
ഫുട്ബാളുകൾ കൂട്ടമായി സ്മാർട്ട്ഫോൺ പോലെ ചാർജ് ചെയ്യുന്നു..! ഖത്തറിലെ ഹൈ-ടെക് പന്തിനെ കുറിച്ചറിയാം
text_fieldsഫിഫ ലോകകപ്പ് 2022-ന്റെ ആവേശത്തിരമാലയിലാണ് ഖത്തർ. വമ്പൻമാരെ വിറപ്പിക്കുന്ന കുഞ്ഞൻ ഏഷ്യൻ ടീമുകളാണ് ഇത്തവണത്തെ ലോകകപ്പിന്റെ സ്‍പെഷ്യാലിറ്റി. അതോടൊപ്പം ഒരുപാട് പ്രത്യേകതകൾ കൊണ്ടുവന്ന ലോകകപ്പ് കൂടിയാണ് ഖത്തറിലേത്. പ്രത്യേകിച്ച് പുത്തൻ സാങ്കേതിക വിദ്യകളുടെ കാര്യത്തിൽ.
ഇത്തവണത്തെ ലോകകപ്പിൽ ഇതിഹാസ താരങ്ങൾ തട്ടുന്ന പന്തിന്റെ പേര് 'അൽ രിഹ്‍ല' എന്നാണ്. ഖത്തറിലെ ഫുട്ബാൾ മാമാങ്കത്തിന് വേണ്ടി മാത്രമായി പ്രത്യേകരീതിയിൽ ഡിസൈൻ ചെയ്ത ഫുട്ബാളാണ് അൽ രിഹ്‍ല. സമൂഹ മാധ്യമങ്ങളിൽ അൽ രിഹ്‍ലയെന്ന പന്ത് ഇപ്പോൾ വൈറലാണ്. കാരണം, ലോകകപ്പ് നടക്കുന്ന മൈതാനത്ത് വെച്ച് 'അൽ രിഹ്‍ല' പന്തുകൾ കൂട്ടമായി സ്മാർട്ട് ഫോൺ പോലെ ചാർജ് ചെയ്യുന്ന ചിത്രം പുറത്തുവന്നതോടെ ആളുകൾക്ക് കൗതുകമായി.
അതെ, ഇതുവരെയുള്ള ഫുട്ബാൾ ലോകകപ്പുകളിൽ ഉപയോഗിച്ച പന്തുകളിലെ ഏറ്റവും ഹൈ-ടെക് പന്താണ് അൽ രിഹ്‍ല. മത്സരം തുടങ്ങുന്നതിന് മുമ്പായി അൽ രിഹ്‍ല പന്തുകളെല്ലാം ചാർജ് ചെയ്ത് വെക്കും. കാരണം, അഡിഡാസ് നിർമിച്ച പന്തിനകത്ത് ഒരു സാങ്കേതിക വിദ്യയുണ്ട്. അത് വീഡിയോ മാച്ച് ഒഫീഷ്യലുകളുമായി കൃത്യമായ ബാൾ ഡാറ്റ പങ്കുവെകും. പന്തിന്റെ മധ്യഭാഗത്തുള്ള സസ്പെൻഷൻ സംവിധാനത്തിൽ 14 ഗ്രാം മാത്രമുള്ള ഒരു മോഷൻ സെൻസറുണ്ട്, അത് പന്തിന്റെ ചലനത്തിന്റെ എല്ലാ ഘടകങ്ങളിലേക്കുമുള്ള ഉൾക്കാഴ്ച നൽകും.
പന്ത് തത്സമയം ട്രാക്കുചെയ്യാനും ഗെയിമിന്റെ ഏത് നിമിഷത്തിലും അതിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താനും സെൻസർ അനുവദിക്കുന്നു. ഗോളുകളും ഓഫ്‌സൈഡുകളും മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളും വിലയിരുത്തുന്നതിൽ പുതിയ പന്ത് നിർണായകമാണ്. 6 മണിക്കൂർ സജീവമായ ഉപയോഗത്തിന് ശേഷം ചാർജ് ചെയ്യേണ്ട ഒരു ചെറിയ ബാറ്ററിയാണ് സെൻസർ പ്രവർത്തിപ്പിക്കുന്നത്.