ബി വിസകളിൽ 73 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. രണ്ടാമതുള്ള ചൈനക്ക് വെറും 12 ശതമാനം മാത്രമാണ് ലഭിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ ശാസ്ത്ര, സാങ്കേതിക, എൻജിനീയറിങ് ബിരുദധാരികളെ സൃഷ്ടിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, കോഗ്നിസെന്റ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഐടി കമ്പനികൾക്ക് അമേരിക്കൻ വിപണിയുമായി പതിറ്റാണ്ടുകളുടെ ശക്തമായ ബന്ധമുണ്ട്. ഇവർ തങ്ങളുടെ ജീവനക്കാരെ അമേരിക്കൻ പ്രോജക്ടുകൾക്കായി ഈ വിസ വഴി അങ്ങോട്ട് അയക്കുന്നു.ആഗോള ബിസിനസ്സ് ശൈലികളോടുള്ള വേഗത്തിലുള്ള പൊരുത്തപ്പെടലും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള മികച്ച കഴിവും ഇന്ത്യൻ പ്രഫഷനലുകളെ അമേരിക്കൻ കമ്പനികളുടെ പ്രിയങ്കരരാക്കുന്നു. ഇവയാണ് എച്ച്-1ബി വിസകളിൽ 73 ശതമാനവും ഇന്ത്യക്കാർക്ക് ലഭിക്കാനുള്ള പ്രധാന കാരണങ്ങൾ.

എച്ച്-1ബി വിസ വഴി നേരിട്ട് ഗ്രീൻ കാർഡ് ലഭിക്കില്ല. എങ്കിലും പലരും സ്ഥിരതാമസത്തിനുള്ള വഴിപ്പടിയായി ഇതിനെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഓരോ രാജ്യത്തിനും നിശ്ചിത ശതമാനം ഗ്രീൻ കാർഡുകൾ മാത്രമേ നൽകാവൂ എന്ന അമേരിക്കൻ നിയമം കാരണം ഇന്ത്യൻ പൗരന്മാർക്ക് ഗ്രീൻ കാർഡിനായി വർഷങ്ങളോളമോ ചിലപ്പോൾ പതിറ്റാണ്ടുകളോളമോ നീണ്ട വലിയ കാത്തിരിപ്പ് നേരിടേണ്ടി വരുന്നുണ്ട്.

അതേസമയം, അമേരിക്കയിൽ ഈ വിസ പ്രോഗ്രാമിനെച്ചൊല്ലി രാഷ്ട്രീയ തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. സ്വന്തം നാട്ടുകാർക്ക് ജോലി നൽകാതെ കുറഞ്ഞ ശമ്പളത്തിൽ വിദേശികളെ വെച്ച് കമ്പനികൾ ലാഭമുണ്ടാക്കുന്നുവെന്നാണ് ഇതിനെതിരെയുള്ള പ്രധാന വിമർശനം. എന്നാൽ, രാജ്യത്തിനകത്ത് പ്രതിഭകളുടെ ദൗർലഭ്യം പരിഹരിക്കാനും ലോകത്ത് സാങ്കേതികമായി ഒന്നാം സ്ഥാനത്ത് തുടരാനും എച്ച്-1ബി വിസകൾ അത്യാവശ്യമാണെന്നാണ് മൈക്രോസോഫ്റ്റ്, ഗൂഗ്ൾ തുടങ്ങിയ ആഗോള ടെക് കമ്പനികളുടെ വാദം.സ്വാതന്ത്ര്യത്തിന്റെ 250 വർഷങ്ങൾ ആഘോഷിക്കുന്ന ഈ വേളയിലും അമേരിക്കൻ എൻജിനീയറിങ്ങിന്റെയും ഡിജിറ്റൽ വിപ്ലവത്തിന്റെയും അവിഭാജ്യ ഘടകമായി തുടരുകയാണ് ഇന്ത്യൻ പ്രതിഭകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:H1B VisaUS Immigration PolicyIndian techiesLatest News
News Summary - Indians are leading America's AI revolution; we account for 73 percent of H-1B visas
Next Story