ഇ-മെയിലിലെ 'അക്ഷരത്തെറ്റ്' ശ്രദ്ധിച്ചില്ല; വ്യാപാരിക്ക് നഷ്ടമായത് ഒരു കോടി, പാതിയിലേറെ തിരിച്ചുപിടിച്ച് സൈബർ സെൽ
text_fieldsവ്യാപാരിയെ കബളിപ്പിച്ച് സൈബർ കുറ്റവാളികൾ കവർന്നത് ഒരു കോടി രൂപ. ലാർസൻ ആൻഡ് ടൂബ്രോ (Larsen & Toubro - L&T) എന്ന കൺസ്ട്രക്ഷൻ കമ്പനിയുമായുള്ള ഇടപാടിന്റെ ഭാഗമായി ഓൺലൈനായി പണമടച്ചപ്പോഴാണ് ഒരു കോടി രൂപ നഷ്ടമായത്. പിന്നാലെ മുംബൈ സ്വദേശിയായ വ്യാപാരി സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
ഒരു ക്ലയന്റ് കമ്മ്യൂണിക്കേഷൻ ഇ-മെയിൽ ഐ.ഡി മുഖേന എൽ & ടി എന്ന കമ്പനി പങ്കുവെച്ച അക്കൗണ്ടിലേക്ക് പരാതിക്കാരൻ ജൂണിൽ അഞ്ച് കോടി രൂപ പ്രാഥമികമായി അടച്ചിരുന്നു. ബാക്കി തുക കൈമാറുന്നതിനുള്ള നിർദേശവുമായി മറ്റൊരു ഇ-മെയിൽ കൂടി വരികയും അതുപ്രകാരം പണം അടയ്ക്കുകയും ചെയ്തു. എന്നാൽ, അത് വ്യാജ ഇ-മെയിൽ ആണെന്ന് തിരിച്ചറിയാൻ വൈകിയിരുന്നു.
പണമടച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം കമ്പനിയിൽ നിന്നുള്ള വസ്തു വ്യാപാരിക്ക് ലഭിച്ചിരുന്നു. എന്നാൽ കുടിശ്ശിക അടയ്ക്കുന്നതിന് മുമ്പായി, പണമടക്കുന്നതിനുള്ള അക്കൗണ്ടുകൾ മാറിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വ്യാജ ഐഡിയിൽ നിന്ന് അദ്ദേഹത്തിന് ഇമെയിൽ വന്നു.
'Larsen' എന്നതിന് പകരം, മെയിലിൽ കമ്പനിയുടെ പേര് 'Lasren' എന്നായിരുന്നു നൽകിയിരുന്നത്. ''പണം നൽകുന്നതിന് മുമ്പ് അദ്ദേഹം എൽ & ടി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ പരിശോധിച്ചിരുന്നില്ല. തട്ടിപ്പുകാരൻ യഥാർത്ഥ അക്കൗണ്ടിന് സമാനമായ ഒരു ഇമെയിൽ സൃഷ്ടിക്കുകയായിരുന്നു," - മുംബൈ പൊലീസിന്റെ സൈബർ സെൽ ഓഫീസർ പറഞ്ഞു.
പരാതിക്കാരനോട് 1.5 കോടി രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ട രണ്ട് ബാങ്ക് അക്കൗണ്ടുകൾ ഇ-മെയിലിൽ പരാമർശിച്ചിരുന്നു. "ജൂലൈ മൂന്നിന്, അദ്ദേഹം ആകെ ഒരു കോടി രൂപയുടെ രണ്ട് പേയ്‌മെന്റുകൾ നടത്തിയിട്ടുണ്ട്. അതിൽ നിന്ന് 61 ലക്ഷം രൂപയുടെ ഇടപാട് ഞങ്ങൾക്ക് തടയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, ബാക്കിയുള്ള 39 ലക്ഷം രൂപ പ്രതികൾ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും'' ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂലൈ ഏഴിന് ആരംഭിച്ച അന്വേഷണത്തിൽ, ക്രിമിനൽ റെക്കോർഡുകളൊന്നുമില്ലാത്ത നാലംഗ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് സൈബർ സെൽ കണ്ടെത്തുകയും ചെയ്തു. ഇന്ദ്രേഷ് പാണ്ഡെ (30) എന്നയാളാണ് മുഖ്യ സൂത്രധാരൻ. ജൂലൈ മുതൽ ഇയാൾ ഒളിവിലാണ്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് സൈബർ സെൽ. പാണ്ഡെയുടെ കൂട്ടാളികളായ ഭുവനേശ്വർ ശർമ്മ, ഹേമന്ത് സുലിയ, അഭയ് പതിവാർ എന്നിവരെ സൈബർ സെൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പണി ഇ-മെയിൽ ബോക്സിലൂടെയും; എന്താണ് രക്ഷ..?
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ സൈറ്റുകളിലും ബാങ്കിങ് ആപ്പുകളിലുമടക്കം ഒരുപാട് ഓൺലൈൻ സേവനങ്ങളിലേക്ക് പ്രവേശനം നേടാൻ നാം ഇ-മെയിൽ ഐ.ഡി ഉപയോഗിക്കാറുണ്ട്. അത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മെയിൽ ഐഡികൾ ഒരിക്കലും അപ്രധാനമായ കാര്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക.
ഓൺലൈൻ ഗെയിമുകളിൽ ലോഗ്-ഇൻ ചെയ്യാനും ഇലക്ട്രോണിക് ഷോപ്പുകളിൽ ഓണം ബംപർ പ്രൈസിനായുള്ള കൂപ്പണുകളിലുമൊക്കെ കൊടുക്കാൻ രണ്ടാമതൊരു മെയിൽ ഐ.ഡി നിർമിക്കുക. അതിലൂടെ ഇ-മെയിൽ ഇൻബോക്സ് ക്ലീനായി സൂക്ഷിക്കാം. ഒപ്പം അപകടങ്ങൾ പതിയിരിക്കുന്ന ഫിഷിങ് - തട്ടിപ്പ് ഇ-മെയിലുകളിൽ നിന്ന് രക്ഷനേടുകയും ചെയ്യാം.
നിങ്ങളുടെ ജി-മെയിൽ ബോക്സിലേക്ക് വരുന്ന മെയിലുകളുടെ നോട്ടിഫിക്കേഷനുകൾ കൃത്യമായി വായിച്ചതിന് ശേഷം മാത്രം അവ തുറക്കുക. ബാങ്കുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളിൽ ബാങ്കിന്റെ പേര് കൃത്യമായി കൊടുത്തിട്ടുണ്ടോ എന്നുള്ളതും പരിശോധിക്കുക. ഇ-മെയിലിനുള്ളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴും ഒന്നിൽ കൂടുതൽ തവണ പരിശോധിച്ച് ഉറപ്പുവരുത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.