രണ്ടു ലക്ഷം അമേരിക്കകാർക്ക് ജോലി നൽകി ഇന്ത്യൻ ഐ.ടി കമ്പനികൾ; 2021ൽ യു.എസിന് ലഭിച്ചത് 103 ബില്യൺ ഡോളർ
text_fieldsന്യൂഡൽഹി: കഴിഞ്ഞവർഷം യു.എസിലെ ഇന്ത്യൻ ഐ.ടി കമ്പനികൾ വരുമാന ഇനത്തിൽ മാത്രം നേടിയത് 103 ബില്യൺ ഡോളർ. കൂടാതെ, രണ്ടു ലക്ഷം അമേരിക്കകാർക്ക് നേരിട്ട് ജോലിയും നൽകി. ശരാശരി 106,360 ഡോളറാണ് ശമ്പളമായി നൽകിയത്. 2017 മുതൽ ഐ.ടി മേഖലയിൽ 22 ശതമാനത്തിന്‍റെ വളർച്ചയാണ് രേഖപ്പെടുത്തിയതെന്നും നാസ്കോം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ടെക് ഇൻഡസ്ട്രിയുടെ നേരിട്ടുള്ള സ്വാധീന ഫലമായി അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിൽ ഇന്നുവരെ മൊത്തം 396 ബില്യൺ ഡോളറിന്‍റെ വിൽപന നടന്നു. കൂടാതെ, 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 198 ബില്യൺ ഡോളർ സംഭാവന നൽകുകയും ചെയ്തു. ഇത് 2021ലെ 20 യു.എസ് സംസ്ഥാനങ്ങളുടെ മൊത്തം സമ്പദ്‌വ്യവസ്ഥയേക്കാൾ വലുതാണെന്നും നാസ്കോമിന്‍റെ റിപ്പോർട്ടിൽ പറയുന്നു.
ഫോർച്യൂൺ പട്ടികയിലെ 500 കമ്പനികളിൽ 75 ശതമാനത്തിലധികവും ഇന്ത്യൻ ടെക് മേഖലയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. അവയിൽ ഭൂരിഭാഗത്തിന്‍റെയും ആസ്ഥാനം യു.എസിലാണ്. അതിനാൽ ഡിജിറ്റൽ യുഗത്തിലെ നിർണായക വെല്ലുവിളികൾ മനസിലാക്കാനും നേരിടാനും ഇവ സജ്ജമാണെന്നും നാസ്കോം പ്രസിഡന്‍റ് ദേബ്ജനി ഘോഷ് പറഞ്ഞു.
യു.എസിലെ സ്റ്റെം പൈപ്പ്‌ലൈൻ ശക്തിപ്പെടുത്തുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമായി ഇന്ത്യൻ ടെക്‌നോളജി കമ്പനികൾ 1.1 ബില്യൺ ഡോളറിലധികം സംഭാവന നൽകുകയും 180 സർവകലാശാലകൾ, കോളജുകൾ, കമ്യൂണിറ്റി കോളജുകൾ തുടങ്ങിയവയുമായി സഹകരിക്കുകയും ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

