
ചൈനക്ക് പുറത്തുള്ള ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് സ്റ്റോറുമായി ഹ്വാവേ റിയാദിലേക്ക്
text_fieldsചൈനീസ് ടെക് ഭീമനായ ഹ്വാവേ സൗദി അറേബ്യയിൽ പുതിയ ഫ്ലാഗ്ഷിപ്പ് സ്റ്റോർ തുറക്കാനൊരുങ്ങുന്നു. ചൈനക്ക് പുറത്തുള്ള ഏറ്റവും വലിയ ഹ്വാവേ സ്റ്റോർ ആയിരിക്കും റിയാദിൽ സ്ഥാപിക്കുക. സൗദി സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽപ്പന നടത്താൻ അനുവദിക്കുന്ന സ്റ്റോറിനായി ഹ്വാവേ, സൗദി അറേബ്യയിലെ കാദെൻ ഇൻവെസ്റ്റ്‌മെൻറുമായി പാട്ടക്കരാർ ഒപ്പുവച്ചതായും റിപ്പോർട്ടുണ്ട്.
2017ല്‍ സൗദിയിലെ ജനങ്ങളിൽ 73 ശതമാനമായിരുന്നു ഇൻറർനെറ്റ് ഉപയോഗിച്ചിരുന്നതെങ്കിൽ, 2022ൽ അത് 82 ശതമാനമായി ഉയരുമെന്ന് രാജ്യം കണക്കുകൂട്ടുന്നുണ്ട്. അതോടെ ഡിജിറ്റൽ ഉത്പ്പന്നങ്ങൾക്കും സേവനങ്ങൾക്കും വൻ തോതിൽ ആവശ്യമുയരുന്ന സാഹചര്യമുണ്ടാകും. അത് മുതലാക്കാനാണ് ഹ്വാവേ ലക്ഷ്യമിടുന്നത്.
അറബിക് ഭാഷയിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങളാണ് കമ്പനി വില്‍ക്കുക എന്നാണ് സൂചന. സൗദിയിലെയും ഹ്വാവേയുടെയും ഗവേഷകൻമാരുടെ സഹായത്തോടെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അറബി ഭാഷയും അക്ഷരങ്ങളും തിരിച്ചറിയുന്നതിനായി കഴിഞ്ഞ വർഷം സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസും ഹ്വാവേയും ഒരു ധാരണാ പത്രത്തിൽ ഒപ്പിട്ടിരുന്നു.