സി.ഇ.ഒയെ പുറത്താക്കിയതിന് പിന്നാലെ ഓപ്പൺഎ.ഐ സഹസ്ഥാപകൻ കമ്പനി വിട്ടു
text_fieldsവാഷിങ്ടൺ: ഓപ്പൺഎ.ഐ സി.ഇ.ഒ സാം ആൾട്ട്മാനെ പുറത്താക്കിയതിന് പിന്നാലെ സഹസ്ഥാപകനും കമ്പനി വിട്ടു. ഗ്രേക് ബ്രോക്മാനാണ് കമ്പനിയിൽ നിന്നും രാജി പ്രഖ്യാപിച്ചത്. ആൾട്ട്മാന്റെ പുറത്താക്കൽ ടെക് ലോകത്ത് വലിയ ഞെട്ടൽ ഉണ്ടാക്കിയതിന് പിന്നാലെയാണ് സഹസ്ഥാപകനും കമ്പനിയിൽ നിന്നും പടിയിറങ്ങുന്നത്.
എട്ട് വർഷങ്ങൾക്ക് മുമ്പ് എന്റെ അപ്പാർട്ട്മെന്റിൽ ആരംഭിച്ച ദൗത്യത്തിൽ ഞങ്ങൾ ഒരുമിച്ച് നേടിയെടുത്ത നേട്ടങ്ങളിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ച കുറിപ്പിൽ പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് നല്ല സമയത്തിലൂടെയും മോശം സമയത്തിലൂടെയും കടന്നുപോയി. അസാധ്യമായ പലതിനേയും ഞങ്ങൾ സാധ്യമാക്കി. എന്നാൽ, ഇന്നത്തെ വാർത്തയുടെ അടിസ്ഥാനത്തിൽ ഇതിൽ നിന്നും പിന്മാറുകയാണെന്ന് ബ്രോക്മാൻ പറഞ്ഞു.
കമ്പനി ബോർഡിന് വിശ്വാസം നഷ്ടമായതിനെ തുടർന്നാണ് സി.ഇ.ഒ സ്ഥാനത്ത് നിന്ന് ആൾട്ട് മാനെ മാറ്റാനുള്ള തീരുമാനമെടുക്കുന്നതെന്ന് ഓപ്പൺഎ.ഐ വിശദീകരിച്ചിരുന്നു. ഓപ്പൺഎ.ഐയുടെ ചീഫ് ടെക്നോളജി ഓഫീസർ മിറ മൂർത്തിയായിരിക്കും കമ്പനിയുടെ ഇടക്കാല സി.ഇ.ഒ.
കമ്പനി ബോർഡിന്റെ നിരവധി വിലയിരുത്തലുകൾക്ക് ശേഷമാണ് അൾട്ട്മാൻ പുറത്തേക്ക് പോകുന്നത്. ബോർഡുമായുള്ള ആശയവിനിമയത്തിൽ ആൾട്ട്മാൻ സ്ഥിരതപുലർത്തിയിരുന്നില്ല. ഈയൊരു സാഹചര്യത്തിൽ ഓപ്പൺഎ.ഐയെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ കമ്പനി ബോർഡിന് വിശ്വാസം നഷ്ടപ്പെട്ടുവെന്നും അതിനാലാണ് പുറത്താക്കുന്നതെന്നും ബ്ലോഗിൽ പറയുന്നു.
ആൾട്ട്മാൻ ഓപ്പൺഎ.ഐയുടെ സാരഥ്യം ഏറ്റെടുത്തതിന് ശേഷം കമ്പനി വലിയ വളർച്ച രേഖപ്പെടുത്തിയിരുന്നു. ഓപ്പൺഎ.ഐയുടെ ഉടമസ്ഥതയിലുള്ള ചാറ്റ്ജിപിടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിൻസിൽ ചാറ്റ്ജി.പി.ടിയുടെ വളർച്ചയിൽ ആശങ്കയും ഉയർന്നിരുന്നു. ആൾട്ട്മാന്റെ പടിയിറക്കം ചാറ്റ്ജിപിടിയെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.