യു.പി.ഐ ഇടപാടുകൾ ഇനി എഐ സ്വയം ചെയ്യും; ഏജന്‍റിക് പേമെന്‍റ് സംവിധാനം നടപ്പാക്കാൻ ഒരുങ്ങി ഇന്ത്യ
text_fieldsഇനി ഡിജിറ്റൽ ഇടപാടുകൾ നടത്താൻ നിങ്ങളുടെ അനുമതി വേണ്ട, പകരം എഐ ഏജന്‍റ് സ്വയം ചെയ്തോളും. ഉപയോക്താക്കളുടെ പ്രത്യേക അനുമതി കൂടാതെ ചെറിയ ഡിജിറ്റൽ ഇടപാടുകൾ നടത്തുവാൻ എഐ ഏജന്റുകളെ അനുവദിക്കുന്നതിനുള്ള പുതിയ ഫ്രെയിംവർക്ക് ഇന്ത്യ തയാറാക്കുന്നതായാണ് പുതിയ റിപ്പോർട്ട്. ഇതുവഴി യു.പി.ഐ ലോകത്തിലെ ഏറ്റവും വലിയ എഐ-അധിഷ്ഠിത പേയ്‌മെന്റ് നെറ്റ്‌വർക്കുകളിലൊന്നായി മാറിയേക്കാം. പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് പോലുള്ള ചെറിയ ഇടപാടുകൾക്ക് ഓരോ തവണയും പ്രത്യേക അനുമതി നൽകാതെ തന്നെ മുൻകൂട്ടി നിശ്ചയിച്ച നിയമങ്ങളുടെ അടിസ്ഥാനത്തിൽ എഐ ഏജന്റുകൾക്ക് പണം നൽകാൻ ഇതിലൂടെ സാധിക്കും.
നിലവിലുള്ള യുപിഐ സർക്കിൾ, റിസർവ് പേ എന്നീ സംവിധാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ പ്രോട്ടോക്കോൾ പ്രവർത്തിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് എഐ ഏജന്റുകൾക്ക് നിശ്ചിത തുകയുടെ ഇടപാട് നടത്താനുള്ള അധികാരം നൽകാൻ സാധിക്കും. അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ സമാനമായ സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, രാജ്യവ്യാപകമായി ദേശീയ തലത്തിൽ യുപിഐ സംവിധാനത്തിലേക്ക് എഐ പേയ്‌മെന്റുകൾ കൊണ്ടുവരുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നാകും ഇന്ത്യ.
ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനായി കൃത്യമായ ചെലവ് പരിധികൾ, ഓഡിറ്റ് ട്രയലുകൾ, ഐഡന്റിറ്റി പരിശോധനകൾ എന്നിവയും ഇതിൽ ഉൾപ്പെടുത്താൻ എൻ.പി.സി.ഐ പദ്ധതിയിടുന്നുണ്ട്. മാസ്റ്റർകാർഡ്, വിസ തുടങ്ങിയ ആഗോള കാർഡ് നെറ്റ്‌വർക്കുകളും ഇന്ത്യയിൽ സമാനമായ എഐ പേയ്‌മെന്റ് സംവിധാനങ്ങൾ വികസിപ്പിച്ചുവരുന്നുണ്ട്. ഡിജിറ്റൽ വാണിജ്യ രംഗത്ത് വലിയൊരു മാറ്റത്തിന് ഇത് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗസ്റ്റ് മാസത്തിൽ യു.പി.ഐ വഴിയുള്ള ഇടപാടുകൾ 29.8 ലക്ഷം കോടി രൂപയായി. ആഗസ്റ്റിൽ പ്രതിദിനം ശരാശരി 791 ദശലക്ഷം യു.പി.ഐ ഇടപാടുകളാണ് ഇന്ത്യയിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

