Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുലർച്ചെ 5.30 മുതൽ ജനം ഒഴുകിയെത്തി; ദുബൈയിൽ ഐഫോൺ 18 സീരീസ് വാങ്ങാൻ വൻ ജനത്തിരക്ക്

text_fields
bookmark_border
പുലർച്ചെ 5.30 മുതൽ ജനം ഒഴുകിയെത്തി; ദുബൈയിൽ ഐഫോൺ 18 സീരീസ് വാങ്ങാൻ വൻ ജനത്തിരക്ക്
cancel

ദുബൈ: ദുബൈ മാളിലെ ആപ്പിൾ സ്റ്റോറിനുമുന്നിൽ വെള്ളിയാഴ്ച പുലർച്ചെ 5.30 മുതൽ വൻ ജനത്തിരക്കായിരുന്നു. യു.എ.ഇയിൽ ഐഫോൺ 18 സീരീസിന്‍റെ വിൽപന ഔദ്യോഗികമായി ആരംഭിച്ചതോടെ പുതിയ ഫോണുകൾ സ്വന്തമാക്കാൻ എത്തിയത് നിരവധിയാളുകൾ. മുൻകൂട്ടി ബുക്ക് ചെയ്ത് നിർദിഷ്ട സമയം ലഭിച്ച ഉപഭോക്താക്കൾക്ക് മാത്രമാണ് ലോഞ്ച് ദിനത്തിൽ സ്റ്റോറിൽ നേരിട്ടെത്തി ഫോണുകൾ കൈപ്പറ്റാൻ അനുമതിയുണ്ടായിരുന്നത്.

പ്രീ-ഓർഡർ ഘട്ടത്തിൽ തന്നെ വൻ വരവേൽപ്പാണ് പുതിയ ഫോണുകൾക്ക് ലഭിച്ചത്. പ്രീ-ഓർഡർ ആരംഭിച്ച് 20 മിനിറ്റിനുള്ളിൽതന്നെ ചില മോഡലുകൾ പൂർണമായും വിറ്റുതീർന്നു. യു.എസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ഐഫോൺ 18 ലഭിക്കുന്ന രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. കൂടാതെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ മേഖലയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ആപ്പിൾ ഉൽപന്നങ്ങൾ ലഭ്യമാകുന്ന വിപണിയും യു.എ.ഇയാണ്.

ഐഫോൺ 18 പ്രോയുടെ ആരംഭ വില 5,099 ദിർഹവും, പ്രോ മാക്സ് മോഡലിന്‍റേത് 5,499 ദിർഹവുമാണ്. 256 ജി.ബി മുതൽ 2 ടി.ബി വരെയുള്ള സ്റ്റോറേജ് വേരിയന്‍റുകളിൽ ഫോൺ ലഭ്യമാകും. ഇതുകൂടാതെ, ആപ്പിളിന്‍റെ മടക്കാവുന്ന പ്രഥമ ഫോണായ ‘ഐഫോൺ ഡ്യുവോ’ ഒക്ടോബർ 23ന് യു.എ.ഇ വിപണിയിലെത്തും. 8,499 ദിർഹം ആരംഭ വിലയുള്ള ഈ ഫോണിന്‍റെ പ്രീ-ഓർഡർ ഒക്ടോബർ 16ന് ആരംഭിക്കും.

ആദ്യ ഉപഭോക്താവായി മുഹമ്മദ് ഷാക്ക

യു.എ.ഇയിൽ പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കിയ ആദ്യ ഉപഭോക്താവായി പാകിസ്താനി അക്കൗണ്ടന്‍റായ മുഹമ്മദ് ഷാക്ക മാറി. ദീർഘകാലമായി ഐഫോൺ മോഡലുകൾ ഉപയോഗിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന ഇദ്ദേഹം, ആപ്പിൾ നൽകിയ ഇമെയിൽ സന്ദേശമനുസരിച്ചാണ് ദുബൈ മാളിലെത്തി ഫോൺ ഏറ്റുവാങ്ങിയത്.

ഐഫോൺ 4 പുറത്തിറങ്ങിയ കാലം മുതൽ ആപ്പിളിന്‍റെ എല്ലാ പുതിയ പതിപ്പുകളും വാങ്ങുന്ന ശീലമുണ്ടെന്ന് ഷാക്ക പറഞ്ഞു. പഴയ ഫോണുകൾ വിൽക്കാതെ വീട്ടിൽ ശേഖരമായി സൂക്ഷിക്കാറുള്ള അദ്ദേഹം, ഇത്തവണ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കാനും രാജ്യത്തെ ആദ്യ ഉപഭോക്താവാകാനും സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Huge rush to buy iPhone 18 series in Dubai
Next Story