എഐ ഉപയോഗത്തിൽ ഇന്ത്യ രണ്ടാമത്; മുന്നിൽ ഈ മേഖലയിലുള്ളവർ...
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ ഉപയോഗത്തിൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലയിലുള്ളവരാണ് മുന്നിലെന്ന് ആന്ത്രോപിക്കിന്റെ പുതിയ സാമ്പത്തിക സൂചിക വ്യക്തമാക്കുന്നു. എ.ഐ ചാറ്റ്ബോട്ടായ ക്ലോഡിന്റെ ഉപയോഗം സംബന്ധിച്ച് ജൂണിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ കമ്പ്യൂട്ടർ, ഗണിതശാസ്ത്ര വിഭാഗം ജോലികളാണ് ഏറ്റവും ഉയർന്ന ശതമാനത്തിലുള്ള എ.ഐ ഉപയോഗം രേഖപ്പെടുത്തിയിരിക്കുന്നത് (26.17 ശതമാനം). വിദ്യാഭ്യാസവും ലൈബ്രറിയും (14.85%), കല-ഡിസൈൻ-എന്റർടൈൻമെന്റ്-മീഡിയ (11.82%), സെയിൽസ് (7.84%), ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് പിന്തുണ (7.46%), മാനേജ്മെന്റ് (6.84%), ആർക്കിടെക്ചർ-എൻജിനീയറിങ് (3.72%) എന്നിങ്ങനെയാണ് മറ്റ് മേഖലകളിലെ ഉപയോഗ കണക്കുകൾ.
ലോകത്തിലെ ഏറ്റവും വലിയ 15 ക്ലോഡ് വിപണികളിൽ കമ്പ്യൂട്ടർ, ഗണിതം, എൻജിനീയറിങ് മേഖലകളിൽ ഇന്ത്യയുടെ സംയോജിത ഉപയോഗം 29.9 ശതമാനമാണ്. ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. ബ്രസീൽ (29.4%), പാകിസ്ഥാൻ (28.9%), മെക്സിക്കോ (28.7%), യു.എസ് (24%) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് രാജ്യങ്ങൾ. മെയ് മാസത്തെ കണക്കനുസരിച്ച് ആഗോള ക്ലോഡ് ഉപയോഗത്തിന്റെ 7.12 ശതമാനമുള്ള ഇന്ത്യ, യു.എസിന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ എ.ഐ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായി മാറി.
പരമ്പരാഗത എൻജിനീയറിങ് മേഖലകളെ അപേക്ഷിച്ച് സോഫ്റ്റ്‌വെയർ, കമ്പ്യൂട്ടിങ് മേഖലകളിലാണ് ക്ലോഡിന്റെ ഉപയോഗം കേന്ദ്രീകരിച്ചിരിക്കുന്നത്. ഡോക്യുമെന്റ് മാനേജ്‌മെന്റ് സ്പെഷ്യലിസ്റ്റുകൾ (3.87%), ഡാറ്റ വെയർഹൗസിങ് സ്പെഷ്യലിസ്റ്റുകൾ (2.56%), കമ്പ്യൂട്ടർ പ്രോഗ്രാമർമാർ (2.49%), വെബ് ആൻഡ് ഡിജിറ്റൽ ഇന്റർഫേസ് ഡിസൈനർമാർ (2.38%) എന്നിവരാണ് എ.ഐ ഉപയോഗത്തിൽ മുൻനിരയിലുള്ളത്. അതേസമയം, ഓട്ടോമോട്ടീവ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ എൻജിനീയർമാർ എന്നിവരുടെ ഉപയോഗം വളരെ കുറവാണ്.
ഇന്ത്യയിൽ ഗണിതശാസ്ത്ര സിദ്ധാന്തങ്ങൾക്കും കമ്പ്യൂട്ടർ സയൻസിനുമായി ക്ലോഡ് ഉപയോഗിക്കുന്നത് ആഗോള നിരക്കിന്റെ ഇരട്ടിയാണ്. എ.ഐ ആപ്ലിക്കേഷൻ നിർമാണത്തിൽ 1.8 മടങ്ങും ഡോക്യുമെന്റ് മാറ്റങ്ങൾക്ക് 1.6 മടങ്ങുമാണ് ആഗോള ശരാശനിയേക്കാൾ ഇന്ത്യയിലുള്ള ഉപയോഗം. കമ്പ്യൂട്ടർ, ഗണിതശാസ്ത്ര മേഖലകളിൽ 65 ശതമാനം സംഭാഷണങ്ങളും മനുഷ്യർക്ക് സഹായകരമാകുന്ന 'ഓഗ്മെന്റേഷൻ' വിഭാഗത്തിലും 35 ശതമാനം ജോലികൾ സ്വയം നിർവഹിക്കുന്ന 'ഓട്ടോമേഷൻ' വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. ഇത് ഇന്ത്യയിൽ എ.ഐ പ്രധാനമായും മനുഷ്യരുടെ ജോലിക്ക് പകരമായല്ല, മറിച്ച് സഹായിയായിട്ടാണ് കൂടുതലും ഉപയോഗിക്കുന്നത് എന്നതിന്റെ സൂചനയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

