
Photo Source: PTI
‘ഇന്ത്യയിലെ എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ്‌ടോപ്പ്’; ഈ ‘കേന്ദ്ര സർക്കാർ സ്കീം’ വ്യാജമാണ്, സൂക്ഷിക്കുക....
text_fieldsകേന്ദ്ര സർക്കാരിന്റെ പേരിൽ ഇന്റർനെറ്റിൽ പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ രംഗത്ത്. വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സർക്കാർ സൗജന്യ ലാപ്‌ടോപ്പുകൾ നൽകുന്നുണ്ടെന്നും ചില വിശദാംശങ്ങൾ നൽകി ഒരു ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആളുകൾക്ക് ഓഫർ പ്രയോജനപ്പെടുത്താമെന്നുമാണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. ഈ വിഷയത്തിൽ ഫാക്ട് ചെക്ക് നടത്തിയ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ആണ് യാഥാർത്ഥ്യം വെളിച്ചത്ത് കൊണ്ടുവന്നത്. കേന്ദ്ര സർക്കാറിന്റെ അത്തരമൊരു സ്കീം നിലവിലില്ലെന്നും തട്ടിപ്പിൽ വീഴരുതെന്നും പിഐബി നിർദ്ദേശം നൽകി.
‘പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് പദ്ധതി 2023-24’ എന്ന പേരിലുള്ള വ്യാജ പോസ്റ്ററാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന പദ്ധതിയാണെന്നും ഇന്ത്യയിലെ ഏത് സംസ്ഥാനത്തുള്ള വിദ്യാർഥികൾക്കും ലാപ്ടോപ്പ് ലഭിക്കുമെന്നും പറയുന്നു. ലാപ്ടോപ് ലഭിക്കുന്ന ഓഫർ ക്ലെയിം ചെയ്യുന്നതിന് ചില വിശദാംശങ്ങൾ പങ്കിടാനും അവർ ലിങ്ക് ചെയ്‌തിരിക്കുന്ന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്നത് തുടരാനും ആളുകളോട് ആവശ്യപ്പെടുന്നുമുണ്ട്.
എന്നാൽ, പോസ്റ്റർ കണ്ടെത്തിയ പിഐബി, വിദ്യാഭ്യാസ മന്ത്രാലയം സൗജന്യ ലാപ്‌ടോപ്പിന്റെ ഒരു പദ്ധതിയും നടത്തുന്നില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് ട്വിറ്ററിൽ രംഗത്തുവന്നു. പോസ്റ്റർ വ്യാജമാണ്. വാക്യങ്ങൾ ശരിയായി ഫ്രെയിം ചെയ്തിട്ടില്ലാത്തതിനാലും വ്യാകരണം തെറ്റായതിനാലും അത് വളരെ വ്യക്തമാണ്. - പിഐബി വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകളിൽ വീണ് നമ്മൾ പങ്കിടുന്ന ബാങ്കിങ് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ സൈബർ കുറ്റവാളികൾ ദുരുപയോഗം ചെയ്യും.
“The government of India has been launched this Prime Minister Free Laptop Scheme which is specially for all the India State, all the eligible students can apply for the PM Free Laptop Scheme though official website www.pmflsgovt.in.
“ഇന്ത്യൻ സർക്കാർ പുതിയ പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് സ്കീം ആരംഭിച്ചിരിക്കുന്നു, ഇത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ളതാണ്, യോഗ്യരായ എല്ലാ വിദ്യാർത്ഥികൾക്കും ഔദ്യോഗിക വെബ്‌സൈറ്റ് www.pmflsgovt.in സന്ദർശിച്ച് പ്രധാനമന്ത്രി സൗജന്യ ലാപ്‌ടോപ്പ് സ്കീമിന് അപേക്ഷിക്കാം’’. -പോസ്റ്ററിൽ നൽകിയിരിക്കുന്ന സന്ദേശം ഇങ്ങനെയാണ്.