പാചകവാതക പ്രതിസന്ധിയിൽ ടോപിലെത്തി ഇന്ത്യൻ ഓയിൽ ആപ്പ്; ഗൂഗിൾ പ്ലേയിലും ആപ്പിൾ സ്റ്റോറിലും ഒന്നാമത്
text_fieldsന്യൂഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ഡൗൺലോഡിങ്ങിൽ ഒന്നാമതെത്തി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ 'ഇന്ത്യൻ ഓയിൽ വൺ' ആപ്. ജനപ്രിയ എ.ഐ പ്ലാറ്റ്‌ഫോമായ ചാറ്റ് ജി.പി.ടിയെപോലും പിന്നിലാക്കിയാണ് ഗ്യാസ് ബുക്കിങ് ആപ് മുന്നേറുന്നത്. പാചകവാതക പ്രതിസന്ധി ഭയന്ന് ജനങ്ങൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനായി ആപ് ഉപയുക്തമാക്കിയതോടെയാണ് ഇന്ത്യൻ ഓയിൽ വൺ ഒന്നാമതെത്തിയത്.
എൽ.പി.ജി സിലിണ്ടറുകൾ ബുക്ക് ചെയ്യാനും, ബുക്കിങ് നില പരിശോധിക്കാനും, പുതിയ കണക്ഷൻ എടുക്കാനും സഹായിക്കുന്ന സൗജന്യ ആപ്പാണ് ഇന്ത്യൻ ഓയിൽ വൺ. കഴിഞ്ഞ 30 ദിവസത്തിനിടെ 40 ലക്ഷത്തിലധികം ആളുകളാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. പ്ലേ സ്റ്റോറിൽ ഒരു ലക്ഷത്തിലധികം ഡൗൺലോഡുള്ള "ഇന്ത്യൻ ഓയിൽ പി.എൻ.ജി" പോലുള്ള മറ്റു ആപ്ലിക്കേഷനുകളേക്കാൾ കൂടുതലാണിത്. തിരക്കേറിയതോടെ പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഓൺലൈൻ ബുക്കിങ് സംവിധാനങ്ങൾ തകരാറിലാവുകയും ചെയ്തിട്ടുണ്ടായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഗ്യാസ് വിതരണ കേന്ദ്രങ്ങളിൽ നീണ്ട നിരയായിരുന്നു. ഇതോടെ ഇൻഡക്ഷൻ കുക്കറുകൾക്കും മറ്റു ഇലക്ട്രിക് ബദലുകൾക്കുമായി ഇ-കോമേഴ്‌സ് സൈറ്റുകളിൽ തിരക്ക് വർധിച്ചിരിക്കുകയാണ്.
നിലവിൽ രാജ്യത്ത് 33.4 കോടി എൽ.പി.ജി ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. പൈപ്പ് വഴിയുള്ള പാചകവാതക കണക്ഷൻ കേവലം 1.5 കോടി വീടുകളിൽ മാത്രമാണുള്ളത്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പാചകവാതക ബുക്കിങ്ങിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാമ്പത്തിക വർഷം ശരാശരി 55.7 ലക്ഷം സിലിണ്ടറുകളാണ് പ്രതിമാസം ബുക്ക് ചെയ്തിരുന്നതെങ്കിൽ, കഴിഞ്ഞ വ്യാഴാഴ്ച മാത്രം ഇത് 75.7 ലക്ഷമായി ഉയർന്നു. ഒറ്റയടിക്ക് 35 ശതമാനത്തിലേറെ വർധനയാണ് ബുക്കിങ്ങിൽ ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

