
‘2027-ഓടെ ഇന്ത്യ ലോകത്തിന്റെ ഐഫോൺ ഫാക്ടറിയാകും’; റിപ്പോർട്ട്
text_fieldsപല കാരണങ്ങളാൽ ആപ്പിൾ അവരുടെ ഉത്പന്നങ്ങളുടെ നിര്‍മാണം ചൈനയിൽ നിന്നും പൂർണ്ണമായും മാറ്റാനുള്ള ഒരുക്കത്തിലാണ്. അതേസമയം, തങ്ങളുടെ പ്രധാന ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കാനായി അമേരിക്കൻ ടെക് ഭീമൻ അടുത്തതായി ലക്ഷ്യമിടുന്ന ഏഷ്യൻ രാജ്യങ്ങൾ ഇന്ത്യയും വിയറ്റ്നാമുമാണ്.
2025 ഓടെ ആപ്പിൾ തങ്ങളുടെ ഐഫോൺ ഉൽപ്പാദനത്തിന്റെ 25 ശതമാനവും ഇന്ത്യയിലേക്ക് മാറ്റുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 2027 ഓടെ ഇന്ത്യയിലെ ഐഫോൺ ഉത്പാദനം 50 ശതമാനമായി ഉയരുമെന്നാണ്. അങ്ങനെ സംഭവിച്ചാൽ ചൈനക്ക് പകരം ആപ്പിളിന്റെ പ്രധാനപ്പെട്ട ഉൽപ്പന്ന ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറിയേക്കും.
നിലവിൽ ലോകത്തിലെ ആകെ ഐഫോൺ നിർമാണത്തിന്റെ വെറും അഞ്ച് ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവന. 2027 ഓടെ ലോകത്തിലെ രണ്ടിലൊരു ഐഫോൺ ഇന്ത്യയാകും നിർമ്മിക്കുകയെന്ന് തായ്‌വാനിലെ ഡിജിടൈംസ് പത്രത്തിന്റെ ഗവേഷണ വിഭാഗത്തിലെ അനലിസ്റ്റായ ലൂക്ക് ലിൻ പറയുന്നു. 2025-ഓടെ ലോകമെമ്പാടുമുള്ള ആപ്പിൾ ഐഫോണുകളുടെ 25 ശതമാനവും ഇന്ത്യയിൽ നിർമിക്കപ്പെടുമെന്ന് ജെപി മോർഗനായിരുന്നു പ്രവചിച്ചത്.
കാരണമായത് ഇന്ത്യയുടെ ഐഫോൺ കയറ്റുമതി...
ഇന്ത്യയുടെ ഐഫോൺ കയറ്റുമതി വിഹിതത്തിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടമാണ് പുതിയ പ്രവചനങ്ങൾക്ക് കാരണമെന്നും സൗത് ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഇന്ത്യയുടെ ഐഫോൺ കയറ്റുമതി, 2021-ലെ ഇതേ കാലയളവിന്റെ ഇരട്ടിയായി വർധിച്ചിരുന്നു. ഐഫോൺ 15 സീരീസ് ആപ്പിൾ ഒരേസമയം ചൈനയിലും ഇന്ത്യയിലും നിർമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ആപ്പിളിന്റെ പ്രധാന വിപണിയായി ചൈന തന്നെയാണ് തുടരുന്നത്. 2022 മൂന്നാം പാദത്തിൽ ചൈനയിൽ ആപ്പിൾ 36 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ചൈനയിൽ സംഭവിച്ചത്....!
ചൈനയിലെ ഐഫോണ്‍ സിറ്റി പ്ലാന്റ്, ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയാണ്. അവിടെ നവംബറില്‍ നടന്ന തൊഴിലാളി പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയായിരുന്നു ആപ്പിൾ അവരുടെ ഉത്പന്ന നിർമാണം മറ്റൊരു രാജ്യത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.
മൂന്ന് ലക്ഷത്തോളം ജീവനക്കാർ ജോലി ചെയ്യുന്ന ചൈനയിലെ ഫാക്ടറിയിൽ വേതനത്തെ ചൊല്ലിയായിരുന്നു ജീവനക്കാർ പ്രതിഷേധം നടത്തിയത്. ആ പ്രതിഷേധങ്ങള്‍ ഐഫോണ്‍ 14 സീരീസിന്റെ കയറ്റുമതിയെ സാരമായി ബാധിക്കുകയും ചെയ്തു. ചൈനയിലെ കോവിഡ് നിയന്ത്രങ്ങളും ആപ്പിളിന്റെ മനംമാറ്റത്തിന് കാരണമായി മാറി.