മൊത്തം ജീവനക്കാർ കൂടിയതിനാൽ 8000 പേരെ പിരിച്ചുവിട്ട് ഐ.ബി.എം; പകരം എ.ഐ
text_fieldsതങ്ങളുടെ എച്ച്.ആർ വിഭാഗത്തിലെ ഇരുന്നൂറോളം ജോലികൾ എ.ഐ ഏജന്റുകളെ ഉപയോഗിച്ച് നിർവഹിച്ചു തുടങ്ങിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ 8000 ജീവനക്കാരെ പിരിച്ചുവിട്ട് ആഗോള ടെക് ഭീമൻ ഐ.ബി.എം. ഓട്ടോമേഷന്റെ ഭാഗമായി നടപ്പാക്കിയ എ.ഐ വത്കരണത്തോടെ, മനുഷ്യർ ചെയ്തുകൊണ്ടിരുന്ന നിരവധി ജോലികളാണ് നഷ്ടമായത്.
അതേസമയം, കമ്പനിയിൽ ആകെ ജീവനക്കാരുടെ എണ്ണം കൂടിയിരിക്കുന്നതായാണ് സി.ഇ.ഒ അരവിന്ദ് കൃഷ്ണ അവകാശപ്പെടുന്നത്. എന്തായാലും, മനുഷ്യജോലികൾ എ.ഐ ഇല്ലാതാക്കുമെന്നും ഇല്ലെന്നുമുള്ള രണ്ടു വാദങ്ങൾക്കും സ്കോപ്പുള്ള സാഹചര്യമാണ് ഐ.ബി.എമ്മിൽ ഉണ്ടായിരിക്കുന്നതെന്ന് സിലക്കൺ വാലി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
രണ്ടു വാദത്തിനും ഇടനൽകുന്ന കാര്യം തന്നെയാണ് ഐ.ബി.എം സി.ഇ.ഒ ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ‘‘ഓട്ടോമേഷൻ വഴിയുള്ള ലാഭം, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, മാർക്കറ്റിങ്, സെയിൽസ് തുടങ്ങി മറ്റു മേഖലകളിൽ നിക്ഷേപിക്കുകയാണ് ഞങ്ങൾ. അതുകൊണ്ടാണ് ജീവനക്കാരുടെ എണ്ണം വർധിക്കുന്നത്. അതായത്, മറ്റു മേഖലകളിൽ നിക്ഷേപിക്കാൻ എ.ഐ നിങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നു’’ -അരവിന്ദ് കൃഷ്ണ പറയുന്നു.
അതായത്, ജോലികൾ കുറയുകയല്ലെന്നും ഫോക്കസ് മാറുകയാണെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ക്രിയേറ്റിവിറ്റിയും സ്ട്രാറ്റജിക് തിങ്കിങ് തുടങ്ങിയവ ആവശ്യമുള്ള മേഖലകളും ശക്തമായ സ്കിൽ ആവശ്യമുള്ള ജോലികൾക്കും ഇപ്പോഴും ഡിമാൻഡ് ഉണ്ട്. ദിനചര്യ സ്വഭാവത്തിലുള്ളവും ആവർത്തിച്ചുവരുന്നതും ബാക് ഓഫിസ് ജോലികളുമാണ് ഭീഷണിയിലായതെന്നും ഐ.ബി.എം വിശദീകരിക്കുന്നു.
എ.ഐവത്കരണമെന്ന് പ്രഖ്യാപനം; വിമർശനത്തെ തുടർന്ന് യുടേൺ
കമ്പനിയിൽ മനുഷ്യന് പകരം ഭൂരിഭാഗവും എ.ഐക്ക് വിട്ടുകൊടുക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് വൻ വിമർശനമേറ്റുവാങ്ങിയ, ഭാഷാ പഠന ആപ് കമ്പനി ഡ്യൂലിംഗോ (Duolingo) യൂടേണടിച്ചു. മനുഷ്യ ജീവനക്കാർക്ക് പകരം എ.ഐ ഏർപ്പെടുത്തുന്നില്ലെന്ന് കമ്പനി സി.ഇ.ഒ ലൂയിസ് വോൺ ആൻ വിശദീകരിച്ചു. തങ്ങളുടെ ടീം ചെയ്യുന്ന ജോലികളുടെ നിലവാരം മെച്ചപ്പെടുത്താൻ എ.ഐ ഉപയോഗപ്പെടുത്തുമെന്നാണ് വോണിന്റെ പുതിയ നിലപാട്.
നിയമനങ്ങൾ മുമ്പുള്ളപോലെ തുടരുകയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. എ.ഐ വത്കരണം നടത്തുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ വിമർശനത്തെ തുടർന്ന് പിന്മാറുന്ന ആദ്യത്തെ കമ്പനിയല്ല ഡ്യൂലിംഗോ. ഫിൻടെക് കമ്പനിയായ ക്ലാർന ഇതുപോലെ തീരുമാനം മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

