ഉരുൾപൊട്ടൽ ഇനി മുൻകൂട്ടി അറിയാം; ദുരന്ത ഭീഷണിയായ ഗ്രാമങ്ങൾക്ക് കാവലായി 'നിർമിത ബുദ്ധി'
text_fieldsപ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: പ്രകൃതിക്ഷോഭങ്ങൾ വിതക്കുന്ന നാശനഷ്ടങ്ങളിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാൻ അത്യാധുനിക നിർമിത ബുദ്ധിയുമായി (എ.ഐ) ഗവേഷകർ. നേപ്പാളിലെ കിംടാങ് ഗ്രാമം ഉൾപ്പെടെയുള്ള മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി പ്രവചിക്കാനാണ് ശാസ്ത്രലോകം എ.ഐയുടെ സഹായം തേടുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് ജീവൻ അപഹരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്ന ഉരുൾപൊട്ടലുകളെയും മഞ്ഞുവീഴ്ചകളെയും ഇനി നേരത്തെ തിരിച്ചറിയാം.
നേപ്പാളിലെ കിംടാങ് ഗ്രാമത്തിലെ വീടുകളിൽ രൂപപ്പെട്ട വിള്ളലുകളും മരങ്ങൾ ചരിഞ്ഞു വളരുന്നതും ഭൂമിക്കടിയിലെ മാറ്റങ്ങളുടെ സൂചനയാണെന്ന് മെൽബൺ സർവകലാശാലയിലെ ശാസ്ത്രജ്ഞ ആന്റണി ടി ടോർഡെസിലാസ് പറഞ്ഞു. തുടർന്ന് സാറ്റലൈറ്റ് ചിത്രങ്ങളെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിശകലനം ചെയ്തപ്പോൾ ഗ്രാമം സ്ഥിതി ചെയ്യുന്നത് അതീവ അപകടസാധ്യതയുള്ള മേഖലയിലാണെന്ന് കണ്ടെത്തി. ഭൂമിയിലുണ്ടാകുന്ന നേരിയ ചലനങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന റഡാർ സാറ്റലൈറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മനുഷ്യനേത്രങ്ങൾക്ക് തിരിച്ചറിയാൻ കഴിയാത്ത ഈ സൂക്ഷ്മ മാറ്റങ്ങൾ ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുമ്പ് തന്നെ എ.ഐ തിരിച്ചറിയും.
കാലാവസ്ഥാ വ്യതിയാനവും അനിയന്ത്രിതമായ ഖനനവും നിർമാണ പ്രവർത്തനങ്ങളും ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നുണ്ട്. 2025 ഒക്ടോബറിൽ നേപ്പാളിലുണ്ടായ ഉരുൾപൊട്ടലിൽ 60-ഓളം പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ വലിയ തോതിലുള്ള ഡാറ്റ വിശകലനം ചെയ്യാൻ മനുഷ്യസാധ്യമായതിലും വേഗത്തിൽ മെഷീൻ ലേണിങ് സംവിധാനങ്ങൾക്ക് സാധിക്കും. ‘വർഷങ്ങളെടുക്കുന്ന വിശകലനങ്ങൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ എ.ഐക്ക് കഴിയും. ഇത് ശാസ്ത്രലോകത്തിന് നൽകുന്ന കരുത്ത് ചെറുതല്ല എന്ന് ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയിലെ ജിയോ സയന്റിസ്റ്റ് അലസ്സാൻഡ്രോ നോവെല്ലിനോ പറഞ്ഞു.
നേപ്പാളിൽ മാത്രമല്ല, ബ്രിട്ടനിലും ഇത്തരത്തിൽ മൂന്ന് ലക്ഷം ചരിവുകൾ എ.ഐ നിരീക്ഷണത്തിലാണ്. ഇതിൽ 3,000 ഇടങ്ങളിൽ ഭൂമിക്ക് നേരിയ ചലനമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഭാവിയിലെ വലിയ അപകടങ്ങളുടെ സൂചനയാകാം. ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ 4,000-ത്തിലധികം അപകട മേഖലകൾ എ.ഐ സഹായത്തോടെ അതിവേഗം മാപ്പ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. നിലവിൽ സ്വിസ് ആൽപ്സ് പർവതനിരകളിൽ മഞ്ഞുവീഴ്ച കണ്ടെത്തുന്നതിനായി വെബ്ക്യാമുകളും എ.ഐയും സമന്വയിപ്പിച്ചുള്ള പരീക്ഷണങ്ങൾ നടന്നു വരികയാണ്.
സാങ്കേതികവിദ്യ പുരോഗമിക്കുമ്പോഴും എ.ഐയുടെ കണ്ടെത്തലുകൾ കൃത്യമാണെന്ന് ഉറപ്പുവരുത്താൻ മനുഷ്യന്റെ ഇടപെടൽ അത്യാവശ്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കിംടാങ് പോലെയുള്ള ഗ്രാമങ്ങളിൽ സുരക്ഷിതമായ ഒഴിഞ്ഞുപോക്ക് പാതകൾ ഒരുക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഈ എ.ഐ ഭൂപടങ്ങൾ വഴി സാധിക്കും. ഭൂമിയിലെ അദൃശ്യമായ ചലനങ്ങൾ തിരിച്ചറിയുന്നതിലൂടെ വരാനിരിക്കുന്ന വലിയ ദുരന്തങ്ങളിൽനിന്ന് ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

