
ഡോർമിറ്ററികളിൽ പഴകിയ ഭക്ഷണം, വൃത്തിഹീനമായ ടോയ്ലറ്റ്; സ്ത്രീകൾ സമരം ചെയ്ത് പൂട്ടിച്ച ഇന്ത്യയിലെ ഐഫോൺ പ്ലാൻറ് തുറന്നു
text_fieldsമോശം തൊഴിൽ സാഹചര്യങ്ങൾക്കെതിരായ ജീവനക്കാരുടെ സമരത്തിന് പിന്നാലെ അടച്ചുപൂട്ടിയ ഇന്ത്യയിലെ ആപ്പിൾ ഐഫോൺ പ്ലാൻറ് മൂന്ന് ആഴ്ച്ചകൾക്ക് ശേഷം ഭാഗികമായി തുറന്നു. ആപ്പിൾ വിതരണക്കാരായ ഫോക്‌സ്‌കോൺ നടത്തുന്ന ചെന്നൈക്ക് പുറത്ത് ശ്രീപെരുമ്പത്തൂർ ആസ്ഥാനമായുള്ള ഐഫോൺ നിർമ്മാണ കേന്ദ്രമാണ് തുറന്നത്. ജോലിക്ക് മടങ്ങുന്ന സ്ത്രീ തൊഴിലാളികളുടെ കോവിഡ് പരിശോധന നടക്കുകയാണ് നിലവിൽ.
കഴിഞ്ഞ ഡിസംബറിൽ, തൊഴിലാളികളെ പാർപ്പിച്ചിരുന്ന ഡോർമിറ്ററികളിൽ വെച്ച് 250-ലധികം പേർക്ക് (പ്രധാനമായും സ്ത്രീകൾക്ക്) ഭക്ഷ്യവിഷബാധയേൽക്കുകയും പലരും ആശുപത്രിയിലാവുകയും ചെയ്തിരുന്നു. തുടർന്ന് 4,000ത്തോളം സ്ത്രീകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഫാക്ടറി പൂേട്ടണ്ട സാഹചര്യം വന്നത്. ഫോക്‌സ്‌കോണിന്റെ ഡോർമിറ്ററികളിൽ വിതരണം ചെയ്യുന്ന ഭക്ഷണം പഴകിയതാണെന്നായിരുന്നു തൊഴിലാളികൾ ആരോപിച്ചത്.
കൂടാതെ, ടോയ്‌ലറ്റുകൾ വൃത്തിഹീനവും അപര്യാപ്തവുമാണെന്നും വെള്ളം പോലും ലഭിക്കുന്നില്ലെന്നും വനിതാ ജീവനക്കാർ പറഞ്ഞിരുന്നു. ഡോർമിറ്ററികളിൽ താമസിച്ചിരുന്ന പല സ്ത്രീകളും അവിടുത്തെ ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് തങ്ങൾ നിർത്തിയതായി എൻ.ഡി.ടി.വി നടത്തിയ അന്വേഷണത്തിൽ വെളിപ്പെടുത്തിയിരുന്നു. പകരം ജോലിസ്ഥലത്തെ ശുചിമുറികൾ ഉപയോഗിക്കാനായി ജോലി സമയംവരെ കാത്തിരിക്കുകയാണ് പതിവെന്നും പലരും വ്യക്തമാക്കുകയുണ്ടായി.
ചെറിയ റൂമുകളിൽ തൊഴിലാളികളെ കുത്തിനിറക്കുന്ന സാഹചര്യവുമുണ്ട്. അതേസമയം, സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നുണ്ട്. എന്നാൽ, തൊഴിലാളികൾ സംഭവത്തിൽ പ്രതികരണമറിയിച്ചിട്ടില്ല. പ്രതിഷേധക്കാർ കഴിഞ്ഞ മാസം മാധ്യമങ്ങളോട് സംസാരിച്ചിരുന്നുവെങ്കിലും, നിലവിൽ പ്രതികരിക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് പലരും പറയുന്നുണ്ട്.
ഡിസംബറിൽ നടന്ന പ്രതിഷേധങ്ങൾ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകൾ നിർമ്മിക്കുന്ന ഫോക്‌സ്‌കോൺ സ്ഥാപനത്തിലെ തൊഴിൽ സാഹചര്യങ്ങൾ തുറന്നുകാട്ടിയതോടെ ട്രില്യൺ ഡോളർ കമ്പനിയായ ആപ്പിൾ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കാനാവശ്യപ്പെട്ടുകൊണ്ട് അവരെ പ്രൊബേഷനിലാക്കിയിരുന്നു.