ക്രിപ്റ്റോകറൻസി ഇന്ത്യയിൽ നിയമ വിധേയമാകുമോ? കേന്ദ്രം നയം മാറ്റിയേക്കുമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഡിജിറ്റൽ കറൻസി വ്യാപകമാക്കാനുള്ള തീവ്രയജ്ഞം പുരോഗമിക്കുമ്പോഴും, ക്രിപ്റ്റോകറൻസിക്ക് രാജ്യത്ത് നിയമസാധുത നൽകാൻ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല. വിദേശത്തെ ക്രിപ്റ്റോകറൻസികളിൽ വ്യാപാരം നടത്തുന്നവർക്ക് വലിയ നികുതി അടക്കേണ്ട സാഹചര്യവുമാണുള്ളത്. എന്നാൽ ഇക്കാര്യത്തിൽ വൈകാതെ മാറ്റമുണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രിപ്റ്റോകറൻസിയോടുള്ള സമീപനത്തിൽ വന്ന മാറ്റമാണ് ഇന്ത്യയേയയും മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. യു.എസിൽ ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ക്രിപ്റ്റോകറൻസിക്ക് അനുകൂല തീരുമാനം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ബിറ്റ്കോയിന് മൂല്യം ഒരുലക്ഷം ഡോളർ കടന്നു. സ്വന്തം പേരിൽ ട്രംപ് മീം കോയിൻ തുടങ്ങുകയും ചെയ്തിരുന്നു.
“ക്രിപ്റ്റോകറൻസിയേക്കുറിച്ച് നേരത്തെ സ്വീകരിച്ച നിലപാട് മാറ്റാൻ കേന്ദ്രം തയാറായേക്കും. ഒന്നോ രണ്ടോ സമിതികൾ ക്രിപ്റ്റോകറൻസി ഉപയോഗം, സ്വീകാര്യത, ക്രിപ്റ്റോ ആസ്തികളുടെ പ്രാധാന്യം എന്നിവയിൽ നിലപാട് മാറ്റിക്കഴിഞ്ഞു. വിഷയം വീണ്ടും സർക്കാരിന് മുന്നിൽ ചർച്ചക്ക് വരും” -ഇന്ത്യയുെട ധനകാര്യ സെക്രട്ടറി അജയ് സേത്തിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് (എഫ്.ഐ.യു) ക്രിപ്റ്റോ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. 2023 ഡിസംബറിൽ ബിനാൻസ്, കുകോയിൻ, എന്നിവയുൾപ്പെടെ ഒമ്പത് ഓഫ്ഷോർ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇവയെ വിലക്കി, ഇന്ത്യയിൽ യു.ആർ.എൽ ഉൾപ്പെടെ ബ്ലോക്ക് ചെയ്യണമെന്നും എഫ്.ഐ.യു ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസും ക്രിപ്റ്റോകറൻസി ഇന്ത്യയിൽ വരുന്നതിനെ എതിർത്തിരുന്നു. ഊഹക്കച്ചവടത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ക്രിപ്റ്റോയെന്നും ചൂതാട്ടത്തിന്റെ മറ്റൊരു രൂപമാണെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ ആഗോള സമ്പദ്വ്യവസ്ഥയിൽ ക്രിപ്റ്റോകറൻസിക്ക് പ്രാധാന്യമേറുന്ന പശ്ചാത്തലത്തിൽ ഇന്ത്യ മാറ്റങ്ങൾക്ക് തയാറാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

