Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാ, എ.ഐ ടൂത്ത് ബ്രഷ്!

text_fields
bookmark_border
പല്ലുതേക്കുമ്പോൾ വായ്ക്കുള്ളിൽ ‘കണ്ണും’; ടൂത്ത്‌ബ്രഷുമായി ഡൈസൺ
ഇതാ, എ.ഐ ടൂത്ത് ബ്രഷ്!
cancel

വാക്വം ക്ലീനറും ഹെയർ ഡ്രയറും മുതൽ ഹൈടെക് ഗാഡ്ജറ്റുകൾ വരെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ബ്രിട്ടീഷ് കമ്പനിയായ ഡൈസൺ ഇനി പല്ലുതേക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടുന്നു. പല്ലുകൾക്കിടയിലെ വിടവ് കണ്ടെത്താനും അവിടേക്ക് കൃത്യമായി മൗത്ത്‌വാഷ് എത്തിച്ച് വൃത്തിയാക്കാനും കഴിയുന്ന കാമറ ഘടിപ്പിച്ച സ്മാർട്ട് ഇലക്ട്രിക് ടൂത്ത്‌ബ്രഷാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ഡൈസൻ കാമറ ​ജെറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ടൂത്ത്‌ബ്രഷിന്റെ ബ്രഷ് ഹെഡിന് സമീപമാണ് ചെറു കാമറ സ്ഥാപിച്ചിരിക്കുന്നത്. 100,000 പിക്സൽ മാക്രോ ലെൻസ് കാമറയും മെഷീൻ ലേണിങ് സംവിധാനവും ചേർന്നാണ് പ്രവർത്തനം. സെക്കൻഡിൽ 28 ചിത്രങ്ങൾ പരിശോധിച്ച് പല്ലുകൾക്കിടയിലെ വിടവുകൾ തിരിച്ചറിയുകയാണ് ഇതിന്റെ പ്രധാന സവിശേഷത.

ഡൈസൺ വികസിപ്പിച്ച ‘ഗ്യാപ് ഒപ്റ്റിക്കൽ ടാർഗെറ്റിങ്’ സംവിധാനമാണ് ഇതിന്റെ പ്രധാന സാങ്കേതികവിദ്യ. കാമറ, പല്ലുകൾക്കിടയിൽ വിടവ് കണ്ടെത്തിയാൽ 100 മില്ലിസെക്കൻഡിനുള്ളിൽ ആ ഭാഗത്തേക്ക് മൗത്ത്‌റിന്‍സിന്റെ കോൺ ആകൃതിയിലുള്ള ചെറിയ ജെറ്റ് പുറപ്പെടുവിക്കും. സാധാരണ ബ്രഷിങ്ങിനൊപ്പം പല്ലുകൾക്കിടയിലെ ഭാഗവും വൃത്തിയാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. വൈ-ഫൈ, ബ്ലൂടുത്ത് സംവിധാനങ്ങളുള്ള ഈ ബ്രഷിനെ മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കാം.

ബ്രഷ് ചെയ്യുന്നതിനിടെ കാമറ പകർത്തുന്ന ദൃശ്യങ്ങൾ ഫോണിൽ തത്സമയം കാണാനാകും. ഏതൊക്കെ ഭാഗങ്ങൾ നന്നായി വൃത്തിയാക്കി, എവിടെയാണ് ബ്രഷിങ് നഷ്ടപ്പെട്ടത് തുടങ്ങിയ വിവരങ്ങളും ആപ്പ് നൽകും. ബ്രഷിങ് രീതിയെക്കുറിച്ചുള്ള വ്യക്തിഗത നിർദേശങ്ങൾ, ക്ലീനിങ് കവറേജ് മാപ്പ്, ബ്രഷിങ്-ഫ്ലോസിങ് സംബന്ധിച്ച വിവരങ്ങൾ എന്നിവയും ആപ്പിലൂടെ ലഭ്യമാകും. ആറു വർഷം നീണ്ട ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഫലമാണ് പുതിയ ടൂത്ത്‌ബ്രഷ്.

12.5 മില്ലിലിറ്റർ ശേഷിയുള്ള മൗത്ത്‌റിന്‍സ് ടാങ്കും ടൂത്ത്‌ബ്രഷിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ബ്രഷ് നേരെയോ ചരിച്ചോ തിരശ്ചീനമായോ പിടിച്ചാലും ഒരേ സമ്മർദത്തിൽ മൗത്ത്‌റിന്‍സ് പുറപ്പെടുവിക്കാൻ കഴിയുന്ന ‘ആന്റി-ഗ്രാവിറ്റി’ സംവിധാനം ടാങ്കിലുണ്ട്. ഉപയോഗം കഴിഞ്ഞ് ബ്രഷ് ഡോക്കിങ് സ്റ്റേഷനിൽ വെച്ചാൽ മൂന്ന് സെക്കൻഡിനുള്ളിൽ മൗത്ത്‌റിന്‍സ് ടാങ്ക് വീണ്ടും നിറക്കാനാകും. ഇതേ ഡോക്കാണ് ബ്രഷ് ചാർജ് ചെയ്യുന്നതിനും ഉപയോഗിക്കുന്നത്. യാത്രക്കായി പ്രത്യേക കെയ്സും നൽകുന്നുണ്ട്. ഹൈടെക് സവിശേഷതകൾ പോലെ തന്നെ കാമറ ജെറ്റിന്റെ വിലയും ശ്രദ്ധേയമാണ്. അമേരിക്കയിൽ 499.99 ഡോളറാണ് വില; ഇന്ത്യൻ രൂപയിൽ ഏകദേശം 48,000 രൂപ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Here it is the AI ​​Toothbrush
Next Story