ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ‘ദേശവിരുദ്ധ’ ഉള്ളടക്കം നിരീക്ഷിക്കാൻ കേന്ദ്ര നിർദേശം
text_fieldsന്യൂഡൽഹി: ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ 'ദേശവിരുദ്ധ' ഉള്ളടക്കം നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും എൻ.ഐ.എ ഉൾപ്പടെയുള്ള സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഓവർ ദി ടോപ് (ഒ.ടി.ടി) സേവനങ്ങൾ എന്നിവയിലെ ഉള്ളടക്കം നിരീക്ഷിക്കുന്നതിന് സുരക്ഷാ ഏജൻസികൾക്ക് കർശന നിർദേശങ്ങൾ നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 'ദേശവിരുദ്ധ'മായി കണക്കാക്കപ്പെടുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവരുടെ ഉറവിടം കണ്ടെത്താനും റിപ്പോർട്ട് ചെയ്യാനും പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
2021ലെ ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും അനുസരിച്ച് സോഷ്യൽ മീഡിയ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ഈ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനും അവയുടെ ഉറവിടം ട്രാക്ക് ചെയ്യാനും ബാധ്യസ്ഥമാണ്. ഈ നിർദേശങ്ങൾ പാലിക്കാത്ത പക്ഷം പ്ലാറ്റ്‌ഫോമുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. കേന്ദ്രനീക്കം ഓൺലൈൻ സ്വാതന്ത്ര്യത്തിനും അഭിപ്രായപ്രകടനത്തിനും മേലുള്ള നിയന്ത്രണമായി വിമർശിക്കപ്പെട്ടിട്ടുണ്ട്.
'ദേശവിരുദ്ധ' ഉള്ളടക്കത്തിന്റെ നിർവചനം അവ്യക്തമാണെന്നും ഇത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും നിരീക്ഷകർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ദേശീയ സുരക്ഷ ഉറപ്പാക്കാനും തെറ്റായ വിവരങ്ങൾ തടയാനും നടപടി ആവശ്യമാണെന്ന് സർക്കാർ വ്യക്തമാക്കി. നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഏജൻസികൾക്ക് പ്ലാറ്റ്‌ഫോമുകളുമായി സഹകരിക്കാനും തത്സമയ നിരീക്ഷണം ശക്തിപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

